Tuesday, January 26, 2010

"ആദ്യത്തെ രാത്രി ........."

കുറിപ്പ്: യുവകോമളന്മാരും തരുണീമണികളും അനാവശ്യ പ്രതീക്ഷകളോടെ ഈ സംഭവവികാസങ്ങളിലേക്ക് കൂപ്പു കുത്തുന്നതിനു മുന്‍പ്, ഒരു മുന്‍‌കൂര്‍ ജാമ്യം. ഇത് ഞാന്‍ ഒറ്റയ്ക്ക് ഒരു വന സമാനമായ സ്ഥലത്ത് താമസം തുടങ്ങിയതിനെ കുറിച്ചുള്ള കഥയാണ്. ‍


വളരെക്കാലമായി മടിവാള എന്ന സ്ഥലത്ത് താമസിച്ചു മടുക്കുകയും , എന്നെയും എന്റെ സഹമുറിയന്‍ രമേശ്‌ അവര്കളെയും ഞങ്ങളുടെ വീട്ടുടമസ്ഥ വട-യക്ഷി മടുക്കുകയും ചെയ്തതിന്റെ അനന്തര ഫലമായി ഉണ്ടായ ഒരു തോന്നലില്‍ നിന്നാണ് ദൃശ്യം തുടങ്ങുന്നത്. വട-യക്ഷിയുടെ അമിതമായ സ്നേഹപ്രകടനം ശകാരങ്ങളിലൂടെ എല്ലാ പ്രഭാതങ്ങളിലും ഗായത്രീ മന്ത്രം പോലെ കേള്‍ക്കേണ്ടി വരാറ് , താഴെ കൊടുത്തിരിക്കുന്ന ചില നിസ്സാര കാരണങ്ങള്‍ കൊണ്ടാണ്.



ഒന്ന്: ഞാന്‍ ജോലി കഴിഞ്ഞു രാത്രി പത്തു മണിക്ക് ശേഷം വരുമ്പോള്‍ എന്റെ നിഷ്കളങ്കനായ ഇരു ചക്ര വാഹനത്തിന്റെ പ്രകാശം ജനലില്‍ കൂടെ അകത്തേക്ക് പ്രവേശിക്കുന്നു. തല്‍ഫലമായി ആ സ്ത്രീ ജനത്തിന്റെ പേരക്കുട്ടിക്ക്‌ ഉറങ്ങാന്‍ നിര്‍വാഹമില്ല . ന്യായം !!. "പരാക്രമം സ്ത്രീകളോടല്ല വേണ്ടു " എന്ന് വിശ്വസിക്കുന്ന ഈ മഹാമനസ്കന്‍, പിന്നീടുള്ള ദിവസങ്ങളില്‍ വീടിന്റെ ഏഴു അയല്‍പക്കത്ത്‌ വരുമ്പോള്‍ തന്നെ ചില ആധുനിക നാടകങ്ങളിലെ പോലെ "ശബ്ദവും-വെളിച്ചവും" ഇല്ലാതെ പതിയെ അകത്തേക്ക് കടക്കാന്‍ തുടങ്ങി. ഒരു തീപ്പൊരി പ്രശ്നത്തിന് അങ്ങനെ വിരാമമായി.



രണ്ടു : ഞങ്ങളുടെ അയല്‍ക്കാര്‍ കുറെ യുവ - തമിഴ് വിദ്വാന്മാരാന്. അവര്‍ " ഡാഡി മമ്മി വീട്ടില്‍ ഇല്ല....." എന്ന് തുടങ്ങുന്ന അതി മനോഹരമായ ഗാനം ദേശീയ ഗാനം പോലെ പല തവണ വയ്ക്കുമ്പോള്‍ ഒട്ടും കുറക്കാതെ "പാടില്ല പാടില്ല നമ്മെ നമ്മള്‍ ....." എന്ന ചങ്ങമ്പുഴ കവിതയും "വേണ്ട മോനെ വേണ്ട മോനെ ..." എന്ന സ്വപ്നക്കൂട് ഗാനവുമൊക്കെ സാമാന്യം ഭേദപ്പെട്ട സ്വരത്തില്‍ വയ്ക്കാറുണ്ട്. ഇത് വട-യക്ഷി പല ദിവസം നോട്ട് ചെയ്തു , അവസാനം "മകാ നിമ്പക്ക് നമ്മെ കൊത്തില്ല . TV വോളിയം ജാസ്തി " എന്നങ്ങു കാച്ചി. "വീട്ടില്‍ നല്ല ആണുങ്ങള്‍ ഇല്ലാത്തതിന്റെ കേടാണ് " എന്ന്‍ ഞാനും സഹമുറിയനും കൂടി രഹസ്യം പറഞ്ഞു . ഇതൊക്കെ ആണെങ്കിലും എന്ത് പറഞ്ഞാലും ധൈര്യം വിടാതെ ഞങ്ങള്‍ വിദേശികളെ പോലെ "യാ യാ " "യാ യാ" എന്ന് പറഞ്ഞു അങ്ങ് കേട്ട് നില്‍ക്കും. ശരീരം നമ്മുടെ ആയതു കൊണ്ടും , 'അടി' ശ്രമിച്ചാല്‍ നാട്ടിലും കിട്ടുന്ന അസംസ്കൃത സാധനം ആണെന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടും കടിച്ചു പിടിച്ചു "യാ യാ"എന്ന ആരോഗ്യ മന്ത്രം ഉരുവിട്ട് അങ്ങ് നില്‍ക്കും !!!. അടുത്ത തീപ്പോരിയിലും വെള്ളം ഒഴിച്ച് കഴിഞ്ഞു .



മൂന്നു: ഒമ്പത് മണിക്ക് മുന്‍പ് ഉറങ്ങി എഴുന്നേല്‍ക്കുന്നത്‌ രാജ്യ ദ്രോഹ കുറ്റം പോലെ ഭീകരമാണെന്ന് വിശ്വസിച്ചിരുന്ന കാലം. രാവിലെ ഉടുമുണ്ട് തപ്പി എടുത്തു, കുളി , തേവാരം ഇത്യാദി കര്‍മങ്ങളെല്ലാം കഴിച്ചു ജമ്പനും തുമ്പനും സ്റ്റൈലില്‍ ബൈക്കില്‍ കയറി ഓഫീസിലേക്ക് പായുന്നതാണ് ശീലം. സംഭവ ദിവസം രാവിലെ പണി കിട്ടി. വെള്ളം ഇല്ല. മോട്ടോര്‍ കേടാണ്. കുളിക്കാതെ പോയാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി വട-യക്ഷി കാണിച്ചു തന്ന ടാങ്കില്‍ നിന്നും രണ്ടു ബക്കറ്റ്‌ വെള്ളം എടുക്കാന്‍ തീര്‍ച്ചപെടുത്തി. വെള്ളം കോരി "കുമു കുമാന്നു"ബക്കറ്റ്‌ ലേക്ക് കമിഴ്ത്തി പോകാന്‍ തിരിയുമ്പോള്‍ ആണ് ഒരു കുളിര് കോരുന്ന വിളി "Gentle മാന്‍....Gentle മാന്‍ ".!! .

ഞാന്‍ ഒരു തരള ഹൃദയന്‍ ആണെന്ന് ബോധ്യമുണ്ടെങ്കിലും മറ്റുള്ളവര്‍ വിളിക്കുമ്പോള്‍ രോമാഞ്ചം വരും എന്നത് വാസ്തവം. വട-യക്ഷി യുടെ ആവശ്യം വളരെ നിസ്സാരം. എന്റെ അത്ര ഉയരമുള്ള ടാങ്കില്‍ നിന്നും ഞാന്‍ അവര്‍ക്ക് കുറച്ചു വെള്ളം കോരി കൊടുക്കണം. ചെറു കയറിന്റെ അറ്റത് കെട്ടിയ നീല ബക്കറ്റ്‌ ആണ് പണി ആയുധം. കമിഴ്ന്നു കിടന്നു കോരുന്നത് സ്വല്പം കഷ്ടപാടാണ്.!!! വട-യക്ഷി അമ്പത് അമ്പത്തഞ്ചു വയസ്സ് പ്രായം വരുന്ന മഹിള ആയതു കൊണ്ടും, മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന് രണ്ടാം ക്ലാസ്സിലെ ടീച്ചര് പലവുരു പറഞ്ഞിട്ടുള്ളത് കൊണ്ടും ഞാന്‍ വെള്ളം കോരല്‍ തുടങ്ങി. ഏകദേശം പത്തു മിനിറ്റ് സമയം ആവേശത്തോടെ "കോരല്‍" മാമാങ്കം . ഭഗവാനെ..ആരോ വീക്നെസ്സില്‍ പിടിച്ചു...അടുത്ത വിളി, "മകാ...മകാ..." അടുത്ത വീട്ടിലെ ആന്റിയാണ്. അവര്‍ക്കും കൊടുത്തു രണ്ടു ബക്കറ്റ്‌. ഒരു വലിയ സാമൂഹ്യ സേവനം പുലര്‍ച്ചയില്‍ തന്നെ ചെയ്യാന്‍ അവസരം തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞു കുളി തുടങ്ങി.......



ഏകദേശം രാത്രി പത്ത് മണി. ജോലിയൊക്കെ ഒതുക്കി പതുക്കെ വീട്ടിലേക്കു പോയാലോ എന്നൊക്കെ ആലോചിച്ചു ഇരിക്കുമ്പോല് "റിംഗ് ടോന്ഗ് , റിംഗ് ടോന്ഗ്, തട്ട റിട്ട തട്ട റിട്ട.". മൊബൈല്‍ റിംഗ് ചെയ്യുന്നു. സഹമുറിയന്‍ ആണ്. പാവം ഇന്നും നേരത്തെ വീട്ടില്‍ എത്തി. കഞ്ഞിയും കറിയും വയ്ക്കാനുള്ള ഭാഗ്യം മാന്യ അദ്ദേഹത്തിന് ആണ് . എന്റെ പ്രിയപ്പെട്ട പയര്‍കൂട്ടാന്‍ തന്നെ വയ്പിക്കണം എന്നൊക്കെ വിചാരിച്ചു ഫോണ്‍ ചെവിയിലേക്ക്. ഒറ്റ ചോദ്യം ,ഒറ്റ ഉത്തരം.


"നീ രാവിലെ ടാപ്പ് അടച്ചിരുന്നോ? "


"ഹ്മ്മ്മം.(ആലോചന).....അങ്ങോട്ട്‌ ഓര്മ കിട്ടുന്നില്ല. " . സ.മു ഒന്നും പറയാതെ നിര്‍ദാക്ഷിണ്യം കട്ട്‌ ചെയ്തു.

സംഭവിച്ചു കാണാവുന്നതിനെ പറ്റി ഒരു ഏകദേശ ധാരണ കിട്ടി എങ്കിലും , വച്ച് പിടിച്ചു വീട്ടിലേക്കു.....


ആദ്യം കണ്ട കാഴ്ച തന്നെ ഹൃദയ ഭേദകമായിരുന്നു. സ.മു വിന്റെ ബെഡ് നനഞ്ഞു കുളിച്ചു പുറത്തു കിടക്കുന്നു. അയ്യോ പാവം. കുറ്റബോധം സര്‍ CP ജനകീയ പ്രസ്ഥാനക്കാരോട് ചെയ്തത് പോലെ മനസ്സിനെ ചവുട്ടി നോവിച്ചു. ആ നോവൊരു ഞെട്ടല്‍ ആയി മാറാന്‍ ഉള്ളിലെക്കൊന്നു കണ്ണ് ഓടിക്കെണ്ടാതായെ വന്നുള്ളൂ. മുറിയില്‍ യാതൊരു നാണവും ഇല്ലാതെ നനഞ്ഞു കുളിച്ചു കിടക്കുന്നു എന്റെ കിടപ്പുപകരണം അഥവാ ബെഡ്. പേടിക്കാനില്ല മുട്ടൊപ്പം വെള്ളം ഉണ്ട്. വട-യക്ഷി കണ്ടാല്‍ , പണത്തോടുള്ള അത്യാര്‍ത്തി മൂലം "സ്വിമ്മിംഗ് പൂള്‍" ആക്കിയെക്കാനും സാധ്യത ഉണ്ട്.

മുട്ടൊപ്പം വെള്ളം. അതിനു മുകളില്‍ കസേരയില്‍ കൂനി കൂടി ഇരുന്നു TV കാണുകയാണ് നമ്മുടെ "ആജാനുബാഹു " എന്ന് സ്വയം വിശേഷിപിക്കുന്ന സഹവാസി . മുട്ടന്‍ കലിപ്പ് ആണ്. ഒന്നും ഉരിയാടുന്നില്ല. എങ്ങനെ ആകാതിരിക്കും. വട-യക്ഷി പറഞ്ഞത് മുഴുവന്‍ ഒരു നാണവും ഇല്ലാതെ കേട്ട് നില്‍ക്കാനുള്ള മന കട്ടി കാണിച്ചത് അധെഹമാനല്ലോ . കൂടാതെ എന്റെയും അധെഹതിന്റെയുമായി മുറിയില്‍ രണ്ടു Bachelor's ന്റെ അടുക്കും ചിട്ടയുമായി വലിച്ചു വാരി ഇട്ടിരുന്ന സകലമാന സാധനങ്ങളും ഭാരവും സ്വഭാവ ഗുണവും അനുസരിച്ച് പൊങ്ങിയും താനും കിടക്കുന്നു. അതില്‍ സ.മു വിന്റെ ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. "ഒന്ന് ടാപ്പ്‌ അടക്കാന്‍ മറന്നതിനു ഇത്ര ശിക്ഷ വേണോ കൃഷ്ണാ" എന്ന് പറഞ്ഞു കിടക്കാന്‍ ഒരിഞ്ചു സ്ഥലം നോക്കി. നോ രക്ഷ!. ആജാനുബാഹു എന്നെ ഒരു ഇരുത്തിയ നോട്ടം നോക്കിയിട്ട് മുന്‍പില്‍ കൂടി കടന്നു പോയി. ഷെല്‍ഫില്‍ ഉള്ള കുറെ പത്ര കെട്ടുകള്‍ നിരത്തി നിലത്തു ഇട്ടു. ശരശയ്യയില്‍ ഭീഷ്മ പിതാമാഹനെന്ന പോലെ ചുരുണ്ട് കൂടി ഒറ്റ കിടപ്പ്. "അമ്പട ബുദ്ധിമാനെ " എന്ന് വിചാരിച്ചു ഓടി പോയി ഞാനും നോക്കി , ഇല്ല ഒരൊറ്റ പേപ്പര്‍ കാണാനില്ല. രണ്ടു മണി വരെ ഇരുന്നു TV കണ്ടു. ഉറക്കം സഹിക്കുന്നില്ല. അപ്പോഴാണ്‌ പല തവണയായി മനസ്സില്‍ ഉള്ള ഒരു ആഗ്രഹം പുറത്തു വന്നത്. ടെറസ്സില്‍ പോയി കിടക്കാം. അതാകുമ്പോ കാറ്റും കൊണ്ടങ്ങു ഉറങ്ങാം . "ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് " എന്ന് പറഞ്ഞത് പോലെ വച്ച് പിടിച്ചു Terrace
ലേക്ക്. ഇത് കൊള്ളാം. ഉര്‍വശി ശാപം ഉപകാരമായി . ആകാശത്തില്‍ വേറെ പണി ഒന്നും ഇല്ലാതെ മിന്നി കളിക്കുന്ന നക്ഷത്രങ്ങളോട് ഞാന്‍ വിളിച്ചു പറഞ്ഞു "ഇന്ന് ഞാന്‍ ഉറങ്ങി തകര്‍ക്കും മോനേ...."ലൈഫ് ഈസ്‌ ബൌടിഫുള്‍ ".

ഒരു പതിനഞ്ചു മിനിറ്റ് കണ്ണടച്ച് കാണണം. കാലില്‍ സുഖകരമായ ഒരു തണുപ്പ്. ആരോ നക്കി തുടക്കുകയാണ്. ഈശ്വരാ വല്ല യക്ഷിയുമാണോ. ഒരു കണ്ണടച്ച് പതിയെ താഴേക്കു നോക്കി. സമാധാനം. വട-യക്ഷിയുടെ വീട്ടു കാവല്‍ക്കാരനാണ്. ഞാന്‍ വല്ലപ്പോഴും കൊടുക്കുന്ന ചിക്കന്‍ ബിരിയാണിയിലെ എല്ലിന്‍ കശ്നങ്ങള്‍ക്കുള്ള സ്നേഹം കാണിക്കാന്‍ വന്നിരിക്കുകയാണ് ഈ പാതി രാത്രിയില്‍. ഇതിനൊന്നും ഉറക്കം ഇല്ലേ...മൈന്‍ഡ് ചെയ്യണ്ട, ഉടുത്തിരുന്ന മുണ്ട് കൂടി എടുത്തു തലയിലൂടെ ഇട്ടു ഒന്ന് കൂടി ചുരുണ്ട്. പട്ടി വിടുന്ന മട്ടില്ല. നക്കി നക്കി മുകളിലേക്ക് വരുകയാണ്. മുട്ടിനു മുകളിലെത്തിയപ്പോള്‍, ഒരു പ്രകൃതി വിരുദ്ധ നിലപാട് ഉണ്ടായേക്കാനുള്ള സാധ്യത തള്ളി കളയാതെ ചാടി എണീറ്റ്‌ മുറിയിലേക്ക് ഓടി ;കലികാലം !!!??. കതകു നന്നായി പൂട്ടിയിട്ടു മൂപ്പര്‍ കിടന്നു നല്ല ഉറക്കമാണ്.

"മുട്ടുവിന്‍ തുറക്കപെടും " എന്നാ വിശ്വാസത്തില്‍ മുട്ട് തുടങ്ങി. ജീവിതത്തില്‍ ഇതേ വരെ ഇങ്ങനെ ഭംഗി ആയി ഉറങ്ങിയിട്ടില്ലെന്ന വണ്ണം അദ്ദേഹം നല്ല ഉറക്കമാണ്. ഒരു മണിക്കൂറത്തെ ശ്രമഫലമായി കൊട്ടാരവാതില്‍ പതിയെ തുറന്നു. ടാങ്കിലെ വെള്ളം മുഴുവന്‍ എന്റെ റൂമില്‍ ഉണ്ടെങ്കിലും കുളിക്കാന്‍ ഒരു തുള്ളി വെള്ളം വീട്ടിലില്ല. സമയം നാലുമണി. അങ്ങനെ എന്റെ മൂന്നു വര്‍ഷത്തെ ശീലം കാറ്റില്‍ പരത്തി കൊണ്ട്, കിട്ടിയ കളസവും, ഒരു പേസ്റ്റ് ഉം ബ്രുഷും, മറ്റു ചില അവശ്യ സാധനങ്ങളുമായി പുലര്‍ കാലേ ഓഫീസിലേക്ക് കുതിച്ചു. അഞ്ചു മണിക്ക് എണീക്കുന്ന വട-യക്ഷിയില്‍ നിന്നും രക്ഷപെടെണ്ട ഉത്തരവാദിത്വം എന്നില്‍ മാത്രം നിക്ഷിപ്തമാനല്ലോ. !!. പാവം സുഹൃത്തിനെ വീണ്ടും വീണ്ടും ആ കരാള ഹസ്തങ്ങളിലേക്ക് വലിചെരിയെണ്ടി വന്നതിന്റെ കുറ്റബോധം ഇല്ലാതില്ല. എങ്കിലും ആ പരോപകാരി ഒരു യൂദാസിനെ പോലെ എന്നെ കാണിച്ചു കൊടുത്തിട്ടുണ്ടെന്നു അദ്ധേഹത്തിന്റെ അന്നേ ദിവസം ആകെ സംസാരിച്ച മൂന്നു വാക്യത്തില്‍ നിന്നും മനസ്സിലാക്കാം.

"നീയാണ് ടാപ്പ്‌ തുറന്നതെന്ന് പറഞ്ഞിട്ടുണ്ട്" .

"തള്ള രാവിലെ നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്" .

"ഇതേ ടാങ്കില്‍ നിന്നും വെള്ളമെടുക്കുന്ന വട-യക്ഷി അടക്കമുള്ള അഞ്ചു വീട്ടുകാരോട് സമാധാനം പറഞ്ഞിട്ടുണ്ട്".

എന്റെ അപകടാവസ്ഥയെ മുന്‍ക്കൂട്ടി മനസ്സിലാക്കി മുങ്ങുന്നതാണ് എന്റെ കര്നപുടങ്ങള്‍ക്ക് നല്ലതെന്ന തീരുമാനത്തില്‍ വളരെ വേഗം എത്തുകയാനുണ്ടായത് .Gymnasiumത്തിലെ മെമ്ബെര്ഷിപ് കാര്‍ഡ്‌ ഉള്ളത് കൊണ്ട് "ഫ്രഷ്‌ " ആവുന്ന പരിപാടി ഓസില്‍ നടക്കും . അഞ്ചു മണി ആയതേ ഉള്ളു. ചില അവാര്ഡ് സിനിമകളിലെ നായകനെ പോലെ, താടിയില്‍ കയ്യും കൊടുത്തു ഒരു മണിക്കൂര്‍ കണ്ണില്‍ എന്നാ ഒഴിച്ച് കാത്തിരുന്നു. അവസാനം ദൈവ ദൂതനെ പോലെ കയ്യില്‍ കുറെ താക്കൊലുകലുമായി അയാള്‍ വന്നു.

രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ട് റൂമില്‍ കിടക്കാം എന്നാ അവസ്ഥയായി. എട്ടു മുറികളുള്ള ,ഒരു നൂറു കൊല്ലം എങ്കിലും പഴക്കം ചെന്ന , ആ പ്രസ്ഥാനത്തില്‍ ഉള്ള എല്ലാവിധ പൊട്ടലിന്റെയും ചീറ്റലിന്റെയും കാരണം, ഞങ്ങള്‍ കുടിയേറി പാര്‍ക്കുന്ന റൂമില്‍ കെട്ടി കിടന്ന വെള്ളമാനെന്നു വട-യക്ഷി ആ പരിസരത്തുള്ള എല്ലാ മനുഷ്യരോടും പറഞ്ഞു നടന്നു. എങ്ങനെ ഒക്കെ സൌഹൃദപരമായി കാര്യങ്ങള്‍ മുന്‍പോട്ടു പോകുമ്പോഴാണ് അടുത്ത പ്രതിസന്ധി. ഒരു ട്രെയിന്‍ നാട്ടില്‍ നിന്നും എന്നെ സന്ദര്‍ശിക്കാന്‍ എത്തുന്നു. അമ്പരന്നു നോക്കണ്ട. ആള്‍ എന്റെ ഒരു സുഹൃത്താണ്. "ചെയിന്‍ സ്മോകിംഗ്" പുള്ളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാരികഴിഞ്ഞിരുന്നു. സംഭവം നിസ്സാരം. സിഗരറ്റ് കുട്ടികള്‍ എല്ലാം അദ്ദേഹം വീടിന്റെ പുറത്തുള്ള ഒരു പേപ്പര്‍ കൂടില്‍ ഭദ്രമായി നിക്ഷേപിക്കുകയുണ്ടായി. പക്ഷെ, സാമ്പത്തിക ലാഭം മുന്നില്‍ കണ്ടു വട-യക്ഷി "പറക്കും തളിക " സ്റ്റൈലില്‍ , ഒരു ചെറിയ തുള അടക്കാന്‍ വേണ്ടി വച്ചതായിരുന്നു അത്. വൈകിട്ടു എന്നെ എതിരേല്‍ക്കാന്‍ സൂര്പനഖ ഗേറ്റില്‍ തന്നെ ഉണ്ട്. കാര്യങ്ങള്‍ ഒന്നും അറിയാതെ നെഞ്ച് വിരിച്ചു ചെന്ന എന്നെ അവര്‍ വീട്ടിലേക്കു ക്ഷണിച്ചു . അവരുടെ സ്വീകരണ മുറിയില്‍ നൂറോളം സിഗരറ്റ് കുട്ടികള്‍ വീണു കിടക്കുന്നു. "വിധേയന്‍ " സിനിമ കണ്ട ഒന്നാം ക്ലാസ്സുകാരനെ പോലെ ഒന്നും മനസ്സിലാകാതെ പുറത്തേക്കു നടന്നു. ആരായിരിക്കും ഈ വൃത്തികെട് കാണിച്ചത്. കുട്ടികളുള്ള വീട്ടില്‍ പുക വലിച്ചതും പോരാഞ്ഞു നാല് വയസ്സുകാരന്റെ അത്തപ്പൂക്കലം പോലെ നിലം അലങ്കരിച്ചിരിക്കുന്നു. ആരാണെങ്കിലും അവനെയൊക്കെ ചാട്ടവാറിനു അടിക്കണം. കശ്മലന്‍ .......

മുകളില്‍ എത്തിയപ്പോള്‍ കാര്യം പിടി കിട്ടി . എന്റെ നിഷ്കളങ്കനായ സുഹൃത്ത്‌ പുറത്തെ വേസ്റ്റ് കുട്ടയിലെക്കിടുന്ന ഓരോ കുട്ടിയും പതിക്കുന്നത് വട-യക്ഷിയുടെ സ്വീകരണ മുറിയിലാണ്. !!######.

ഇപ്പോള്‍ ഞാന്‍ കുറെ വീട്ടു സാധനങ്ങളുമായി ഒരു പെട്ടി ഓട്ടോയില്‍ എന്റെ പുതിയ വീട്ടിലേക്കുള്ള യാത്രയിലാണ്. ഇടക്കുള്ള സംഭവ വികാസങ്ങള്‍ വിവരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. അത് സങ്കല്പ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ ആണ്. സ.മു സ്വന്തം സഹോദരിയോടൊപ്പം മറ്റൊരു സ്ഥലത്തേക്ക് മാറി.ഞാനും പുതിയ ഒരു ഗ്രാമത്തിലേക്ക്. പട്ടണങ്ങളിലെല്ലാം "എത്ര പണം കൊടുത്തും ഞങ്ങള്‍ വാടകക്കാരാവാം " എന്നാ മലയാളികളുടെ പൊതുവേ ഉള്ള ധാര്‍ഷ്ട്യം കാരണം അമിതമായ വാടക ആണല്ലോ ? !!!

പുതിയ റൂം, നല്ല റൂം .ഒരു കാടിന്റെ പ്രതീതി ആണ് ചുറ്റിലും.പിന്നെ പ്രകൃതി സൌന്ദര്യം ഒക്കെ ആസ്വദിച്ച് താമസികാം. ഒറ്റക്കാണ്. വണ്ടുകലോടും കൊതുകുകലോടും ചീത്ത പറഞ്ഞു ദിഗംബരനായി പള്ളി കിടക്കയില്‍ കിടന്നു ഉറങ്ങുമ്പോള്‍ ആണ് ; അബ്ദുല്‍ കലാം അങ്കിള്‍ സ്വപ്നം എന്നാ ഓമനപേരില്‍ വിളിക്കുന്ന ആളുകളെ പ്രധാന മന്ത്രിയും പിച്ചക്കാരനുമാക്കാന്‍ കഴിവുള്ള സൂത്രം പടി കടന്നു വന്നത്. എല്ലാ സാധാരണക്കാരനെയും പോലെ "അത്താഴ പട്ടിനിക്കാരുണ്ടോ? " എന്ന് മനസ്സില്‍ മാത്രം പറഞ്ഞു, വാതിലിന്റെ ഇരു കുട്ടികളും ഒരു തവണ മാത്രം ഇടുകയും, അഞ്ചു തവണ ആത്മീയമായും മാനസികമായും ഉറപ്പിക്കുകയും ചെയ്തിട്ടാണ് പോന്നത്. പോരാഞ്ഞു , എന്നോടാണോ കളി എന്ന് ചോദിച്ചു ഭൂത പ്രേത പിശാചുക്കള്‍ പോയിട്ട് ഒരു കൊതുക് പോലും കയറാത്ത മട്ടില്‍ ജനലുകള്‍ കൂട്ടി അടച്ചിട്ടും ഉണ്ട്. "ഇതൊക്കെ പേടി കൊണ്ടല്ലേ ഇഷ്ടാ " എന്ന് ചോദിച്ചു ചില പ്രതിഭാസങ്ങള്‍ ഈ നൂറ്റാണ്ടിലും മനുഷ്യന്റെ ആത്മ വിശ്വാസമെന്ന കോടാലിയുടെ മൂര്‍ച്ച കളയാന്‍ ശ്രമിക്കുമെങ്കിലും യക്ഷിയാനെങ്കിലും സ്ത്രീ അല്ലെ എന്ന് ചോദിച്ചു തടി തപ്പുകയാണ്‌ അടിയന്റെ പതിവ്.മരം കോച്ചുന്ന തണുപ്പ്. "ആരും ദിഗംബരന്മാരായി ജനിക്കുന്നില്ല, സാഹചര്യങ്ങളാണ് അവരെ ദിഗംബരന്മാരക്കുന്നത് " എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് ഒറ്റ വലി. "അങ്ങനെ ഉടുമുണ്ട് കൂടി ഒരു പുതപ്പായി രൂപാന്തരം പ്രാപിച്ചു !!!.

വെറുതെ ഒന്ന് കണ്ണ് തുറന്നപ്പോള്‍ ശരിക്കും ഞെട്ടി. ജനലിനു പുറത്തു കൂടി എന്നെ ലക്ഷ്യമാക്കി എന്തോ പറന്നു വരുന്നു. സ്വപ്നം ആണോ എന്നറിയാന്‍ ലൈറ്റ് ഇട്ടു നോക്കി. ഭാഗ്യം കറന്റ്‌ ഇല്ല. സ്വപ്നം അല്ല. സ്വപ്നത്തില്‍ കറന്റ്‌ കട്ട്‌ ഇല്ലല്ലോ ?. ഹേ തോന്നലാവും എന്ന് മനസ്സിനെ വിശ്വസിപിച്ചു കൊണ്ട് വീണ്ടും തുറിച്ചു നോക്കി. ഉറപ്പിച്ചു. എന്തോ ഒരു വലിയ വെളുത്ത സംഭവം ജനലിന്റെ അടുത്ത് വന്നു കയറാന്‍ നോക്കുകയും തിരിച്ചു പോകുകയും ചെയ്യുന്നുണ്ട്. ഭീതി, മുരളീധരനെ കണ്ട രമേശ്‌ ചെന്നിത്തലയെ പോലെ അല്ല സക്കറിയയെ കണ്ട DYFI ക്കാരെ പോലെ ഇരച്ചു കയറുകയാണ്. അപ്പോഴാണ്‌ രണ്ടു മൂന്നു വവ്വാലുകളെ പോലുള്ള ചെറിയ ജീവികളും കൂടെ കൂടിയിട്ടുണ്ടെന്ന് മനസ്സിലായത്‌. സമയം ഒന്നര. നേരം വെളുത്താല്‍ ഒന്ന് പോയി നോക്കാമായിരുന്നു. ഇപ്പൊ നോക്കാന്‍ പേടി ഉണ്ടായിട്ടല്ല. തണുപ്പടിച്ചാല്‍ അസുഖം പിടിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.
തിരിഞ്ഞും മറിഞ്ഞും കിടന്നു , ഉറങ്ങാതെ(വരാഞ്ഞിട്ടാണ്!) നേരം വെളുപിച്ചു. ഒരു ആര് മണി ആയപോഴേ അടുത്ത മുറികളില്‍ നിന്നൊക്കെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. ധൈര്യ സമേതം രണ്ടും കല്‍പ്പിച്ചു ജനല്‍ തള്ളി തുറന്നു. ശരിക്കും ഞെട്ടി.!!!!!!!!!!!!!

"അപ്പുറത്തെ ടെറസ്സില്‍ അയയില്‍ ഉണങ്ങാനിട്ട ,കാറ്റിലാടി കളിക്കുന്ന ഒരു വെള്ള സാരിയും പിന്നെ കുറെ അനുബന്ധ സാധനങ്ങളും". $%&!& !!!.


-: ശുഭം :-




Friday, January 22, 2010

കവിത- വിട പറയലിനു മുന്‍പ്...

"ആങ്ങളേ....എന്നു വിളിച്ചു സ്നേഹം പങ്കു വെച്ചിരുന്ന , സ്വര്‍ഗത്തില്‍ ഇരുന്നു നമുക്കെല്ലാം നന്മ ഉണ്ടാവാന്‍ വേണ്ടി പ്രാര്‍ഥിക്കുന്ന സ്നേഹമയിയായ "ലിസ്"......
"നിനക്ക് വേറെന്തിനു ആണ് മറ്റൊരു ചേച്ചി" എന്നു ചോദിച്ചു കുറെ സ്നേഹിച്ചിട്ടു ,തിരക്കുകളും പ്രാരാബ്ദങ്ങലുമായി എവിടെയോ ജീവിക്കുന്ന "സന്തു ചേച്ചി "..........

"നഷ്ടപെടലുകള്‍ വേദന തന്നെയാണ് സമ്മാനിക്കുന്നത്. മറക്കാന്‍ നമുക്ക് കൂട്ട് പുസ്തകങ്ങളും, യാത്രകളും , പേനയും ... പുതിയ സൗഹൃദങ്ങളും..."....
കൂടെ മധുരമുള്ള കുറെ ഓര്‍മകളും ...ശരിയാണ് , സങ്കല്പങ്ങള്‍ക്ക് യാതാര്ത്യങ്ങലെക്കാള്‍ മധുരക്കൂടുതലുണ്ട് ..................

"ഇരുള്‍ നിറഞ്ഞ എന്‍ മനസ്സിലേക്ക്....
ദേവീ ദീപമായി നീ അരികിലെത്തി.
മറവില്ലാ സ്നേഹത്തിന്‍ നറുമലരുകള്‍
കൊണ്ടെന്നെ ആദ്യമായ് സൗഹൃദം പഠിപിച്ചപ്പോള്‍
എന്മനം കേണതെന്തിനെന്നറിയില്ല സോദരീ...

വിരഹത്തിന്‍ ഓര്‍മ്മകള്‍ മനസ്സില്‍ മുറിവ് എല്പിച്ചുവോ?
ഓര്മ്മിക്കുന്നുവോ നമ്മള്‍ മനസ്സ് തുറന്നത്.
സാഹോദര്യതിന്‍ സ്വാതന്ദ്ര്യംപങ്കു വച്ചത്.
എന്‍ മനസ്സിന്റെ നൊമ്പരം കവിതയാക്കി ഞാന്‍ ....

ജീവിത താളങ്ങള്‍ എന്‍ മിഴികളില്‍ കളിയാടിയിരുന്നുവോ.
എനിക്കറിയില്ല സോദരീ എന്‍ ജീവിത സ്വര്‍ഗത്തെ കുറിച്ച്.
എങ്കിലും ഞാനറിയുന്നു നിന്‍ നിഷ്കളങ്ക സ്നേഹത്തെ..
നഷ്ടപെടലുകള്‍ അല്ലെന്റെ വേദന...ഇത് ജീവിതം.
... സ്നേഹിതരുടെ വിട പറയലുകള്‍ ആണെന്റെ നൊമ്പരം. !!!.

എങ്കിലും ഞാന്‍ എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു ഉറപ്പിക്കുന്നു -
നിന്‍ പ്രാര്‍ഥനയും സ്നേഹവും ഉപദേശങ്ങളും,
എന്‍ ജീവിതത്തില്‍ സ്നേഹത്തിന്റെ പൂക്കാലം തരും.
ക്ഷമിക്കുക സോദരീ എന്‍ തെറ്റുകളോട്.
സ്നേഹിക്കുകയെന്‍ വിരഹാര്‍ദ്രമാം മനസ്സ് കുളിര്‍പ്പിക്കാനായ് .

- ജിനൂപ്.

Saturday, January 9, 2010

കഥ- ഞാന്‍ 'ഉണ്ണി' അഥവാ 'ബി.ടി ഉണ്ണികൃഷ്ണന്‍ നായര്‍ '.

" ഉണ്ണീ ഞാന്‍ ഇറങ്ങുകാ"

ശേഖരന്‍ നായര്‍ മുറ്റത്തേക്കിറങ്ങി .
എന്തോ പറയണമെന്ന് അവന്റെ മനസ്സ് മന്ത്രിച്ചിട്ടും വാക്കുകള്‍ തൊണ്ടയില്‍ തങ്ങി നിന്നു. എങ്കിലും അവന്‍ പടിപ്പുര വരെ ഓടിയെത്തി. പഴകിതുരുമ്പിച്ച "മടത്തില്‍പറമ്പില്‍ ഗോപാലക്കുറുപ്പ് വക വിശ്രമ പാര്‍പിടം " എന്ന ബോര്‍ഡ്‌ തന്നെ നോക്കി പല്ലിളിക്കുന്നതായി അവനു തോന്നി. അതിനും എന്തോ ഒരു കഥ പറയാനുണ്ടാവും.

ഫുഊഊഊ............വായിലെ മുറുക്കാന്‍ തുപ്പി കളയുന്നതിനിടയില്‍ ശേഖരന്‍ നായര്‍ തിരക്കി.

- എന്താ ഉണ്ണ്യേ കാര്യം ?

- ഒന്നൂല്യ .

- പറഞ്ഞോളൂ . മടിക്കണ്ട. ഞാന്‍ ഈ മുഖം ഇന്നോ ഇന്നലെയോ കാണാന്‍ തുടങ്ങിയതാണോ? ...ഉവ്വോ ഉണ്ണ്യേ ?.

വേണ്ട എന്നാദ്യം തോന്നിയെങ്കിലും ആ മുഖത്തെ വാത്സല്യം കണ്ടപ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

- ശേഖരന്‍ അമ്മാവന്‍ ഇത്തവണ ഗായത്രിക്കുട്ടിയെ കുറിച്ച് ഒന്നും പറഞ്ഞില്ല...

- എനിക്കറിയില്ല ഉണ്ണ്യേ . ഒടിഞ്ഞ തെങ്ങിന്റെ കായ്ഫലം വര്നിചിട്ടെന്താ കാര്യം? .

ശേഖരന്‍ അമ്മാവന്‍ ഒരു കൃഷിക്കാരനാണെന്ന് ഉപമകളിലൂടെ തെളിയിച്ചു കൊണ്ടിരുന്നു. സംസാരിക്കുന്നവരോടെല്ലാം അദ്ദേഹം തന്റെ തകര്‍ന്ന തറവാടിന്റെ കഥ പറയും. അവസാനം കൈമുതലായുള്ളത് അഭിമാനവും ദാരിദ്ര്യവും ആണെന്ന് ഓര്‍മിപ്പിക്കും .

ഒരു മാത്രയെങ്കിലും നിഴലിച്ചത് ക്ഷോഭമാണോ എന്ന് ശങ്കിച്ച് ആ മുഖത്തേക്ക് ഉറ്റു നോക്കി.

"ഹാ .! ആരാ കൃഷ്ണാ ഇത്, ശേഖരന്‍ നായരോ ?. എത്ര കാലായെടോ കണ്ടിട്ട്?" .
ചോദ്യത്തിന്റെയും തൊട്ടു പിന്നാലെ വന്ന മുഴക്കമുള്ള ചിരിയുടെയും ഉറവിടം തേടി തല ഉയര്‍ന്നു. പ്രത്യേകിച്ച് തിരക്കാനില്ല ബാലന്‍ മാഷാണ്.

"ബാലന്‍ ടൌണിലെക്കാനെങ്കില്‍ ഞാനുമുണ്ട്" ഉത്തരം ലഭിക്കുന്നതിനു മുന്‍പേ ശേഖരന്‍ അമ്മാവന്‍ കുട നിവര്‍ത്തി നടന്നു തുടങ്ങി. തന്റെ ചോദ്യത്തില്‍ നിന്നുമുള്ള രക്ഷപെടലാവാം ആ തിടുക്കപെട്ടുള്ള യാത്രയെന്ന് തോന്നാതിരുന്നില്ല.

പാടവും കടന്നു നീണ്ടു പോകുന്ന ചെമ്മണ്ണ്‍ പാതയിലൂടെ നടന്നകലുന്ന ശേഖരന്‍ അമ്മാവനെ നോക്കി നിന്നു. സ്വന്തം മക്കളെ പോലും അദ്ദേഹം ഇത്രയധികം സ്നേഹിചിട്ടുണ്ടാവില്ല. തന്നെയും ഗായത്രിക്കുട്ടിയെയും അമ്മയെയും തനിച്ചാക്കി അച്ഛന്‍ മറ്റൊരു ജീവിതം തേടി പോകുമ്പോഴും രണ്ടു കൈയും നീട്ടി തങ്ങളെ സ്വീകരിച്ച ശേഖരമാമന്‍ . സ്വന്തം ജീവിതം കൂട്ടിയിണക്കാന്‍ പാടുപെടുമ്പോഴും അതൊരു ഭാരമായി അദ്ദേഹം കരുതിയില്ല.

........."എടാ സ്വപ്ന ജീവീ, നീ ഇന്ന് കോളേജില്‍ എഴുന്നല്ലുന്നില്ലേ ? വര്‍ഷാവസാന പരീക്ഷണമാണ് , മറന്നിട്ടു കിടന്നുറങ്ങി കളയരുത്. !!

അബ്ദുവാനത്. പ്രേമലേഖനം കൊടുക്കാന്‍ വേണ്ടി മാത്രം കോളേജില്‍ പോകുന്നവന്‍ എന്നാണ് അവനെക്കുറിച്ചു ഞങ്ങളുടെ ഇടയിലെ ഏകകണ്ടമായ അഭിപ്രായം.

എന്റെ ഉണ്ണിക്കുട്ടന്‍ അല്ലെ. നീ ഇത് കേട്ടിട്ട് ഒരു അഭ്പ്രായം പറഞ്ഞെ. അവളുടെ പിണക്കം മാറാന്‍ വേണ്ടി ഞാന്‍ എഴുതിയതാ. ഡാ കേട്ടോ...

"നിന്‍ മുടിയിലെ തുളസിക്കതിര്‍ വാടിയാലുമെന്നൊമനെ,
നിന്‍ മിഴിപ്പൂക്കള്‍ വാടുന്നതാനെന്റെ ദുഃഖം,
മുല്ലപ്പൂ പോലെ പരിശുദ്ധമാം നിന്റെ മനസ്സ്,
രോസാപ്പൂവിന്‍ ഗന്ധം പരതെനമെന്നും"


പ്രേമ -ഭിക്ഷുവിന്റെ തത്രപാടുകണ്ട് ചിരി വന്നെങ്കിലും ഉള്ളിലോതോക്കി കൊണ്ട് പറഞ്ഞു.

"കൊള്ളാം. Superb".

നന്ദീടാ മോനെ നന്ദി. അബ്ദു മറഞ്ഞു കഴിഞ്ഞു.

തിടുക്കപ്പെട്ടു പാത്രത്തില്‍ ചോറ് നിറയ്ക്കുകയാണ് അമ്മ. അമ്മക്കൊരിക്കലും തന്നെ ഹോസ്റ്റലില്‍ അയക്കാന്‍ ഇഷ്ടമല്ലായിരുന്നു. തനിക്കും ഗായത്രിക്കും ചോറ് പൊതിഞ്ഞു കെട്ടി തന്ന അമ്മ. പോകാന്‍ നേരം മുടങ്ങാതെ മുത്തം തന്ന അമ്മ. മനസ്സിലെ നിര്‍മലമായ വാത്സല്യം മറച്ചു വച്ച്, ശകാരങ്ങളിലൂടെയും ഉപദേശങ്ങളില്‍ കൂടെയും "പഠിച്ചു രക്ഷപെടണം " എന്ന നെരിപ്പോട് എന്റെ ഹൃദയത്തില്‍ കത്തിച്ചത് അമ്മയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഉണ്ടായി കൃത്യ സമയത്തുള്ള അനാവശ്യമായ തിടുക്കം കൂട്ടല്‍.

പറഞ്ഞിട്ടില്ലേ ഉണ്ണീ നിന്നോട്. എല്ലാം നേരത്തെ എടുത്തു വയ്ക്കണമെന്ന്. പുസ്തകമെടുകുമ്പോള്‍ ബുക്ക്‌ കാണില്ല. ബുക്ക്‌ എടുക്കുമ്പോള്‍ പേന ഉണ്ടാവില്ല. ഇതാപ്പോ കഥ.

അമ്മയുടെ സ്നേഹം നിറഞ്ഞ ശകാരം ഹൃദ്യമായി.

ബസ്‌ സ്റ്റോപ്പില്‍ എത്തുമ്പോള്‍ "സംഭവാമി യുഗേ യുഗേ". ബസ്‌ പോയി കഴിഞ്ഞിരുന്നു. ഒറ്റയ്ക്ക് നടക്കുന്നത് എനിക്കെന്നും ഇഷ്ടമുള്ള കാര്യമാണ്. ആവസ്യമുള്ളതും ഇല്ലാത്തതുമായ പലതും ആ നടതക്കിടയില്‍ ചിന്തിച്ചു കൂട്ടാം..

എതിരെ കലപില കൂട്ടിയും കളി പറഞ്ഞും ഒരു പട്ടം കുട്ടികള്‍ കടന്നു പോയി. നിഴല്‍ പോലെ തന്നോടൊപ്പം ഉണ്ടായിരുന്ന അനിയത്തി ഗായത്രിയെ ഓര്‍ത്തു. ഇന്നവള്‍ അവളുടെ ശരി കണ്ടെത്തിയിരിക്കുന്നു. ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ അവള്‍ ജീവിതം ആരംഭിച്ചിരിക്കുന്നു. ശേഖരന്‍ അമ്മാവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. അവസാനം " ആ കേശവ മേനോന്‍ മുണ്ട് മുറുക്കിയുടുത്തു ഉണ്ടാക്കി വച്ചതെല്ലാം തിന്നു നശിപിച്ച എമ്ബോക്കിക്ക് വേണ്ടി കുരുതി കൊടുത്തല്ലോ എന്റെ മോളെ" എന്ന് വരെ വിഷമം കയറി പറഞ്ഞു; അമ്മാവന്‍.

കരയോഗം പ്രസിഡന്റ്‌ വാസു പിള്ള ചേട്ടന്‍ വക്കാലത്തുമായി വന്നു "ന്റെ ശേഖരാ ഒന്നൂല്ലെങ്കിലും അവന്‍ ഒരു നായര് കുട്ടിയല്ലേ . അതോര്‍ത്തു സമാധാനിക്ക്യാ. അല്ലാണ്ട് ഇക്കാലത്തെ നമ്മുടെ ചില പിള്ളേരുടെ കൂട്ട് അവിട്യേം ഇവിദ്യേം ഒന്നും പോയില്ല്യല്ലോ. പണം ഇന്ന് വരും, നാളെ ,ദേ ശൂം...". ആത്മ സുഹൃത്തിന്റെ ആ സമാധാനിപ്പിക്കലിലാണ് അമ്മാവന്‍ തണുത്തത്‌.

അമ്മാവന്റെ വീടിന്റെ വടക്കേ ദിക്കിലാണ് ഗായത്രിയുടെ ഭര്‍ത്താവിന്റെ വീട്. അമ്മാവന്റെ വീട്ടില്‍ പോയി നിന്നപ്പോള്‍ ഉണ്ടായ ഇഷ്ടമായത് കൊണ്ടാണ് ഇത്ര വിഷമം (അതോ കുറ്റബോധം കൊണ്ടോ ?). തറവാട്ടില്‍ ഉള്ളത് മുഴുവന്‍ കൊടുത്തു മുടിച്ചു രാഷ്ട്രീയം കളിച്ചു എന്റെ അളിയന്‍, എന്നിട്ടിപ്പോള്‍ കുടുംബത്തെ പണം തീര്‍ന്നപ്പോള്‍ ഒറ്റപ്പെട്ടു. ആര്‍ക്കും വേണ്ടാതായി. അധ്വാനിക്കാന്‍ തുടങ്ങി എന്നാണ് ഇയ്യിടെ ചായ പീടികെലെ ഭാസ്കരേട്ടന്‍ പറഞ്ഞത്. ആദ്യം ഒക്കെ അഭിമാന പ്രശ്നം പറഞ്ഞു എതിര്‍ത്തെങ്കിലും അവളെ പഞ്ചായത്ത് ക്ലാര്‍ക്ക് ജോലിക്ക് പോവാന്‍ അനുവദിച്ചു എന്നാണ് അറിവാന്‍ കഴിഞ്ഞത്. പുറമേ അസംതൃപ്തി ഭാവിചെങ്കിലും മനസ്സാ അവരെ ഞാന്‍ എന്നും അനുഗ്രഹിചിട്ടെ ഉള്ളു.

വഴിയോരത്ത് ആള്‍ക്കൂട്ടം കണ്ടു. പ്രത്യേക താളത്തിലുള്ള ചെണ്ട കൊട്ടിന് അനുസരിച്ച് പ്രത്യേക താളത്തിലുള്ള ചെണ്ട കൊട്ടിനനുസരിച്ചു ഹൃദ്യമായി പാടുന്ന പെണ്‍കുട്ടി. അവള്‍ അന്ധയാണ്‌. ആ താളത്തിന് അനുസൃതമായി ചുവടു വച്ച് നേര്‍ത്ത കയറില്‍ കൂടി ജീവിതത്തിന്റെ മറ്റേ അട്ടതെതന്‍ പാട് പെടുന്ന മെല്ലിച്ച മധ്യ വയസ്കന്‍. അവളുടെ അച്ഛനായിരിക്കും. ലോകം ഒരു വേദി ആണെന്നും മാനുഷരെല്ലാം ജീവിത നാടകത്തിലെ അഭിനേതാക്കള്‍ ആണെന്നും ചാണ്ടി സര്‍ shakespear ക്ലാസ്സില്‍ പഠിപ്പിച്ചത് ഓര്മ വന്നു. ഗേറ്റില്‍ വാച്ചരുടെ ചിരിക്കു മറുചിരി എറിഞ്ഞു വരാന്തയില്‍ എത്തുമ്പോള്‍ ക്ലാസ് ആരംഭിച്ചിരുന്നു.

സെക്കന്റ്‌ അവര്‍ തുടങ്ങി. കൃഷ്ണന്‍ മാഷാണ്. ജീവിതം മുഴുവന്‍ സഞ്ചാരം ആക്കി മാറ്റിയ അദ്ദേഹം ഇപ്പോള്‍ ഏതോ യാത്രാനുഭവങ്ങള്‍ സന്ദര്‍ഭവശാല്‍ പറയുകയാണ്‌. ചെറിയൊരു ആലസ്യത്തിലേക്ക് വഴുതുംപോഴാണ് പ്രിസിപലിന്റെ ചീട്ടുമായി പ്യൂണ്‍ തോമസുചെട്ടന്‍ കടന്നു വരുന്നത്.

ഫോണ്‍ കാള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അതിന്റെ ആകസ്മികതയില്‍ ഉത്കണ്ട തോന്നി.

"നിന്റെ അമ്മ മരിച്ചു "!!! .

ശേഖരന്‍ അമ്മാവന്റെ ചിലമ്പിച്ച സ്വരം കേള്‍ക്കുമ്പോള്‍ receiver കാതില്‍ ഒട്ടി പിടിച്ചിരിക്കുന്ന കനല്‍ കട്ട പോലെ തോന്നി. വണ്ടിയില്‍ ഇടം പിടിക്കുമ്പോള്‍ ആസ്ത്മ രോഗിയെ പോലെ എങ്ങിയും വലിഞ്ഞും പോകുന്ന വണ്ടിയെ ശപിച്ചു.

മഴ പെയ്തെക്കുമെന്നു തോന്നുന്നു.
തൊട്ടടുത്തിരിക്കുന്ന ആള്‍ പരിചയപെടാന്‍ എന്നവണ്ണം അഭിപ്രായപെട്ടു.

ങാ....

തീര്‍ന്നു. വ്യക്തതകലെക്കാള്‍ കൂടുതല്‍ ഭംഗി അവ്യക്തതകള്‍ക്കാണെന്ന് കൂടി പറയേണമെന്നു തോന്നി . വേണ്ട.

ആള്‍ക്കൂട്ടം കണ്ടപ്പോള്‍ കേട്ടതൊന്നും സത്യമാവല്ലേ എന്നാ പ്രാര്‍ത്ഥന ......അവരെ കടന്നു ഉമ്മറത്ത് എത്തുമ്പോള്‍ നിലവിളക്കിനു മുന്‍പില്‍ അമ്മ. മുന്‍പെങ്ങും ഇല്ലാത്ത ഒരു ശാന്തത ഇപ്പോള്‍ ആ മുഖത്തുണ്ട്‌. പാദങ്ങളില്‍ നമിച്ചു കിടന്നു. അടര്‍ന്നു വീണു കഴുകി മാറുന്ന ആയിരം കണ്ണുനീര്‍ തുള്ളികള്‍..ആരോ വന്നു എഴുന്നേല്പിച്ചു അകത്തേക്ക് കൊണ്ട് പോകുമ്പോള്‍ ,

"വഹ്നി സന്ദപ്ത ലോഹസ്താംപു ബിന്ധുനാ
സന്നിഭം മര്‍ത്യ ജന്മം ക്ഷണ ഭംഗുരം ".

അമ്മക്കരുകില്‍ ഇരുന്നു രാമായണം വായിക്കുന്നത് ആരാണ്? ഗോവിന്ദന്റെ അമ്മയാണെന്ന് തോന്നുന്നു.

മരണ വീട്ടിലും പുതിയ സിനിമകളെ അവലോകനം ചെയ്യുന്ന ചെറുപ്പക്കാരും രാഷ്ട്രീയ നേതാക്കളെ വിശകലനം ചെയ്യുന്ന മുതിര്‍ന്നവരും. അമേരിക്കയിലെ മൊബൈലിനു റേഞ്ച് ഇല്ലാത്തതിന് പരാതികള്‍ പറയുന്ന സാറാമ്മ ആന്റി. ആര്‍ക്കു വിഷമം , ആര്‍ക്കു നഷ്ടം. ചുറ്റും ഒന്ന് കണ്ണോടിച്ചു. ഇരമ്പില്‍ നിന്നും മുറ്റത്തെ വരിക്ക പ്ലാവിലേക്ക് വലിച്ചു കെട്ടിയിരുന്ന പടുതയില്‍ കൂടി അരിച്ചു വരുന്ന പ്രകാശം മുറ്റമാകെ നീല നിരത്തില്‍ മുക്കിയിരുന്നു. അപ്പുറത്ത് നിശ്ചേഷ്ടനായി ശേഖരന്‍ അമ്മാവന്‍ ഇരിക്കുന്നു. അടുത്ത് ചെല്ലുമ്പോള്‍ നനവൂരിയ കണ്ണുകളോടെ ശേഖരന്‍ അമ്മാവന്‍ വിളിച്ചു.

"ഉണ്ണ്യേ....." .

എങ്കിലും ....അമ്മക്ക്...... .

അരുത്.........കരയരുത്............

വിറയാര്‍ന്ന കൈകളോടെ ശേഖരന്‍ അമ്മാവന്‍ നീട്ടിയ കടലാസ്സ്‌ ഉത്കണ്ടയോടെ ആണ് നിവര്തിയത്.

അമ്മയുടെ ഉണ്ണീ,

ശേഖരേട്ടനെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. ഏട്ടനും വലിയ പ്രാരാബ്ധക്കാരന്‍ ആണ്. നീ പണം ആവശ്യപെട്ടപ്പോള്‍ ഒക്കെ ഇല്ലെന്നു പറയാന്‍ ഏട്ടന് ആയില്ല. തറവാടിന്റെ പ്രമാണം പണയം വച്ചിടാണ് അദ്ദേഹം ഇപ്പോള്‍ ഈ രൂപാ നിന്നെ ഏല്‍പ്പിക്കാന്‍ തന്നിരിക്കുന്നത്. എനിക്കത് സഹിച്ചില്ല. എന്തിനാ മോനെ ഒരു അധികഭാരം...... അമ്മയുടെ താലി മാല വടക്കിനിയിലെ പെട്ടിയില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അമ്മക്കിനി അത് വേണ്ടല്ലോ. 'മാഷ്‌ ആവണം' എന്നത് നിന്റെ വലിയ ആശയാണല്ലോ. എന്റെ ഉണ്ണി അത് സഫലം ആക്കണം.

അമ്മ.

മനസ്സിന്റെ കോണില്‍ എവിടെയോ ഒരു വല്ലാത്ത ഭാരം. പതറുന്ന കാലുകളോടെ ഉമ്മറത്തേക്ക് ഓടുമ്പോള്‍ കണ്ണീരിന്റെ നനവ്‌ നിലവിളക്കിലെ ദീപത്തെ അദൃശ്യമാക്കികൊണ്ടിരുന്നു...

-ശുഭം-










Wednesday, January 6, 2010

കവിത-പ്രണയത്തിന്റെ ഭാവപകര്‍ച്ചകള്‍...

പണ്ട് .....
വിരഹത്തിന്‍ തീച്ചൂളയില്‍ ആശ്വാസമായി ,
തെന്നലേ നിന്‍ കുളിര്‍ സ്പര്‍ശം.
ഏകാന്തതയുടെ വിരസ നിമിഷങ്ങളില്‍
തെന്നലേ നീ ആയിരുന്നെന്‍ കൂട്ടുകാരന്‍.
പ്രാണന്‍ തുടിക്കുന്ന ശ്വാസകോശങ്ങളില്‍
റോസാപ്പൂവിന്‍ ഗന്ധം നിറച്ചു നീ....

മുളകളില്‍ തട്ടി തളിര്‍ക്കും നിന്
പാട്ടിനു മുന്തിരി ചാരിന്‍ കുളിര്‍ മാധുര്യം.
പാറിക്കളിക്കുന്ന ചെറു-മര ശിഖരങ്ങള്‍ കൊണ്ട് നീ
ഭൂമി തന്‍ സൗന്ദര്യം കാഴ്ച വച്ചു.

പൊട്ടിച്ചിരിക്കുന്ന നീരുറവ ചാട്ടങ്ങള്‍
നീയുമായി സംഗീതം പങ്കു വച്ചു...
പാറി പറക്കുന്ന കേഷഭാരങ്ങളില്‍ നീ
അവള്‍ തന്‍ സൌന്ദര്യം വരച്ചു ചേര്‍ത്തു.

പക്ഷെ,....

ചൂളം വിളിച്ചു കുളിര്‍ക്കും നിന്നെ ,
അസൂയയാല്‍..
വിധി തടഞ്ഞു നിര്‍ത്തീ...
ഇന്ന് നീ പച്ച മാംസത്തില്‍ നിന്നും ഇട്ടു വീഴും ..
ശോണം ശ്വസിക്കും വാഹകനായി.
തോക്കിന്‍ കുഴളിലും കത്തി മുനയിലും..
നിന്‍ സാന്നിധ്യം മാലിന്യമായി....


യുധഭൂവില്‍ , മകന്‍ പിരിഞ്ഞമ്മയും.
ഒരിറ്റു മുലപ്പാളിനായിരോദനം
മുഴക്കും കുഞ്ഞിനും , വിതുമ്പും മനസ്സിനും
വേണ്ടിയൊരു നൊമ്പരമായി നീ...
അരങ്ങു മറന്നൊരു നടനെ പോല്‍. !!!

എന്തിനീ ഭാവ മാറ്റം; അറിയാന്‍ ആശയാല്‍ ചോദിപ്പൂ ഞാന്‍.

കാലത്തിന്‍ കോലതാല്‍ വേര്‍പിരിഞ്ഞു നമ്മള്‍.
കാനുകയായിതാ വീണ്ടും.
വിഷവാതകം ഉച്ച്വസിക്കും വ്യവസായ ശാലകള്‍ തന്‍
സന്ദേശ വാഹകവനാവാന്‍ തുനിഞ്ഞുവോ നീ?

ഒടുവില്‍ നാം കണ്ടത് അവള്‍ തന്‍
സ്മശാന ഗന്ധവുമായി വന്ന അതിഥിയെ പോല്‍ നീ...
പടി വാതിലില്‍ ഒരു മൂളലായി വന്നു നിന്നപ്പോള്‍

എങ്കിലും..............
ഞാന്‍ ഉറങ്ങാതിരിക്കുന്നു വിദൂരങ്ങളില്‍ നിന്നും നീ
എന്‍ കണ്ണീര്‍ തുടക്കനായ് എത്തുന്നതും കാത്ത് ....

-ജിനൂപ്






കവിത- "മനസ്സാം യുദ്ധഭൂവില്‍...."

ഒച്ചകള്‍...

അക്ഷിയില്‍ നിന്നും ചെറിയൊരു തേങ്ങലായി ,
കുതിച്ചാര്‍ക്കും കണ്ണീരിന്‍ അലയൊലി ഒച്ചകള്‍.

ഒച്ചകള്‍ നിരന്തരം...

കണ്ണീരിന്‍ അലയൊലി ഒച്ചകള്‍.
കേള്‍ക്കുന്നുവോ........ഒരു തേങ്ങല്‍.
ആ രണഭൂവില്‍, ഒരു വെടി ഒച്ചക്കു -
വഴിമാറിയ നിഷ്കളങ്ക ജീവന്റെ ;
തന്‍ പുത്രന്റെ പ്രാണന്റെ ....
ചൂടാറാത്ത മാതൃത്വത്തിന്റെ
ബാക്കിപത്രം ആണവര്‍.

കാണുന്നുവോ ഒരു ഖദറിന്റെ കൂട്ടം?
വീര പതാക തന്‍ രൂക്ഷ ഗന്ധം.

അതെ ....
ആത്മാവിന്‍ കരങ്ങളാല്‍ തീര്‍ത്ത ,
ചണം-നൂലുകളില്‍ നിന്നും ആണ് ആ മരണ ഗന്ധം.

കാണുന്നുവോ ആ ചുവപ്പിന്റെ കൂട്ടം?
അതെ ....
വിപ്ലവത്തിന്‍ കരളുകലാല്‍ തീര്‍ത്ത ,
ശിഖരങ്ങളില്‍ നിന്നും ആണ് ആ അവസാന ആളല്‍.

ആ കരങ്ങള്‍...

തന്‍ പുത്രന്റെ ഹൃദയത്തില്‍ നിന്ന് ഒഴുകിയ
ചുടു നിണപ്പാടുകള്‍ പേറുന്നു. !!!

കേള്‍ക്കുന്നുവോ...ഒരു തേങ്ങല്‍ ?
അവളൊരു രക്തസാക്ഷിതന്‍ സഹധര്‍മിണി.
അവള്‍ തന്‍ ശരീരത്തിന്റെ ....
മനസ്സിന്റെ സ്വന്തം ആണ് ആ കേഴുന്ന നഷ്ടപ്രാണന്‍ .
അതില്‍.....
അവളുടെ മനസ്സിനെ പ്രണയിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു.
.....ശരീരത്തെ അറിയുന്ന ഒരു ശരീരം ഉണ്ടായിരുന്നു.

ഒച്ചകള്‍...

ആ കാപാലികന്മാരുടെ , അധികാര കഴുകന്മാരുടെ -
ഭീതി ഏറും ചിറകടി ഒച്ചകള്‍...

നിങ്ങള്‍ കണ്ടുവോ ?..
മുട്ടില്‍ ഇഴയുന്ന പിച്ചവയ്കുന്ന
ദൈവത്തിന്‍ സ്വന്തമാം രണ്ടു പിന്ചോമാനകളെ?

നിങ്ങള്‍ കേട്ടുവോ ?.., അവര്‍ തന്‍,
പിതാവിന്‍ സ്നേഹം കൊതിക്കും
ഹൃദയ ഭേദകമാം "അച്ഛാ " "അച്ഛാ" വിളികള്‍...

എവിടെ പതിക്കും????
ഇവര്‍ തന്‍ ശാപ ശരങ്ങള്‍....

മണ്ണിലോ ; വിന്നിലോ?
യുവ ഭ്രാന്തര്‍ തന്‍ ശിരസ്സിലോ .....

അതോ...എല്ലാം കാണും...എല്ലാറ്റിനും ദൃക്സാക്ഷി ആയ...
നമ്മള്‍ തന്‍ മനസ്സിലോ ????

നിങ്ങള്‍ പറയൂ....
ഇതോ സമത്വം , ഇതോ സാഹോദര്യം ....

അതോ സമാധാനമോ?...

-ജിനൂപ്


Friday, January 1, 2010

അങ്ങനെ ഞാന്‍ ഏകാഭിനയക്കാരനായി.........

"നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി" എന്ന് ഭാസി ആശാന്റെ തൂലിക എന്റെ നാടക ആചാര്യന്‍ തോട്ടത്തില്‍ വാസു അണ്ണനോട് പറയുന്ന്ടതാണ് ഈ കഥ ആരംഭിക്കുന്നത്. ഒരു അഭിനയ പ്രതിഭ എന്നില്‍ എവിടെ എങ്കിലും ഉറങ്ങി കിടപ്പുണ്ടോ എന്ന് മുഖകന്നാടി എടുത്തു തിരിച്ചും മറിച്ചും നോക്കാന്‍ തുടങ്ങിയിട്ട് നേരം കുറെ ആയിട്ടുണ്ട്....

ഒരു അഞ്ചാം ക്ലാസ്സ്‌ കാരന്റെ ഭാരിച്ച ഉത്തരവാദിത്വത്തെ പറ്റി എന്റെ പിതാവ് ഒരു ദീര്‍ഖ പ്രസംഗം നടത്തിയിട്ട് നിമിഷങ്ങളെ ആയിട്ടുള്ളൂ എന്ന് എന്റെ കാലില്‍ തലങ്ങും വിലങ്ങുമായി കിടക്കുന്ന ചുവന്ന രേഖകള്‍ കണ്ടാലറിയാം. എന്നെ ഇത്രയും കാലം തല്ലിയ കാപ്പി വടികള്‍ ഉണ്ടായിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം രാജസ്ഥാന്‍ മരുഭൂമിയില്‍ വേലി കെട്ടാമായിരുന്നു എന്ന് എന്നെ നിഷ്കളങ്കമായ പിള്ള മനസ്സ് നിസബ്ദമായി മന്ത്രിച്ചു. ഉറക്കെ പറയാന്‍ പേടി ഉണ്ടായിട്ടോന്നുമല്ല. കരഞ്ഞു കരഞ്ഞു അടിയന്റെ സബ്ദം പുറത്തു വരുന്നില്ല. ആകെ വരുന്ന "കീ" "കീ" എന്നാ സ്വരം തട്ടിന്‍ പുറത്തു എലിപ്പെട്ടിയില്‍ ബന്ധനസ്ഥനായ ചുണ്ടെലി ആയിരിക്കുമെന്ന ധാരണയില്‍ എന്റെ പിതാശ്രീ മൈന്‍ഡ് ചെയ്യാനും സാധ്യതയില്ല. കൂടാതെ കൂടുതല്‍ കാപ്പി വടികളെ സല്യം ചെയ്യണമെന്നു അന്നേ eco friendly ആയ എനിക്ക് തീരെ താല്പര്യവുമില്ല.

ഇത്ര മാത്രം കോലാഹലം ഉണ്ടാക്കാന്‍ ഇവിടെ എന്ത് സംഭവിച്ചു കാണണം എന്ന് തല പുകയുന്നതിനു മുന്‍പേ അതങ്ങ് പറഞ്ഞേക്കാം. കാരണം ഇതു സാധാരണ സ്കൂള്‍ വിദ്യാര്‍ഥി ഭീതിയോടെ നോക്കിക്കാണുന്ന ആ കോടാലി തന്നെ...

"പ്രോഗ്രസ്സ് കാര്‍ഡ്‌"

പ്രതീക്ഷികക്തെ ആ വെള്ളിടി വീണ്ടും വന്നു. അതില്‍ ഇനി എന്റെ അച്ഛന്റെ കയ്യൊപ്പ് വീഴാതെ ക്ലാസ്സ്‌ ടീച്ചര്‍ സമാധാനം തരുമെന്ന പ്രതീക്ഷ, KSRTC ബസ്സുകള്‍ ഒരു കാലത്ത് ലാഭത്തില്‍ ഓടുമെന്ന ഒരു സരാസരി കേരളീയന്റെ വിസ്വസതെക്കള്‍ സോച്ചനീയം ആയിരിക്കുമെന്ന് മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടി കാണിക്കുന്നു. മഹാനായ തിലകന്‍ സര്‍ പറഞ്ഞത് പോലെ "ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലായത് " കൊണ്ടല്ല സ്ഥിതിഗതികള്‍ നിയന്ത്രണ രേഖ ഭേദിച്ച് മതം പൊട്ടിയ ആനയെ പോലെ എന്റെ നേരെ വരുന്നത്. കഥാപുരുഷന്‍ നമ്മുടെ മാതൃ ഭാഷയാണ്. വീട്ടിലെ സ്ഥിതിഗതികള്‍ മുന്നില്‍ കണ്ടു കരഞ്ഞു കാല് പിടിച്ചപ്പോള്‍ പപ്പു പിള്ള സര്‍ "ഇന്നാ കൊണ്ട് പോയി തിന്നു" എന്ന് പറഞ്ഞു വാത്സല്യത്തോടെ തന്ന മൂന്നു മാര്‍ക്ക്‌ ആണ് ഈയുല്ലവന്റെ ആകെയുള്ള പിടിവള്ളിയും സമാധാനവും. മൂന്നു മാര്‍ക്കിന്റെ അഹങ്കാരത്തില്‍ അല്പം ബലം ഒക്കെ പിടിച്ചു നില്‍ക്കുമ്പോഴാണ് ഒരു ചോദ്യം.

"മലയാളം പരീക്ഷ പേപ്പര്‍ എന്തിയേടാ ???" .

കുടുങ്ങി.!!!. ബാഗ്‌ തുറന്നു പേപ്പര്‍ എടുത്തു ഒരു പ്രത്യേക താളത്തില്‍ ഇളക്കി കൊണ്ട് (അസൂയക്കാര്‍ virakkunnathanennu ഒക്കെ പറഞ്ഞു കളയും. ഒരുത്തന്റെ കഴിവിനെ അംഗീകരിക്കാം എന്ന് വിചാരിക്കുന്നവരെ മഷി ഇട്ടു നോക്കിയാല്‍ ഇക്കാലത്ത് കിട്ടുമോ? ) നീട്ടി. ഹൃദയത്തിനുള്ളില്‍ ഒരു നല്ല ചെണ്ടമേളം ഒക്കെ തുടങ്ങിയിട്ടുണ്ട്. കാപ്പി മരത്തിലേക്കുള്ള അച്ഛന്റെ നോട്ടം കണ്ടപ്പോള്‍ തന്നെ മേലക്കൊഴുപ്പെകാന്‍ "കുഴല്‍ വിളിയും "കാണുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. എന്നെ തല്ലു കൊള്ളിക്കാനായി ആദ്യം കണ്ണില്‍ പെട്ടത് താഴെ കൊടുത്തിരിക്കുന്ന ഉപന്യാസ സകലം .

ചോദ്യം : രണ്ടു പുരത്തില്‍ കവിയാതെ ഉത്തരം എഴുതുക.
നള ദമയന്തി സമാഗമത്തില്‍ പുഷ്കരന്റെ സ്ഥാനം നിര്‍ണയിക്കുക.

ഉത്തരം: ആദ്യം തന്നെ ഞാന്‍ ക്രിയാത്മകമായി ചോദ്യത്തെ രണ്ടായി ഭാഗിച്ചു. ഒന്നാമത്തെ ചോദ്യത്തിലെ പ്രധാന കുരുക്ക് "രണ്ടു പുറം" ആണ്. TITANIC ന്റെ ഷേപ്പ് ഉള്ള എന്റെ ആയുധപുര തുറന്നു പ്രധാന ആയുധങ്ങളായ eraser ഉം പെന്‍സില്‍ ഉം എടുത്തു. വരക്കുന്നത് ഞാനായത് കൊണ്ട് മായിച്ചു വരക്കേണ്ടി വരുമെനുള്ളത് ഉറപ്പാണ്‌. അറിയാന്‍ പാടില്ലാത്തത് കൊണ്ടല്ല. "Perfection" അന്നും ഇന്നും എന്റെ moto ആണ്. ഇവനെന്തിനാണ് മലയാളം പരീക്ഷക്ക്‌ പടം വരയ്ക്കാന്‍ തുടങ്ങുന്നത് എന്ന് അടുത്ത ബെഞ്ചില്‍ കമിഴ്ന്നു കിടന്നു വാരി വലിചെഴുതുന്ന "സാറാമ്മ P അവരാച്ചന്‍" വരെ എത്തി നോക്കി. അവള്‍ എന്റെ ബാല്യകാല സത്രുവിന്റെ സ്ഥാനത്തായത് കൊണ്ട് "നീ കണ്ടോടീ, ഇത്തവണ ഞാന്‍ ഒരു കലക്ക് കലക്കും " എന്ന് മനസ്സില്‍ പറഞ്ഞു ഇരുത്തി ഒന്ന് നോക്കി എന്റെ ക്രിയത്മകതയിലേക്ക് കൂപ്പു കുത്തി. വര്‍ഷങ്ങളായി നല്ല മാര്‍ക്ക്‌ വാങ്ങി , എന്റെ മാതാവിന്റെ "അവളെ കണ്ടു പടിയെടാ കുലദ്രോഹീ" എന്നാ പരിഹാസത്തില്‍ പൊതിഞ്ഞ ഭീഷണി കേള്‍ക്കേണ്ടി വരുന്നതിനു ഒറ്റ കാരണം ആ സൂര്പനഖയാണ്.

എങ്ങനെ ഒക്കെ ആണെങ്കിലും മര്‍ദനം ആരംഭിക്കുന്നതിനു മുന്‍പുള്ള എന്റെ അലമുറ നാട്ടുകാര്‍ കേള്‍ക്കണ്ട എന്ന് കരുതി അഞ്ചു മിനിറ്റ് മുന്‍പ് "കൃഷ്ണ നീ ബെഗേന വായോ " എന്നാ കാസെറ്റ് അച്ഛന്‍ കൃത്യമായി ഇട്ടിരിക്കും. തല്ലു തുടങ്ങിയാല്‍ പിന്നെ വേദനയെ അതിജീവിക്കാന്‍ "തല്ലിന്റെ എണ്ണം നോക്കല്‍ " എന്നാ ഒരു വിനോദം തന്നെ ഈയുള്ളവന്‍ വികസിപ്പിചെടുതിട്ടുണ്ട്. ഒരു പത്തു പതിനഞ്ചു ആയി കഴിഞ്ഞാല്‍ പിന്നെ വേദനിക്കില്ല (ശീലം ആയിക്കോളും!!...). പെണ്ണുങ്ങള്‍ക്ക്‌ അല്പം കേള്‍വി സക്തി കൂടുതല്‍ ആണെന്ന പൊതു ചിന്തയെ അരക്കിട്ടുറപ്പിച്ചു കൊണ്ട് എന്റെ അയല്‍ക്കാരി നത്തോലി സാറാമ്മ തല്ലു കിട്ടിയ കാര്യം പൊടിപ്പും തൊങ്ങലും വച്ച് ക്ലാസ്സില്‍ പറയും എന്നാ കാര്യം അച്ചട്ടാണ്. നിക്കറില്‍ മൂത്രം ഒഴിചെന്ന കഴിഞ്ഞ തവണത്തെ വ്യാജ പ്രസ്താവനയുടെ നാണക്കേട്‌ ഇതുവരെ മാറിയിട്ടില്ല.

ഏകദേശം അരമണിക്കൂര്‍ കൊണ്ട് സാമാന്യം തരക്കേടില്ലാത്ത രണ്ടു തടി മാടന്മാരുടെ "പുറം " പേപ്പറില്‍ വിരിയിക്കാന്‍ എന്നിലെ കലാകാരന് കഴിഞ്ഞു. അതിന്റെ ഉള്ളില്‍ രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം നിഷ്കളങ്കമായി ഇങ്ങനെ എഴുതി.

" തെക്കേതിലെ നളന്‍ എന്നാ അപരനമാധേയത്തില്‍ അറിയപെടുന്ന നലിനാക്ഷനും പട്ടാളം പരമു ചേട്ടന്റെ ഭാര്യ ദമയന്തി ചേച്ചി യുമായി നമ്മുടെ ഉണ്ണിത്താന്‍ സാറും ജയലക്ഷ്മി ആന്റിയുമായി ഉണ്ടെന്നു പത്രക്കാര്‍ പറയുന്ന തരാം ബന്ധം ഉണ്ടെന്നു സ്ഥലത്തെ പ്രധാന നിയമസഭ ആയ "വാസു ആന്‍ഡ്‌ സണ്‍s ചായക്കടയില്‍ " പലതവണ ചര്ച്ചക്കെടുത്തു പാസ്‌ ആയ വിഷയം ആണ്. പുഷ്ക്കരന്‍ നാട്ടിലെ കിടിലന്‍ തെങ്ങ് കയറ്റ തൊഴിലാളിയും സംബന്നനുമാണ്. നളനും ദമയന്തിയും സ്ഥിരമായി കാണാറുള്ളത്‌ പുഷ്ക്കരന്‍ അണ്ണന്റെ തെങ്ങിന്‍ തോട്ടത്തില്‍ വച്ചാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ പുഷ്കരന്റെ സ്ഥാനം തെങ്ങിന്‍ മുകളില്‍ ആണ്."

ഇത്രയും കാര്യങ്ങള്‍ അനുവദിക്കപ്പെട്ട "രണ്ടു പുറം " സ്ഥലത്ത് എഴുതി വയ്ക്കാന്‍ എടുത്ത ബുദ്ധിമുട്ടിനെ പറ്റി ഒരു നിമിഷം പോലും ചിന്തിക്കാതെ ആണ് കാപ്പി വടികള്‍ എന്റെ പുറത്തു കയറി നിരങ്ങിയത്. നിരായുധനോട് യുദ്ധം പാടില്ല എന്നൊക്കെ പുരാണം പറഞ്ഞിട്ടുണ്ടെങ്കിലും ആര് കേള്‍ക്കാന്‍. അതിനിടയില്‍ കൂടി ഇവന്‍ ഇക്കണക്കിനു രക്ഷപെടാന്‍ പാടാണ് എന്ന് മന്ത്രം പോലെ അച്ഛനോടെ ഉരുവിട്ട് കൊണ്ട് ഇടയ്ക്കിടയ്ക്ക് മാതാശ്രീ രംഗത്ത് എത്തുന്നുമുണ്ട്. "എരിതീയില്‍ എന്നാ ഒഴിക്കുന്നതിനു പുറമേ ഞാന്‍ ആരെയോ കൊന്നിട്ട് വന്നെന്ന പോലെ ഒരു നോട്ടവും.

ഈയൊരു പ്രത്യേക യുദ്ധ അന്തരീക്ഷത്തിലാണ് നാടകാചാര്യന്‍ വാസു അവര്‍കള്‍ എന്നെ യൂത്ത് ഫെസ്റിവലില്‍ നാടകം കളിപ്പിച്ചു "ലാലേട്ടന്‍" ആക്കിയേക്കാം എന്നൊക്കെയുള്ള ഓഫര്‍ കളും ആയി വീട്ടില്‍ എത്തുന്നത്‌. പോരെ പൂരം..... $^@$!(*%$.

അടിക്കുറിപ്പ് :

വീട്ടിലെ അടിയന്തിരാവസ്ഥ മുന്നില്‍ കണ്ടു, ഞാന്‍ രഹസ്യമായി റിക്വസ്റ്റ് ചെയ്തിട്ടാണ് വാസു ആശാന്‍ സുപാര്സയുമായി കലാപഭൂമിയില്‍ എത്തുന്നത്‌....അച്ഛന്‍ പറഞ്ഞ നല്ല വാക്കുകള്‍ എല്ലാം എടുത്തു നിഖണ്ടുവില്‍ കൊടുത്തിരുന്നെങ്കില്‍ അദ്ദേഹം ഒരു പക്ഷെ പ്രസസ്തന്‍ ആയേനെ.. കൂടാതെ "dictionary ill ഇല്ലാത്ത വാക്കുകള്‍" എന്നാ പദപ്രയോഗം തന്നെ കേരള ചരിത്രത്തില്‍ നിന്നും അടര്‍ത്തി മാടപെടുകയും ചെയ്തേനെ..വിധി..അല്ലാതെന്തു പറയാന്‍...

എന്റെ ക്ലാസ്സ്‌ ടീച്ചര്‍ ആയ സാരധമണി ടീച്ചര്‍ വാസു അണ്ണന്റെ പഴയ "ചന്ദ്രിക" ആയിരുന്നു. എന്നെ നാടകം പഠിപ്പിക്കാന്‍ എതോമ്പോള്‍ ഒരു "ദരസന സുഖം " ഒപ്പിക്കാം എന്നാ പാവം സംവിധായകന്റെ സ്വപ്നം കൂടി അങ്ങനെ വൃധാവിലായെന്നു ചുരുക്കം.... അന്ന് ഞാന്‍ രണ്ടും കല്പിച്ചു വാസു അണ്ണന്‍ വിളിചിടതെക്ക് ഇറങ്ങി പോയിരുന്നെങ്കില്‍ ഒരു പക്ഷെ ഞങ്ങള്‍ മറ്റൊരു സംവിധായക-നായക കൂട്ടുകെട്ട് ആയെക്കുമായിരുന്നു എന്ന് വരെ പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് ....!!!