Saturday, April 17, 2010

ആ 'തീവണ്ടിയും' ഞാനും !!!....

ഇനിയെന്ത് പറയും എന്നാലോചിച്ചു ഓര്‍മകളെ ഒന്ന് പുറകിലേക്കോടിച്ചു നോക്കിയപ്പോഴാണ്, അതിലും വേഗത്തില്‍ ഒരു തീവണ്ടി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സയറനും മുഴക്കി മുന്‍പോട്ടു വരുന്നത്......എന്നാല്‍ പിന്നെ അത് തന്നെയാവട്ടെ !!!



കുറെ അങ്കലാപ്പുകള്‍ക്കും ഓട്ട പ്രദക്ഷിനങ്ങള്‍ക്കും ശേഷം കിട്ടിയ ഒരു ഊര്‍ജ തന്ത്ര ബിരുദ് സര്‍ടിഫിക്കെറ്റുമായി "ഇനി എന്ത് ?" .എന്ന ചോദ്യം എന്നോട് തന്നെ പലവട്ടം ചോദിച്ചു കൊണ്ട് പാലക്കൊമ്പേല്‍ സുനിലേട്ടന്റെ പലചരക്ക് കടയില്‍; ഒരു നിറപറ അരിച്ചാക്കിന്റെമുകളില്‍ കയറി നിശബ്ദനായി ഇരിക്കുകയാണ്. പച്ച അരി തിന്നാല്‍ പിത്തം പിടിക്കുമെന്ന് ഓര്മ വച്ച കാലം മുതല്‍ അമ്മ പറയാറുണ്ടെങ്കിലും, മനസ്സിലെ പിരിമുറുക്കത്തിന് ഒരു അയവ് കിട്ടാന്‍ ഓരോ അരിമണി എടുത്തിട്ട്" കറുമുറാ" ചവച്ചു.... ഞാന്‍ ടെന്‍ഷന്‍ ആകുന്ന സെല്‍ഫ് ഗോള്‍ അടിച്ചു മനസ്സിനെ അവതാളത്തില്‍ ആക്കുന്നതിനു പുറമേ, നാട്ടുകാരും സുഹൃത്തുക്കളും എന്ന് വേണ്ട അവസാന ആശ്രയമായ വീട്ടുകാര്‍ വരെ എന്റെ ഭാവിയെ പറ്റി ഒരുമിച്ചു ആവലാതി കാണിക്കാന്‍ തുടങ്ങിയപ്പോഴാണ് പതിയെ പുതിയ ഒരു മേച്ചില്‍ പുറം കണ്ടു പിടിക്കെണ്ടതിന്റെ ആവശ്യകതയെ പറ്റി ഒരു ഉള്‍വിളി കാര്യമായി ഉണ്ടാവുന്നത്.... ഒരു 'ബി. എഡും ' കൂടി എടുത്താല്‍ ഒരു അധ്യാപകനായി വിലസാം എന്ന ആഗ്രഹം ആസ്ഥാനതാണെന്ന് എന്റെ ഒരു പ്രിയ സുഹൃത്തിന്റെ അനുഭവത്തില്‍ കൂടി പഠിച്ചപ്പോള്‍ ആ മേഖല അങ്ങ് വിട്ടു... അഞ്ചു മുതല്‍ എട്ടു ലക്ഷം രൂപ കൊടുക്കാതെ ആ പരിസരത്തോട്ട്‌ നോക്കാന്‍ കൂടി പറ്റില്ല. " വാ കീറിയ ദൈവം ഇരയും തരും " എന്ന ഉറച്ച വിശ്വാസത്തില്‍ പതിയെ 'കേരള പബ്ലിക്‌ സര്‍വീസ് കമ്മിഷനെയും പല വട്ടം മുട്ടി നോക്കി.... കുറെ ആയപ്പോള്‍ 'ആനവണ്ടി(??)-സ്വകാര്യ ബസ്‌' മുതലാളിമാരെ എന്റെ പണം കൊണ്ട് വളരാന്‍ അനുവദിച്ചു കൂടാ എന്ന വെളിപാടുണ്ടാവാന്‍ തുടങ്ങി.... അല്ലെങ്കിലെ പരീക്ഷകളിലോന്നും " കറക്കി കുത്ത്" ഭഗവാന്‍ പഴയ പോലെ കനിയുന്നില്ല .... വീട്ടില്‍ നിന്നും പഴയ പോലെ പണം ചോദിച്ചു വാങ്ങാന്‍ എന്നിലെ അഭിമാനിയായ പുരുഷ കേസരി വഴങ്ങുന്നുമില്ല...ഇത് പോലെ പോയാല്‍ പുര നിറഞ്ഞു നില്‍ക്കേണ്ടി വരാനുള്ള ഒരു സാധ്യത തള്ളികളയാനാവില്ല എന്ന യാഥാര്‍ത്ഥ്യം പതിയെ വേദനിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. നാട്ടിലെ ചില മിടുക്കന്മാരായ കുട്ടികളെ ട്യൂഷന്‍ പഠിപ്പിക്കുന്നത്‌ കൊണ്ട്, ഈ അവസ്ഥയില്‍ വായുവിനെയും വെള്ളത്തെയും പോലെ അവശ്യ വസ്തുവായ 'മൊബൈല്‍ ഫോണിനു' കഷ്ടിച്ച് തീറ്റ കൊടുക്കാം...

രാവിലെ കളത്തില്‍ ഇറങ്ങിയതാണ്. ഒരു അഞ്ചാം ക്ലാസ്സുകാരന്‍ വൃത്തിയായി കണക്കു ചെയ്യുന്നത് നോക്കി ഇരുന്നിട്ട് ഇറങ്ങിയാതെ ഉള്ളു. ആള് പുപ്പുലി ആണ്. ഞാന്‍ ഒരു അധ്യാപകന്റെ സ്വാതന്ദ്ര്യം ദുര്‍വിനിയോഗം ചെയ്തു അദ്ധേഹത്തിന്റെ പഠന സംബന്ധിയായ വല്ലതും സംസാരിച്ചു പോയാല്‍ കുടുങ്ങിയത് തന്നെ..."മൌനം വിദ്വാനു ഭൂഷണം" എന്ന് ചെറുപ്പത്തില്‍ പഠിച്ചത് മാത്രം ഓര്‍മിച്ചാല്‍ ആ കണ്ണാട വച്ച ബുദ്ധി രാക്ഷസനു മുന്‍പില്‍ നിന്ന് രക്ഷ പെടാം. ഈ പ്രക്രിയയില്‍ എന്റെ ബുധിപൂര്‍വകമായ ഇടപെടല്‍ ആവശ്യമുള്ള ഏക സംഭാഷണം ഇതാണ്.

"ഒരു മണിക്കൂറായി ടുട്ടു മോനെ, ഇനി നാളെ "....

രാജപ്പന്‍ പിള്ളയുടെ ചായക്കടയില്‍ ഒരു കാലിച്ചായയും മോന്തി ഇരിക്കുമ്പോഴാണ് ഒരു മധുര മനോഹര ഗാനം ഒഴുകിയെത്തുന്നത് ."ജീവിപ്പതാര്‍ക്ക് വേണ്ടി ..അറിയില്ലല്ലോ..." മൊബൈലില്‍ ആരോ വിളിക്കുന്നു.

അങ്ങേ തലക്കല്‍ ഒരു ചെറിയമ്മ ആണ്. " എടാ ...മാതൃഭൂമി പത്രത്തിലൊരു വാര്‍ത്ത. നീ കണ്ടില്ലേ...മിടുക്കന്മാരായ ബിരുദ വിദ്യാര്ധികള്‍ക്ക് "മാക്രോ" കമ്പനിയില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യാമെന്ന്. നീ ഒന്ന് നോക്ക്...കിട്ടിയാല്‍ നല്ലതല്ലേ .. "...

സത്യത്തില്‍ ഇപ്പോള്‍ പത്രം അങ്ങനെ കാര്യമായി നോക്കാറില്ല. കണ്ണില്‍ പെടുന്നത് മുഴുവന്‍ വെട്ടു , കുത്ത്, കൊലപാതകം തുടങ്ങിയ സുപ്രധാനവും രോമാന്ച്ച ജനകവുമായ വാര്‍ത്തകള്‍ അല്ലെ ?..വായിച്ചു ചീത്ത ആയി പോയാലോ !!.

"വല്ല 'ബി പി ഓ' ക്കാരുമായിരിക്കും. ഇത് ഞാന്‍ കുറെ കണ്ടതാ. ഇന്നാളു CMS collegilum ,ചങ്ങനാശ്ശേരി NSS lum അവന്മാര് വന്നതാ...പൈസ ഒക്കെ കെട്ടി വക്കണം പോലും, പിന്നെ രണ്ടു കൊല്ലം ബോണ്ടും" .ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു..ഹാവൂ ആശ്വാസം.! " അല്ലടാ. ഇത് സോഫ്റ്റ്‌വെയര്‍ കമ്പനിയാണ്. നീയൊന്നു പോയി നോക്ക് " വിടുന്ന മട്ടില്ല. " ഞാന്‍ MCA ക്ക് പോകാന്‍ ആലോചിക്കുകയാണ്. ഇതൊക്കെ മിക്കവാറും thaട്ടിപ്പായിരിക്കുമെന്നെ ..MCA കഴിഞ്ഞിട്ട് നോക്കാം".. ഒരു കള്ളം അടിച്ചു വിട്ടു. "

"നീ അല്ലേലും ഒരു മടിയനാ. നിന്നെ പറഞ്ഞു വിടാന്‍ പറ്റുമോന്നു ഞാന്‍ ഒന്ന് നോക്കട്ടെ. അച്ഛനെ ഒന്ന് വിളിക്കാം".

വീട്ടില്‍ ഒരു "ആശയ ധ്രുവീകരണം" ഉടലെടുക്കുന്നത് എങ്ങിനെയും തടയണം. രണ്ടും കല്‍പ്പിച്ചു ഞാന്‍ കാച്ചി. " ഞാന്‍ പോകുന്നുണ്ട്"!!! സമയം ഉച്ചയായി. മനസ്സിന്റെ വിങ്ങല്‍ വയറു മനസ്സിലാക്കില്ലല്ലോ... ഇനി ഈ പ്രദേശത്ത് പൈസ കൊടുക്കാതെ ഊണ് കഴിക്കാന്‍ പറ്റിയ ഒരു സ്ഥലമേ ഉള്ളു. മറ്റെങ്ങുമല്ല അടിയന്റെ സ്വന്തം വീട്". പോയാല്‍ " മാതൃഭൂമിയും" നോക്കാം, ഊണും കഴിക്കാം, രണ്ടാണ് ഗുണം. റോയല്‍ എന്‍ഫീല്‍ഡും (എന്റെ സൈക്കിള്‍ നെ സ്നേഹത്തോടെ വിളിക്കുന്ന പേര്) എടുത്തു ചവുട്ടി പിടിച്ചു വീട്ടിലേക്കു.

"നാട് നീളെ തെണ്ടി തിരിഞ്ഞു നടന്നിട്ട് , കഴിക്കാന്‍ സമയം ആകുമ്പോള്‍ കൃത്യമായി വരുന്നുണ്ട്!!. നിന്നെ പോലുള്ള മറ്റു പിള്ളേരൊക്കെ ഓരോ course nu ചേര്‍ന്ന്."

കിട്ടാനുള്ളത് കിട്ടി. മിണ്ടാതിരിക്കുന്നതാണ് ബുദ്ധി. എന്റെ മൌനം കണ്ടു മാതാശ്രീ -

" ആരോട് പറയാനാ. തലയില്‍ എഴുത്ത്. ഉത്തരവാദിത്വം ഇല്ലാത്തവന്‍. അവനവനു വേണമെങ്കില്‍......." എന്ന് പറഞ്ഞു സ്ഥലം വിട്ടു. പത്രം എടുത്തു നോക്കി. ഒന്നും കാണുന്നില്ല. ചെറിയമ്മക്കു കണ്ണിനു പ്രശ്നം ഒന്നുമുല്ലതല്ലല്ലോ.

കിട്ടിപ്പോയ് !!. ബലാല്‍സംഗം, പിടിച്ചു പാറി ,തട്ടിപ്പ്, രാഷ്ട്രീയ കാലുവാരന്‍ തുടങ്ങിയ ദിനം ദിന സുപ്രധാന വാര്തകള്‍ക്കിടയില്‍ ഒരു ചെറിയ കോളം അപ്രധാന വാര്‍ത്ത. സംഗതി കൊള്ളാം. എന്നാല്‍ മറ്റൊരു കാര്യം ഓര്‍ത്തപ്പോള്‍ അടച്ച കള്ളുഷാപ്പിനു മുന്‍പില്‍ ഇതികര്തവ്യതാ മൂടനായി നില്‍ക്കുന്ന സ്ഥിരം കുടിയന്റെ...ഭാവത്തോടെ കണ്ണ് തള്ളി. ഒരു .....". പത്ര പ്രവര്‍ത്തകനും സംവിധായകനുമോക്കെയായി, ഈ മഹാരാജ്യം നന്നാക്കി എടുക്കാം എന്ന് ആഗ്രഹിച്ചു നടന്നിരുന്ന ഒരു നിഷ്കളങ്കന്, മറ്റെന്തു തോന്നാന്‍. പോരാത്തതിന് പഠിക്കാന്‍ സുഹൃത്തായ അദ്ധ്യാപകന്‍ വഴി 'ഒരു സ്ഥലവും നോട്ടമിട്ടതായിരുന്നു...."..അതിനെ ചൊല്ലി ഒരു കലാപ കലുഷിത അന്തരീക്ഷമാണ് വീട്ടില്‍ .

hmm...തലേ വര ഇതാണെങ്കില്‍ 'തടുക്കാന്‍ ' കൊട്ടാരത്തില്‍ മൂരിയെ കൊണ്ട് പറ്റില്ലല്ലോ???...സംഭവം അനന്തപുരിയിലാണ്. ഒറ്റയ്ക്ക് പോയാല്‍ ശരി ആവില്ല. വല്ല പറ്റിപ്പ്‌ പരിപാടിയും ആണെങ്കില്‍ ഒരു കൂട്ട് വേണമല്ലോ. കൂടെ പഠിച്ച വിദ്വാന്മാരെ കുറച്ചു പേരെ കൂട്ടാം. ഇന്ന് പോയാലെ നാളെ രാവിലെ മുഖം കാണിക്കാന്‍ പറ്റൂ. കണ്ണില്‍ കണ്ട നമ്പറില്‍ എല്ലാം വിളിച്ചു...നോ രക്ഷ. ഇങ്ങനെ പോയാല്‍ ശരി ആവില്ല. രണ്ടു മണിക്കൂറിനുള്ളില്‍ സ്ഥലം വിട്ടില്ലെങ്കില്‍ ആക്കിയില്ലെങ്കില്‍ സംഗതി നടക്കില്ല. അവസാന അടവ് എടുക്കണം . """സെന്ടിമെന്‍സ്""". രണ്ടു തവണ "താല്പര്യം നഹീ " എന്ന് പറഞ്ഞ രണ്ടു ദയാശീലന്മാരെ വീണ്ടും വിളിച്ചു.

" അളിയാ. ജീവന്‍ മരണ പ്രശ്നമാണ്. നമുക്കിത് കിട്ടും എന്ന് എന്റെ മനസ്സ് പറയുന്നു. ഒറ്റയ്ക്ക് പോകാന്‍ പേടി ആണ്(!!#$!^).നിനക്കാകുമ്പോള്‍ യാത്ര ചെയ്തൊക്കെ നല്ല പരിചയം ഉണ്ടല്ലോ. നിങ്ങള്ക്ക് ജോലിയില്‍ താല്പര്യം ഇല്ലെങ്കില്‍ വേണ്ട. ഒന്ന് കൂടെ വരണം".

അവസാനം തേങ്ങാപ്പീര പോലെ ഇത്ര കൂടി ചേര്‍ത്ത് ;

" എനിക്ക് നിങ്ങലല്ലാതെ മറ്റാരുമില്ല അളിയാ. വന്നെ പറ്റൂ". ഇങ്ങോട്ട് ഒരു അക്ഷരം പറയാന്‍ സമയം കൊടുത്തില്ല. സംഗതി കലക്കി. ബിജോയും ടിബിനും വലയില്‍ കുടുങ്ങി !!!.

ഫോട്ടോയും എന്റെ വമ്പന്‍ 'കഴിവ് തെളിയിക്കല്‍ രേഖയും ' ഒക്കെ ആയി ഒരു ആനവണ്ടിയില്‍ കയറി. വണ്ടി കൃത്യമായി എല്ലാ കുഴികളിലും ചാടിച്ചു "ഇവനെ ഒക്കെ ഞാന്‍ ഉറക്കാം " എന്നുള്ള ആത്മഗതത്തോടെ, ഞങ്ങളുടെ സാരഥി പരത്തി വിടുകയാണ്. തമ്പാനൂര്‍ എത്തിയപ്പോള്‍ അര്‍ദ്ധ രാത്രി പന്ത്രണ്ടു മണി. സഹൃദയനായ ഒരു ഓട്ടോക്കാരന്‍ ഞങ്ങളെ ഒരു ലോഡ്ജിന്റെ മുന്‍പില്‍ എത്തിച്ചു. ഒരു ചരിത്ര സ്മാരകം പോലെ നിലകൊള്ളുന്ന പഴയ ഒരു കെട്ടിടം. ഭാഗ്യം ഒരു മൂന്നു പേര്‍ക്ക് കൂടി പങ്കിടാന്‍ ഒരു കിടക്കയുണ്ട്. കതകടക്കാന്‍ പോയ ടിബിന്റെ രോദനം " അളിയാ കതകിനു ലോക്ക് ഇല്ല". കതകടക്കാതെ കിടക്കാന്‍ പറ്റില്ല. അങ്ങനെ ഒരു തീരുമാനത്തില്‍ എത്തി. രണ്ടു പേര്‍ ഉറങ്ങുമ്പോള്‍ ഒരാള്‍ കാവലിരിക്കുന്നു. സംഗതി കൊള്ളാം എന്ന് പറഞ്ഞു ഞാനും ബിജോയും കട്ടിലില്‍ കയറി ഒറ്റ ഉറക്കം.

നേരം വെളുത് കണ്ണ് തുറന്നു നോക്കുമ്പോള്‍ കാവല്‍ക്കാരന്‍ ടിബിന്‍ കസേരയില്‍ ഇരുന്നുറങ്ങുന്നു. ഭാഗ്യം ബാഗുകള്‍ എല്ലാം ഭദ്രം. കുളിച്ചു കുട്ടപ്പന്മാരായി വച്ച് പിടിച്ചു ഇന്റര്‍വ്യൂ സ്ഥലമായ കലാലയത്തിലേക്ക്."

"സമാധാനം ജോലി ഉറപ്പായി. നമ്മള്‍ മാത്രമേ ഉള്ളൂ. അവര്‍ക്ക് വേറെ മാര്‍ഗം ഇല്ലല്ലോ.." ഇന്‍ ഹരിഹര്‍ നഗറിലെ ജഗതീഷിനെ പോലെ ഞാന്‍ എന്റെ സന്തോഷം വാക്കുകളിലൂടെ പ്രകടിപിച്ചു. അണ്ണാന്‍ മൂത്താലും മരം കയറ്റം മറക്കാത്തത് പോലെ ഞങ്ങളുടെ കണ്ണുകള്‍ തരുണീ മണികളെ അങ്ങോട്ടും ഇങ്ങോട്ടും സുരക്ഷിതമായി കൊണ്ട് പോയി വിട്ടുകൊണ്ടിരുന്നപ്പോഴാനു, ബിജോയുടെ വിലാപം. "പണി പാളി മോനെ; നോക്ക്". കടന്നലിന്റെ കൂട്ടില്‍ കല്ലെറിഞ്ഞ പോലെ വരുന്നു അനവധി നിരവധി ഉദ്യോഗാര്തികള്‍ !!!. വന്ന പാടെ മിക്കവാറും പുസ്തകമെടുത്തു പഠിക്കാന്‍ തുടങ്ങുന്ന കണ്ടു ടിബിന്‍ അരുളി ചെയ്തു.

"അളിയാ. കോവളത് പോയാല്‍ കുറച്ചു മദാമ്മമാരെ ഒക്കെ കാണാം. സമയം കളയാതെ വിട്ടാലോ?".

" വന്നതല്ലെടെയ് കഴിഞ്ഞിട്ട് പോകാം " എന്റെ മുഖത്തെ ദയനീയത കണ്ടു അളിയന്‍ സമ്മതിച്ചു". എഴുത്ത് പരീക്ഷയുടെ ഫലം വന്നു. ബസ്സില്‍ ഇടിച്ചു കയറുന്ന സ്വഭാവം അനുവര്തിക്കാനെന്നവണ്ണം ഭയങ്കര ഉന്തും തല്ലും. "നോക്കിയിട്ട് വലിയ കാര്യമൊന്നുമില്ല. പോകാം". പകുതി വഴി എത്തിയപ്പോള്‍ ടിബിന്റെ ചോദ്യം " അല്ല നീ ഇങ്ങോട്ട?".

"വീട്ടിലേക്കു. അല്ലാതെ എവിടെ പോകാനാണ്?.

" പോട്ടനാക്കതെടെയ്. നീ കണ്ടില്ലേ????. നിന്റെ പേര് ലിസ്റ്റില്‍ കിടക്കുന്നത്?"

അവന്‍ നോക്കിയത് കാരണം രക്ഷപെട്ടു. ഏതായാലും ദൈവം തമ്പുരാന്‍ കൈവിട്ടില്ല. എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി ആയി. പതുക്കെ റെയില്‍വേ സ്റ്റേനിലേക്ക് വിട്ടു. സത്യത്തില്‍ ഞാനും ഇതുവരെ ബിജോയും ട്രെയിനില്‍ കയറിയിട്ടില്ല. സിനിമയില്‍ അല്ലാതെ കണ്ടിട്ട് പോലുമില്ല. പണ്ടെന്തോ ആവശ്യത്തിനു ഒരിക്കല്‍ കയറിയിട്ടുള്ള ടിബിന്‍ അവര്കലാണ് ഗുരു. പത്തു മണിക്കാണ് ട്രെയിന്‍. ആകെ മടുത്തു . വീട്ടില്‍ എത്തിയിട്ട് വേണം ഒന്ന് കാര്യമായി വിശ്രമിക്കാന്‍. അഞ്ചാം നമ്പര്‍ പ്ലട്ഫോര്മില്‍ ഇരുന്നു, അവിടെയാണ് ട്രെയിന്‍ വരുന്നത്.

അനുഭവ സമ്പന്നനായ മുന്‍ റെയില്‍വേ യാത്രകാരന്‍ പറഞ്ഞു." ഈ ട്രെയിന്‍ പാലക്കാട് പോകുന്നതാണ്. ഇത് പോയാലെ നമ്മുടെ കോട്ടയം ട്രെയിന്‍ വരികയുള്ളു"

ഇന്ത്യന്‍ റെയില്‍വേ സമയനിഷ്ഠ പാലിക്കാത്തതിനെ കുറിച്ച് ഒരു ദീര്‍ഖമായ പ്രസംഗത്തിന് ശേഷം, അദ്ദേഹം ചായ കുടിക്കാന്‍ പോയി. ഓടാന്‍ തുടങ്ങിയ പാലക്കാട് ട്രെയിനെ ഒരു അന്യഗൃഹ ജീവിയെ കാണുന്നത് പോലെ നോക്കി നിന്ന്." ഭയങ്കര സംഭവം തന്നെ" ഒരു കൊച്ചു കുട്ടിയുടെ ലാഖവത്തോടെ ബിജോ പറഞ്ഞു.

" അളിയാ പണി കിട്ടി. ആ പോകുന്നതാണ് നമ്മുടെ ട്രെയിന്‍" !!!. അതെങ്ങനെ ശരി ആവും എന്ന് തമ്മില്‍ തമ്മില്‍ നോക്കി അവസാനിപിക്കുന്നതിനു മുന്‍പേ അവന്‍ മൊഴിഞ്ഞു .

" ആ ട്രെയിന്‍ കോട്ടയം വഴിയാണ് പോകുന്നത്. വേറെ കോട്ടയം ട്രെയിന്‍ ഇല്ല". ഞങ്ങളുടെ സമാധാനത്തിനായി ഇത്ര കൂടെ പറഞ്ഞു.

" സാരമില്ല ഇനി നാളെ രാവിലെ എട്ടു മണിക്ക് ഒരു ട്രെയിന്‍ ഉണ്ട്".

ഭഗവാനെ, വീണ്ടും പരീക്ഷണമോ???...

ആളുകള്‍ അവിടെയും ഇവിടെയും ഇരുന്നു ഉറങ്ങുന്നുണ്ട് . കൊതുകുകള്‍ ഇരയെ തപ്പി ചൂളം വിളിച്ചു നടപ്പാണ്, കണ്ണടക്കാന്‍ സമ്മതിക്കില്ല. എങ്ങനെ നേരം വെളുപ്പിക്കുമെന്നോര്തപ്പോള്‍ ഒരു കിടിലന്‍ ഐഡിയ, ടിബിന്‍ വക.

" നമുക്ക് ഈ സ്ഥലങ്ങളൊക്കെ ചുറ്റി നടന്നു കാണാം". സംഗതി കൊള്ളാം . നടപ്പ് തുടങ്ങി. നടന്നു നടന്നു ഒരു ചെറിയ വഴിയില്‍ എത്തി. കുറെ ലോറികള്‍ നിര്‍ത്തി ഇട്ടിരിക്കുന്നു. പൊതു വിളക്കുകള്‍ കത്തുന്നില്ല. ഒരു ഭീകര ലുക്ക്‌. മുന്‍പോട്ടു വച്ച കാല്‍ പിന്നോട്ടില്ലെന്ന് പറഞ്ഞു കൊണ്ട് ടിബിന്‍ അങ്ങുന്നു വച്ച് പിടിക്കുകയാണ്. വഴിയില്‍ നില്‍ക്കുന്ന പുല്ലുകളില്‍ ജലസേചനം നടത്തി തിരിഞ്ഞു നോക്കുമ്പോഴാണ് ടിബിനെ വളഞ്ഞു ഒരു പൂ കച്ചവടക്കാരനും കുറെ സ്ത്രീകളും. അവന്‍ പൂ വേണമെന്ന് പറഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ചു വന്നിരിക്കുകയാണ് തലയില്‍ കുറെ പൂക്കളുമായി അവര്‍!!!.

വേഷ വിധാനം കണ്ടാലറിയാം, സംഗതി കേസുകെട്ടാണ്. എത്രയും പെട്ടെന്ന് സ്ഥലം വിട്ടില്ലെങ്കില്‍ പണിയാകും. ഒരു സ്ത്രീ തന്റെ മാറിടത്തിലെ സാരി അഴിച്ചു അരയില്‍ കെട്ടി വച്ച് കൊണ്ടാണ് ഒച്ച വയ്ക്കുന്നത്. അവസാനം ലൈംഗിക സേവനം ചെയ്തില്ലെങ്കിലും പണം കിട്ടിയാല്‍ മതിയെന്ന അഭിപ്രായത്തില്‍ എത്തിച്ചേര്‍ന്നു. പെട്ടെന്ന് ഇരുനൂറു രൂപ കൊടുത്തു പതിയെ വലിഞ്ഞു. കേരളത്തില്‍ ഈ വിധ പുരുഷ പീഡനം അനുവദനീയമാണോ ആവോ?.വല്ല പോലീസുകാരും കണ്ടു പിടിച്ചു മാനം പോയാല്‍ നാറും, വല്ല പെറ്റി കേസും അടിച്ചാല്‍ ജോലിയും 'പണി' ആകും. തിരിഞ്ഞു നടക്കുന്നതിന്റെ ഇടയില്‍ ഒരു ജീപ്പ് വന്നു വട്ടം ചവിട്ടി.

" എങ്ങോട്ടാടാ... മൂന്നും കൂടി പാതിരാക്ക്‌??". പോലീസേമാന്മാരാന്.

" റെയില്‍വേ സ്റ്റേഷന്‍ തപ്പി നടക്കുവാ സാറേ". ഒരു നമ്പര്‍ ഇറക്കി.

" ഇവിടുന്നു നാല് കിലോമീറ്റര്‍ ഉണ്ട് അങ്ങോട്ട്‌. ജീപ്പില്‍ കയറിക്കോ . ഞങ്ങള്‍ അങ്ങോട്ടാ"

രാവിലെ ട്രെയിന്‍ വരുന്നത് വരെ ഉറക്കമൊഴിച്ചിരുന്നു. വീട്ടില്‍ എത്തി കട്ടിലിലേക്ക് വീണു.

രണ്ടു മാസം കഴിഞ്ഞു. സകലമാന മനുഷ്യരോടും സമാധാനം പറഞ്ഞു മടുത്തു. എന്നാണു പോകുന്നതെന്ന് പറഞ്ഞു മടുത്തു വീട്ടില്‍ നിന്നും പുറത്തിറങ്ങാതായി. ചിലപ്പോ, അവരും കുറച്ചു സമാധാനമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും !!:-). അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ഓഫര്‍ ലെറ്റര്‍ വന്നു. ബാംഗ്ലൂരില്‍ ഏതാനം ജോയിന്‍ ചെയ്യാന്‍. പോകേണ്ട ദിവസം യാത്ര അയക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ന ടിബിന്‍ പറഞ്ഞു.

"കഴിഞ്ഞ തീവണ്ടി യാത്ര മറന്നിട്ടില്ലല്ലോ?. ശ്രദ്ധിച്ചാല്‍ ദുഖിക്കേണ്ട!!".

അലപുഴയില്‍ നിന്നും ഒരു സുഹൃത്ത്‌ കൂടി ഉണ്ട്. ഒരിക്കല്‍ കണ്ട ഓര്‍മയെ ഉള്ളു. ട്രെയിനില്‍ കയറി മൂപ്പര്‍ പറഞ്ഞ സീറ്റില്‍ തന്നെ ഉണ്ട്. അവന്റെ അടുത്തിരിക്കുന്ന ആള്‍ക്ക് ടിക്കറ്റ്‌ കണ്‍ഫേം ആയിട്ടില്ല. TTR nu നൂറു രൂപ കൊടുത്തു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പാവം . ഞങ്ങള്‍ മൂന്നു പേരും ഇരുന്നും നിന്നും സംസാരിച്ചു. കുറെ കഴിഞ്ഞു മൂന്നാമന്‍ വന്നു ഒരു സന്തോഷ വാര്‍ത്ത പങ്കു വച്ചിട്ട് പോയി.

" എനിക്ക് സീറ്റ്‌ കിട്ടി S10-മുപ്പത്തിയേഴ്"

"കൊള്ളാം. ഭാഗ്യവാന്‍"

ആ ഭാഗ്യവാനെ അഭിനന്തിച്ചിട്ട്‌ എന്റെ ടിക്കെട്ടിലേക്ക് ഒന്ന് നോക്കി.

" അളിയാ, നോക്ക് .ഇതും S10-മുപതിയെഴു" .

TTR നെ തപ്പി നടന്നു കാലു കഴച്ചു. ഞാനും തീവണ്ടിയും മൂന്നാം നാളുകാര്‍ ആയിരിക്കും എന്ന് മനസ്സിനെ ആശ്വസിപിച്ചു ,നിലത്തിരുന്നു നേരം വെളുപ്പിച്ചു .അല്ലാതെന്തു ചെയ്യാന്‍. ഗതികേടിനു കുറെ ചക്രങ്ങളും പിടിപ്പിച്ചു എന്റെ മുന്നിലേക്ക്‌ വിട്ടിരിക്കുകയല്ലേ!!!.......