Tuesday, February 8, 2011

അനന്തം.....

ചാത്തുട്ടി മാസ്ടരുടെ മകന്‍ സുനി ഒരു ഓര്മച്ചുഴിയിലാണ്. പ്രപഞ്ചത്തോളം വളര്‍ന്നു നേര്‍ത്തു നേര്‍ത്തു ഇല്ലാതാവുന്ന ഒരു നീര്‍ വലയം.അനാമികക്ക്..ഞാന്‍ അനാമികയെ കണ്ടത് നിലാവുള്ള,.... നക്ഷത്രങ്ങളുള്ള രാത്രിയില്‍ ആയിരുന്നില്ല ,മഴയുടെ നനുത്ത സ്വാന്തനമുള്ളപ്പോള്‍ ആയിരുന്നില്ല, ...ഇളം കാറ്റ് വീശുന്ന സായം സന്ധ്യകളിലായിരുന്നില്ല. എന്തിനു ...തുളസിക്കതിര്‍ ചൂടി അമ്പലത്തില്‍ തൊഴുമ്പോള്‍ ആയിരുന്നില്ല. സാഹിത്യത്തിലും സിനിമയിലും പ്രണയം കിളിര്‍ക്കുന്നതിനു ഇങ്ങനെ ഒക്കെ ഒരു പശ്ചാത്തലം ഉണ്ടായിരുന്നു. ഇതൊക്കെ ഇല്ലാതിരുന്നിട്ടും നീ എന്റെ മനസ്സില്‍ കുടിയേറി. അതിനു ആഴ്ചകളോ മാസങ്ങളോ വേണ്ടി വന്നില്ല. ഒരു നിമിഷത്തിന്റെ ഒരംശം മതിയായിരുന്നു. "ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് " എന്നപോലെ. എന്നാല്‍ അതൊരിക്കലും; അല്ലെങ്കില്‍ അതിനെ ഒരിക്കലും ഞാന്‍ പ്രണയം എന്ന് വിളിച്ചിട്ടില്ല. അതിനുമപ്പുറം ദിവ്യമായ ഒരു ആരാധനയായിരുന്നു, എനിക്ക് നിന്നോടുണ്ടായിരുന്നത്. ആ നോട്ടത്തില്‍ നീ നിശബ്ദമായി ഒളിച്ചു വച്ചിരുന്ന വികാരം എന്തായിരുന്നു എന്നത് , ഏകാന്തതയില്‍ എന്നെ നോവിക്കുന്ന ഒരു ചോദ്യമായി ഇന്നും അവശേഷിക്കുന്നു. നിന്നെ പിരിയാന്‍ എന്റെ മനസ്സ് തീരുമാനിക്കുമ്പോഴും എനിക്ക് നിന്നെ പൂര്‍ണമായി ഇറക്കി വിടുവാന്‍ കഴിയുമായിരുന്നില്ല. നമ്മള്‍ രണ്ടു പേരും ഇരുവഴികളിലായി ലോകത്തിന്റെ പല കോണുകളില്‍ എത്തി. എന്നിട്ടും വിരഹം എന്ന വികാരത്തിന്റെ ആഴം എന്നെ ശൂന്യതയില്‍ നിന്നും ഏകാന്തതയിലേക്ക് പറിച്ചു നട്ടു. നീ എന്നിലേല്പിച്ച മുറിവ് ഒരു പളുങ്ക് പാത്രം പൊട്ടി വീണത്‌ പോലെയായിരുന്നു. ആ തിരിച്ചറിവായിരിക്കാം എനിക്ക് നിന്നോടുള്ള ഇഷ്ടത്തിന്റെ കാതല്‍.നീ എനിക്ക് വേണ്ടി പിറന്നവള്‍ ആണെന്ന് കരുതിയത്‌ എന്റെ തെറ്റായിരുന്നു. ആ തെറ്റ് ഏറ്റു പറഞ്ഞു കൊണ്ട് തന്നെ , നീ എന്റെ മനസ്സിന്റെ ഒരു നല്ല ശതമാനം കയ്യടക്കിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അറിയിക്കുകയാണ്....ഇന്നും നീ ഇല്ലാതെ , നിന്നെ കുറിച്ച് ആലോചിക്കാതെ ഒരു ദിവസം പോലും കടന്നു പോകാറില്ല.....ഇനി എങ്കിലും നീ എന്നെ മനസ്സിലാക്കി തിരിച്ചു വരും എന്ന് ഞാന്‍ കരുതുന്നു . ആ പ്രതീക്ഷയാണ് എനിക്ക് കാലത്തിനെതിരെ തുഴയാനുള്ള കരുത്തു പകരുന്നത്.സുനി .
കാലം തെറ്റി തന്നിലെതിയ പ്രണയ കുറിപ്പിലെ വരികളിലൂടെ ഓടി മടുത്തു അനാമികയുടെ കണ്ണുകള്‍ വിയര്‍ത്തു. ഉരുണ്ട തുള്ളികള്‍ ചുക്കി ചുളിഞ്ഞ മാംസത്തിലൂടെ ഒലിച്ചിറങ്ങി എവിടെയോ പോയി മറഞ്ഞു. ഈ വാര്‍ധക്യത്തിലും തന്നിലൊരു ചെറുപ്പക്കാരന്റെ മനസ്സ് ഒളിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ സുനി ആ കത്തില്‍ ഒരു മുത്തമിട്ടു പഴയ ട്രങ്ക് പെട്ടിയില്‍ മടക്കി വച്ച്, അനാമികയുടെ കണ്ണുകളില്‍ നോക്കി ഇരുപ്പായി.
സൗഹൃദം പ്രണയത്തിന്റെ കുപ്പായമിട്ടതറിഞ്ഞില്ല. നഷ്ടമായത് നീണ്ട അമ്പതു വര്‍ഷങ്ങള്‍.

ഓര്‍ക്കുമ്പോള്‍ ചിരി പൊട്ടുന്നു....മനസ്സില്‍ കിനിഞ്ഞിറങ്ങിയ നോവ്‌ അതൊരു അട്ടഹാസമാക്കാന്‍ നിര്‍ബന്ധിച്ചു. വഴങ്ങിയില്ല. ഈ സുവര്‍ണ നിമിഷങ്ങളില്‍ വഴങ്ങാന്‍ പാടില്ല. !... സ്നേഹം ജനിക്കുന്നു ,വളരുന്നു വലുതാവുന്നു..പിണക്കിയും അകത്തിയും കൊന്നാലും ചാവാത്ത ജീവബീജമായി അത് മനസ്സിലുറങ്ങുന്നു.വളര്‍ന്നു വലുതാകാന്‍ മറ്റൊരു ഗര്‍ഭ പാത്രവും കാത്ത്.
ഭാഗ്യമെന്നേ പറയേണ്ടു , ആ പഴയ വൃദ്ധ മന്ദിരത്തിലെ അന്തേവാസികള്‍ക്ക് സ്നേഹം നിഷിദ്ധമായിരുന്നില്ല .!!!.