Thursday, December 1, 2011

"നാടും കൂട്ടവും....."


കുറ്റി ബീഡിയും വലിച്ചു കുന്തളിച്ചിരിക്കുമ്പോഴാണ് മോഹനേട്ടന് വികാരം വരുന്നത്. പ്രണയമോ രതിയോ കുളിരോ മലയോ ഒന്നുമല്ല..നല്ല ഒന്നാന്തരം ദേഷ്യം.ഒന്നാം ഭാര്യ കമലാക്ഷി പിണങ്ങി പോയത് കൊണ്ടോ 'പഞ്ചായത്ത് വേശ്യ' സൂസി ആന്റി കതകു തുറക്കാത്തത് കൊണ്ടോ ഷാപ്പ്‌ കുഞ്ഞേട്ടന്‍ കള്ള് കടം കൊടുക്കാത്തത് കൊണ്ടോ അല്ല ,ഇതു പ്രതികാരമാണ്. സ്വന്തം കൂടപ്പിറപ്പ് മേനകയുടെ മരുമകളുടെ അമ്മാവന്റെ മകന്റെ മകളുടെ വയസ്സറിയിക്കലിനു വിളിച്ചു ഒരില ചോറ് കൊടുത്തില്ല...എന്തിനു ഒന്നറിയിച്ചു പോലുമില്ല.പോരേ പൂരം ? മോഹനേട്ടനും ഭാര്യ ഒതുക്കം ഭാര്‍ഗവിയും കൂടി നാട്ടുകാരോട് മുഴുവന്‍ പറഞ്ഞു പ്രാകി "അവനൊന്നും കൊണം പിടിക്കത്തില്ല.ഇവനൊക്കെ എന്നാ വലിയ ആളായെ?
സംഭവം വലിയ സംഭവമൊന്നുമല്ലെന്ന് പ്രിയ വായനക്കാര്‍ക്ക് തോന്നുമെങ്കിലും കൂടപ്പിറപ്പുകളായ മോഹനേട്ടനും മേനകാമണിയും ബദ്ധ ശത്രുക്കളായി എന്ന് പറഞ്ഞാല്‍ മതിയല്ലോ...തലകള്‍ ശങ്കര്‍ സിമന്റ്‌ ഇട്ടു ഉറപ്പിച്ചാലും നേരെ നോക്കാത്ത അവസ്ഥ. മേനക പെങ്ങളുടെ മകളുടെ കല്യാണം മുടക്കാന്‍ മോഹനേട്ടന്‍ 5 വട്ടം വെടി വഴ്പാട് നടത്തി എന്നൊക്കെ നാട്ടില്‍ സംസാരം..മോഹനേട്ടന്റെ മകന്‍ പത്താം ക്ലാസ്സ്‌ തോല്‍ക്കാന്‍ മുട്ടയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പടം വരച്ചു കുഴിച്ചിട്ടു എന്ന് പറയുന്നവരും കുറവല്ല ..ചിലപ്പോ അസൂയാലുക്കള്‍ ആവാനും മതി...മലയാളി അല്ലെ...അസൂയയും കുശുമ്പും വന്നില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളു!!!..അതും കൂടപ്പിറപ്പുകളോടും അയല്‍ക്കാരോടും...:-)
സ്വന്തം ജീവിതത്തില്‍ എവിടെയൊക്കെ വെളിച്ചം വേണമെന്നും എതിലേയൊക്കെ അത് സ്വീകരിക്കാമെന്നും എത്ര കാലം വേണമെന്നും ഒക്കെ ആരാണ് തീരുമാനിക്കേണ്ടത്? യാതൊരു അടിസ്ഥാനവുമില്ലാത്ത "ഈഗോ" മൂലം പല ആളുകള്‍ക്കും അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം സമൂഹം നല്‍കാതെ പോകുന്നു. തിരക്കുകള്‍ക്കിടയില്‍ ആളുകള്‍ പലതും മറക്കാരുണ്ട് , ഉദാഹരണത്തിന് വളരെ കാലേ കൂട്ടിയുള്ള ക്ഷണനങ്ങള്‍ , തിരക്ക് മൂലമോ അറിവില്ലായ്മ കൊണ്ടോ മുന്ഗണനാ ക്രമം തെറ്റിക്കല്‍, മറ്റുള്ളവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവരെ സംബോധന ചെയ്യാതിരിക്കല്‍ ..തുടങ്ങി പലതും. !!!... ഇതിനൊക്കെ അറിയാതെ കാരണഭൂതരായവര്‍, ഇത്തരത്തിലുള്ള വാശിയും, കാഴ്ചപ്പാടുകളും ഉള്ള മഹാനുഭാവന്മാരോട് എങ്ങാനും "ക്ഷമ" പറഞ്ഞു പോയാല്‍ തീര്‍ന്നു...അവര്‍ക്കപ്പോള്‍ "ഇനി ഇവന്‍ എന്റെ കാലു പിടിക്കട്ടെ" എന്നാവും ഭാവം. ഇതിലെ കുറ്റാരോപിതന്‍ ഒരു ക്ഷമാശീലനും പ്രശ്നങ്ങളില്‍ നിന്നും കഴിവതും ഒഴിവായി നില്‍ക്കണം എന്നാഗ്രഹിക്കുകയും ചെയ്യുന്ന "മര്യാദ രാമന്‍" ആണെന്നിരിക്കട്ടെ...അവനെ കൊണ്ട് ചെയ്ത തെറ്റിന് "വീട്ടു ജോലി" വരെ ചെയ്യിപ്പിച്ചിട്ട്-ക്ഷണിച്ച ചടങ്ങില്‍ പങ്കെടുക്കാതെ വിദ്വാന്‍ "മിടുക്കനാവുക"യും ചെയ്യും, എന്നുള്ളത് പലര്‍ക്കും അനുഭവം!..അവരുടെ ഭാവം കണ്ടാല്‍ ഞങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവരാണെന്നും ഒരിക്കലും തെറ്റ് പറ്റാത്തവരാണെന്നും ഒക്കെ തോന്നിപ്പോകും....എവിടെ ?!.. ഇടിച്ചു പിഴിഞ്ഞ് ചാറെടുത്തത്‌ പോരാഞ്ഞു ...നാട്ടുകാരോട് "വിഷയം " പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞില്ലെങ്കില്‍ ഇഷ്ടന്മാര്‍ക്കും ഇഷ്ടത്തികള്‍ക്കും ഉറക്കം വരില്ലെന്നത് വാസ്തവം :-).
എന്നാല്‍ മേനകാ മണിക്ക് പണി കിട്ടിയത് പുന്നാര മോളുടെ പെണ്ണ് കാണലിനാണ്. സുഖാന്വേഷണതോടൊപ്പം ദല്ലാള്‍ ഒറ്റ അലക്കല്‍.. "ഹല്ലാ...ദേ പോണു ..പെണ്ണിന്റെ അമ്മാവന്‍..ഞങ്ങള് പണ്ടേ വല്ല്യ ഇഷ്ടക്കാരാ, എടൊ മോഹനാ"...ഇതും പറഞ്ഞു ചെക്കന്റെ പിതാജിയുടെ നേരെ ഒരു നോട്ടം.അതിന്റെ മേന്മ കണ്ടാല്‍ അങ്ങേരു മോഹനന്‍ അവര്‍കള്‍ക്ക് ഒരു "വിജയ്‌ മല്ല്യ" പരിവേഷം കൊടുത്ത ഗുമ്മുണ്ട്..കുടുംബവുമായി നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ബന്ധം സ്ഥാപിക്കാം, അങ്ങനെ ചെക്കന്‍ വീട്ടുകാരുടെ വിശ്വാസ്യത നേടാം എന്നൊക്കെയുള്ള പരമു ആശാന്റെ പദ്ധതി പാളി ..മേനക ചേച്ചിക്കാണേല്‍, മനസ്സില്‍ അമൃതാഞ്ജന്‍ തേച്ച പോലൊരു പൊള്ളല്‍ .അമ്മാവച്ചാരാണെങ്കില്‍ ഞാനീ പഞ്ചായത്തില്‍ പോലുമുള്ള ആളേ അല്ല എന്നാ രീതിയില്‍ പിന്നാമ്പുറത്തെ റോഡിലൂടെ "പുത്തൂരം " കള്ള് ഷാപ്പിലേക്ക് വച്ച് പിടിച്ചു....
പിണക്കത്തിനു ആധാരമായ "വലിയ-ചെറിയ" കഥകള്‍ ഒക്കെ വിവരിച്ചു വന്നപ്പോഴേക്കും ചെക്കനും കൂട്ടരും സ്റ്റാന്റ് വിട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ....
.++++++--------++++++++-----------++++++++++----------------+++++++++----------++++നൂറ്റാണ്ടിലെ ഗുണപാഠം:ഭിത്തിയിലെ ചെറിയ ഓട്ടകള്‍ അപ്പപ്പോള്‍ അടക്കുക. അല്ലെങ്കില്‍ അവ വലുതാകുമ്പോള്‍ അയല്‍ക്കാര്‍ ഒളിഞ്ഞു നോക്കും..-----------------------------------------------------------------------------------------------------------------Disclaimer (ജാഡ )The image has been taken by the author from Edinburgh Castle Scotland.The names or situations mentioned in the post might not be real