
Thursday, December 1, 2011
"നാടും കൂട്ടവും....."

Tuesday, February 8, 2011
അനന്തം.....
കാലം തെറ്റി തന്നിലെതിയ പ്രണയ കുറിപ്പിലെ വരികളിലൂടെ ഓടി മടുത്തു അനാമികയുടെ കണ്ണുകള്‍ വിയര്‍ത്തു. ഉരുണ്ട തുള്ളികള്‍ ചുക്കി ചുളിഞ്ഞ മാംസത്തിലൂടെ ഒലിച്ചിറങ്ങി എവിടെയോ പോയി മറഞ്ഞു. ഈ വാര്‍ധക്യത്തിലും തന്നിലൊരു ചെറുപ്പക്കാരന്റെ മനസ്സ് ഒളിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ സുനി ആ കത്തില്‍ ഒരു മുത്തമിട്ടു പഴയ ട്രങ്ക് പെട്ടിയില്‍ മടക്കി വച്ച്, അനാമികയുടെ കണ്ണുകളില്‍ നോക്കി ഇരുപ്പായി.
സൗഹൃദം പ്രണയത്തിന്റെ കുപ്പായമിട്ടതറിഞ്ഞില്ല. നഷ്ടമായത് നീണ്ട അമ്പതു വര്‍ഷങ്ങള്‍.
ഓര്‍ക്കുമ്പോള്‍ ചിരി പൊട്ടുന്നു....മനസ്സില്‍ കിനിഞ്ഞിറങ്ങിയ നോവ് അതൊരു അട്ടഹാസമാക്കാന്‍ നിര്‍ബന്ധിച്ചു. വഴങ്ങിയില്ല. ഈ സുവര്‍ണ നിമിഷങ്ങളില്‍ വഴങ്ങാന്‍ പാടില്ല. !... സ്നേഹം ജനിക്കുന്നു ,വളരുന്നു വലുതാവുന്നു..പിണക്കിയും അകത്തിയും കൊന്നാലും ചാവാത്ത ജീവബീജമായി അത് മനസ്സിലുറങ്ങുന്നു.വളര്‍ന്നു വലുതാകാന്‍ മറ്റൊരു ഗര്‍ഭ പാത്രവും കാത്ത്.
ഭാഗ്യമെന്നേ പറയേണ്ടു , ആ പഴയ വൃദ്ധ മന്ദിരത്തിലെ അന്തേവാസികള്‍ക്ക് സ്നേഹം നിഷിദ്ധമായിരുന്നില്ല .!!!.
Monday, January 17, 2011
"മനോഭാവം" -നമ്മുടെ, അവന്റെ, അവളുടെ,എന്റെ, നിങ്ങളുടെ, അദ്ധേഹത്തിന്റെ, അവരുടെ...
ഗുമു ഗുമാന്നു നാഴികക്ക് നാല്പതു വട്ടം പറയുമെങ്കിലും... മനോഭാവം എന്നത് വളരെ വിശാലമായ അര്ഥമുള്ള ഒരു വാക്കാണെന്നു മനസ്സിലാക്കിയത് ഇക്കഴിഞ്ഞ പുതുവത്സര പിറവിയിലാണ് ."എല്ലാത്തിനും അതിന്റേതായ സമയമു"ള്ളത് (കടപ്പാട് : ദാസന് ആന്ഡ് വിജയന് )കൊണ്ട് ആരെയും കുറ്റപ്പെടുത്താന് കഴിയുകയുമില്ല.
ഒരാഴ്ച മുഴുവന് ബാംഗ്ലൂര് നഗരത്തില് ചുറ്റി തിരിഞ്ഞു ബോറടിച്ച എന്റെ പിതാവും ഞാനും നാട്ടിലേക്ക് പോകുവാന് തീരുമാനിച്ചു. ഏതോ ഒരു നിമിത്തം പോലെ ടിക്കറ്റ് കിട്ടിയത് ഡിസംബര് മുപ്പത്തി ഒന്നിനും. തീരുമാനമായി; ഇത്തവണത്തെ "ന്യൂ ഇയര്" ട്രെയിന് യാത്രക്കിടയില് എത്തിപെട്ടെക്കാവുന്ന ഏതെങ്കിലും "മൊബൈല് സിഗ്നല് രഹിത" കുഗ്രാമത്തിലോ,വനാന്തരത്തിലോ ആവാനും ആവാതിരിക്കാനും സാധ്യത ഉണ്ട്.
അടുത്ത സീറ്റില് ഉള്ള തമിഴ് കുടുംബവും ഇരു ചെവികളിലും ഹെഡ്സെറ്റ് തിരുകിയ അവസ്ഥയില് "ഒരു സങ്കീര്‍ത്തനം പോലെ" വായിച്ചു കൊണ്ടിരുന്ന പെണ്കുട്ടിയും പത്തു മണി ആയതേ "ചേട്ടാ ലൈറ്റ് കെടുത്തണം, ഉറങ്ങാന് പോകുവാ " എന്ന രീതിയില് ഉള്ള നോട്ടം എടുത്തെറിഞ്ഞപ്പോള്, വേറെ നിര്വാഹമില്ലാതതിനാല് ടിക്കറ്റ് എടുത്തതിന്റെ അവകാശത്തില് എനിക്ക് പതിച്ചു കിട്ടിയ ചാതുരാക്രുതിയിലേക്ക് ഒതുങ്ങി കൂടാന് നിര്ബന്ധിതനാവുകയും ചെയ്തു.
കഴിഞ്ഞ കുറെ വര്ഷങ്ങളില് സുഹൃത്തുക്കളുടെ ഒപ്പം ആഘോഷിച്ച രസകരങ്ങളായ "ന്യൂ ഇയര്" രാത്രികളെയും അയവിറക്കി അങ്ങനെ കിടക്കുമ്പോഴാണ് എവിടെ നിന്നോ ഒരു മാപ്പിളപ്പാട്ടിന്റെ ശീല് കേട്ട് തുടങ്ങിയത്. ഏതോ ചടങ്ങും കഴിഞ്ഞു മടങ്ങുന്ന ഒരു "മ്മിണി ബല്യ" ഒരു കുടുംബം. മുല കുടിക്കുന്ന കുഞ്ഞും അമ്മയും, നാല്-അഞ്ചു വയസ്സായ രണ്ടു മൂന്നു ആണ്കുട്ടികളും പെണ്കുട്ടികളും, ഏകദേശം നാല്പത്തഞ്ചുഉം എഴുപതും വയസ്സ് കണ്ടേക്കാവുന്ന രണ്ടു സ്ത്രീകളും , പതിനഞ്ചു , ഇരുപത്തിനാല് ,മുപ്പത്തി അഞ്ചു , നാല്പത്തി രണ്ടു വയസ്സ് പ്രായം ഏകദേശം കണ്ടേക്കാവുന്ന നാല് പുരുഷ കേസരികളും , പതിനാറു വയസ്സ് കണ്ടേക്കാവുന്ന രണ്ടു പെണ് തരികളും !. ഇതാണ് ആ സംഘത്തിന്റെ ഒരു ഏകദേശ രൂപം.
എത്തി വലിഞ്ഞു താഴത്തെ ബര്ത്തിലേക്ക് നോക്കി. ഉറക്കത്തിനു ഭംഗം വന്നാല് വെറുപ്പ് പ്രകടിപ്പിക്കാറുള്ള അച്ഛന് അതാ, എണീറ്റിരുന്നു ചെറുതായി താളം പിടിച്ചു ആസ്വദിക്കുന്നു. പാട്ടുകള് മാപ്പിളപ്പാട്ടില് നിന്നും ചുവടുമാറി, സിനിമ ഗാനങ്ങളുടെ ചുവടു പിടിച്ചു പഴയ ഭക്തി ഗാനങ്ങളും നാടന് പാട്ടുകലുമൊക്കെയായി രസം പിടിക്കുകയാണ്. ഇതിനു മികവു പകരാന് ചെറുതായി കൈ കൊട്ടുകയും നൃത്തം ചവിട്ടുകയും ചെയ്യുന്നുണ്ട് അവര്. മുഖം കണ്ടാലറിയാം അവരത് നന്നായി ആസ്വദിക്കുന്നുണ്ട്. തല പൊക്കി മനസ്സ് കൊണ്ടെങ്കിലും അവരുടെ ഒപ്പം കൂടുന്നവരുടെ എണ്ണം നിമിഷം പ്രതി വര്ധിക്കുന്നുമുണ്ട്. ഹാ...എന്ത് രസം.... ഇതാണ് ജീവിതം...കപട സദാചാരവും മാന്യതയും കുലം കുത്തി വാഴുന്ന ഈ ദേശത്ത് ജീവിതം വലിയ ഒരു "ആന" ആണെന്ന് വിചാരിക്കാതെ വളരെ ലഘുവായി മുന്നോട്ടു നീങ്ങുന്നവരുമുണ്ടല്ലോ...
ഇതിനു മുന്പുള്ള പല ട്രെയിന് യാത്രകള് കയ്പ്പും മധുരവുമേറിയ പല അനുഭവങ്ങളും ഈയുള്ളവന്റെ ജീവിതത്തില് തന്നിട്ടുണ്ട്..പരസ്പരം ഒരക്ഷരം മിണ്ടാതെ ഒരു യാത്ര മുഴുവന് പൂര്ത്തിയാക്കിയതും , രാത്രി ഒരു പോള കണ്ണടക്കാതെ വാചകമടിച്ചു ഇരുന്നതും, ഇപ്പോഴും നിലനില്ക്കുന്ന സുഹൃദ് ബന്ധങ്ങള് തന്നതും, പരിചയപ്പെടാനായി "ഇദ്ധേഹം എങ്ങോട്ടാണാവോ?" എന്ന് ചോദിച്ചപ്പോള് "അറിഞ്ഞിട്ടിപ്പോ തനിക്കെന്താ കാര്യം?" എന്ന് മറു ചോദ്യം വരെ കേള്ക്കേണ്ടി വന്നതും ഇതു പോലുള്ള ഒരു ട്രെയിന് യാത്രയില തന്നെയാണ്. അവരുടെ ഒപ്പം കൂടി "ഓളം" വയ്ക്കാന് മനസ്സ് വെമ്പുന്നുണ്ടെങ്കിലും, ആ സംഘാങ്ങങ്ങളുടെ പ്രതികരണത്തെക്കുറിച്ച് ആശങ്ക ഉടലെടുത്തത് കൊണ്ട് സംയമനം പാലിച്ചു.
"ഇയ്യാള്ക്ക് ഒന്നും ഉറക്കമില്ലെടോ ?..നാളെ രാവിലെ എണീക്കെണ്ടതാണ്..." ശബ്ദം നമ്പര് ഒന്ന്.
"നമ്മളൊക്കെ എന്നും ഉറങ്ങുന്നതല്ലേ ചേട്ടാ. ഒരു ഒരു മണിക്കൂര് ന്യൂ ഇയര് ആയി ക്ഷമിച്ചു കൂടെ". ശബ്ദം നമ്പര് രണ്ടു.
"നിങ്ങളിത് നിര്ത്തുന്നോ ഇല്ലയോ. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം.റെയില്‍വേ പോലീസിനെ വിളിച്ചാല് എല്ലാത്തിന്റെം കുതിര കളി നില്ക്കും." ഒന്നാമത്തെ ശബ്ദത്തിന്റെ ഉടമ.
കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ,ഒരു പറ്റം ആളുകളുടെ രസം തല്ലികെടുത്തി കൊണ്ട് കമ്പാര്ട്ട്മെന്റിന്റെ അറ്റത്ത് നിന്നെവിടെ നിന്നോ വന്ന ആ വില്ലന് പോയി മറഞ്ഞു. ആ മാന്യന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സമാധാനം ഉറഞ്ഞു കൂടുന്നതായി കാണപ്പെട്ടു. ഒരു ഇരുപത്തെട്ടു മുപ്പതു വയസ്സ് പ്രായം കണ്ടേക്കാവുന്ന ആ പ്രിയ സുഹൃത്ത് ഈ പ്രായത്തില് ഇത്ര കാര്ക്കശ്യം കാണിക്കാന് പാടില്ലായിരുന്നു എന്നെന്റെ മനസ്സ് പറഞ്ഞു. ഞാനും അവിടെ നിന്നും എവിടെ നിന്നും ഇറങ്ങി വന്ന മറ്റു രണ്ടു ചെറുപ്പക്കാരും ചേര്ന്ന് ആ സംഘത്തെ ആശ്വസിപ്പിക്കാന് ഒരു ശ്രമം നടത്തി. കൊച്ചു കുട്ടികള് ആകെ സങ്കടപ്പെട്ടു ഉറക്കം പിടിക്കാന് തുടങ്ങി. ഒരു പതിനൊന്നര ആയിക്കാണണം ...തല നരച്ച ഒരു അമ്പത് വയസ്സില് കുറയാത്ത ചേട്ടന് എണീറ്റ് വന്നു ഒറ്റ ചോദ്യം "നിങ്ങള്ക്കൊന്നും ന്യൂ ഇയര് ഇല്ലേടാ പിള്ളേരെ??".ഞങ്ങള് ഒന്നടങ്കം പറഞ്ഞു "പിന്നില്ലാതെ". പന്ത്രണ്ടു മണി. ആ ട്രെയിനില് ഉള്ള മുഴുവന് യാത്രക്കാരെയും വിളിച്ചുണര്ത്തി ന്യൂ ഇയര് വിഷ് ചെയ്തു. ചിലരൊക്കെ തിരിച്ചു വിഷ് ചെയ്തു.ചിലരാവട്ടെ മധുരവും കേക്കും തന്നു. മറ്റു ചിലര് അവരുടെ ജീവിതത്തില് ഇത്ര നന്നായി ഉറങ്ങിയിട്ടില്ല എന്നാ മട്ടില് തിരിഞ്ഞു കിടന്നു. നിര്ത്തിയ സ്റ്റേഷനില് എല്ലാം ഇറങ്ങി , കച്ചവക്കാരെയും, യാത്രക്കാരെയും, തൊഴിലാളികളെയും , ആരെയും വിടാതെ മുഴുവന് വിഷ് ചെയ്തു. ജീവിതത്തിലെ ഒരു നല്ല ദിവസം നഷ്ടപെടുതാന് താല്പര്യമില്ലാത്ത പത്തു പന്ത്രണ്ടു പേരായിരുന്നു ആ സംഘത്തില്.
ഇതു പോലെ മനസ്സില് തട്ടിയ മറ്റൊരനുഭവം ആലപ്പുഴ -കോട്ടയം ബോട്ട് യാത്രയിലാണ് ഉണ്ടായത്.ഒരു സുഹൃത്തിന്റെ ചേച്ചിയുടെ കല്യാണത്തിന് പോയി മടങ്ങുമ്പോള്‍ ഒരു കൌതുകത്തിന് പത്തു രൂപ മുടക്കി 'നാല് മണിക്കൂര്' യാത്ര ചെയ്തെങ്കിലും, നിഷ്കളങ്കത നിറഞ്ഞ, ജീവിതത്തില് വലിയ തിരക്ക് പിടിക്കാത്ത, മറ്റുള്ളവരെ പരിഗണിക്കുന്ന ഒരു പറ്റം നല്ല മനുഷ്യരെയാണ് കാണാന് പറ്റിയത്. ട്രാഫിക് സിഗ്നലില് അഞ്ചു മിനിറ്റ് തികച്ചു കിടക്കാന് വിമുഖത കാണിക്കുന്ന നമ്മില് പലരും അവരില് നിന്നും പലതും പഠിക്കാനുണ്ട്. സ്കൂള് കുട്ടികള്ക്ക് കണക്കു പറഞ്ഞു കൊടുത്തും , പച്ചക്കറി അറിഞ്ഞും , അടക്കം പറഞ്ഞും, വെള്ളപ്പരപ്പിലെക്കും വിദൂരതയിലെക്കും കണ്ണ് നട്ടും ഇരിക്കുന്നവരുടെ മുഖം, ആ രസം കൊല്ലികളുടെ മുഖവുമായി താരതമ്യ പഠനത്തിനു വച്ചാല് .......!!!?
സേലം സ്റ്റേഷനില് എത്തിയപ്പോള് ഒരു മുംബൈ വണ്ടി കിടക്കുന്നു. ഉച്ചത്തില്‍ "ഹാപ്പി ന്യൂ ഇയര്" പറഞ്ഞു എല്ലാവരെയും വിഷ് ചെയ്തു. പരിപാടിയൊക്കെ നിര്ത്തി പതിയെ ഉറങ്ങാമെന്ന് ചിന്ത എല്ലാവരും പങ്കു വച്ചപ്പോഴാണ് "എന്നാ പ്രശ്നം , എങ്കെ എങ്കെ?? " എന്ന് ചോദിച്ചു കൊണ്ട് മൂന്നു കാക്കിധാരികള് കയറിയത്. പറഞ്ഞു കേട്ട ചരിത്രങ്ങളുടെ "അടി"സ്ഥാനത്തില് , സ്ഥാനത്തിനു അടി കിട്ടാനുള്ള സാധ്യത തള്ളിക്കളയാന് പാടില്ല. തടിച്ചു കൊഴുത്ത് ഒരു കപ്പടാ മീശക്കാരന് ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. എന്റെ അടുത്ത് വന്നപ്പോള് ദശാബ്ദങ്ങളായി നോക്കി നടന്ന പിടികിട്ടാ പുള്ളിയെ കണ്ട വണ്ണം ഒന്ന് നിന്ന് ..ദൈവത്താണെ, ഉള്ളൊന്നു കാളി!... അയ്യാള്ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കൈ നീട്ടി... ഒറ്റ ഷേക്ക് ഹാന്ഡ് ...പോരാഞ്ഞു തമിഴ് ഇംഗ്ലീഷ് ചുവയില് സണ്‍ മൊഴിമാറ്റ-സിനിമാ ഡയലോഗ് പോലെ ഒറ്റ കാച്ച് . "ഹാപ്പി ന്യൂ ഇയര്".
വാല് : ഇത്രയൊക്കെ ആളുകളുടെ;- അത്ര കണ്ടു സങ്കീര്ണ്ണം അല്ലാത്ത ഒരു വിഷയത്തെ അധികരിച്ചുള്ള "മനോഭാവം", എല്ലാത്തിനെയും 'അനാവശ്യ' ഗൌരവത്തില് കാണുന്നവര് ഒന്ന് കീറി മുറിച്ചു നോക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്- എന്നാണു ഈയുള്ളവന്‍ ഉള്‍പ്പെടെ ഉള്ള ഒരു പറ്റം സമാധാന കുതുകികളുടെ അന്നത്തെ കണ്ടെത്തല്‍ :-)
-January 2011
Saturday, April 17, 2010
ആ 'തീവണ്ടിയും' ഞാനും !!!....
ഇനിയെന്ത് പറയും എന്നാലോചിച്ചു ഓര്‍മകളെ ഒന്ന് പുറകിലേക്കോടിച്ചു നോക്കിയപ്പോഴാണ്, അതിലും വേഗത്തില്‍ ഒരു തീവണ്ടി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സയറനും മുഴക്കി മുന്‍പോട്ടു വരുന്നത്......എന്നാല്‍ പിന്നെ അത് തന്നെയാവട്ടെ !!!
കുറെ അങ്കലാപ്പുകള്‍ക്കും ഓട്ട പ്രദക്ഷിനങ്ങള്‍ക്കും ശേഷം കിട്ടിയ ഒരു ഊര്‍ജ തന്ത്ര ബിരുദ് സര്‍ടിഫിക്കെറ്റുമായി "ഇനി എന്ത് ?" .എന്ന ചോദ്യം എന്നോട് തന്നെ പലവട്ടം ചോദിച്ചു കൊണ്ട് പാലക്കൊമ്പേല്‍ സുനിലേട്ടന്റെ പലചരക്ക് കടയില്‍; ഒരു നിറപറ അരിച്ചാക്കിന്റെമുകളില്‍ കയറി നിശബ്ദനായി ഇരിക്കുകയാണ്. പച്ച അരി തിന്നാല്‍ പിത്തം പിടിക്കുമെന്ന് ഓര്മ വച്ച കാലം മുതല്‍ അമ്മ പറയാറുണ്ടെങ്കിലും, മനസ്സിലെ പിരിമുറുക്കത്തിന് ഒരു അയവ് കിട്ടാന്‍ ഓരോ അരിമണി എടുത്തിട്ട്" കറുമുറാ" ചവച്ചു.... ഞാന്‍ ടെന്‍ഷന്‍ ആകുന്ന സെല്‍ഫ് ഗോള്‍ അടിച്ചു മനസ്സിനെ അവതാളത്തില്‍ ആക്കുന്നതിനു പുറമേ, നാട്ടുകാരും സുഹൃത്തുക്കളും എന്ന് വേണ്ട അവസാന ആശ്രയമായ വീട്ടുകാര്‍ വരെ എന്റെ ഭാവിയെ പറ്റി ഒരുമിച്ചു ആവലാതി കാണിക്കാന്‍ തുടങ്ങിയപ്പോഴാണ് പതിയെ പുതിയ ഒരു മേച്ചില്‍ പുറം കണ്ടു പിടിക്കെണ്ടതിന്റെ ആവശ്യകതയെ പറ്റി ഒരു ഉള്‍വിളി കാര്യമായി ഉണ്ടാവുന്നത്.... ഒരു 'ബി. എഡും ' കൂടി എടുത്താല്‍ ഒരു അധ്യാപകനായി വിലസാം എന്ന ആഗ്രഹം ആസ്ഥാനതാണെന്ന് എന്റെ ഒരു പ്രിയ സുഹൃത്തിന്റെ അനുഭവത്തില്‍ കൂടി പഠിച്ചപ്പോള്‍ ആ മേഖല അങ്ങ് വിട്ടു... അഞ്ചു മുതല്‍ എട്ടു ലക്ഷം രൂപ കൊടുക്കാതെ ആ പരിസരത്തോട്ട് നോക്കാന്‍ കൂടി പറ്റില്ല. " വാ കീറിയ ദൈവം ഇരയും തരും " എന്ന ഉറച്ച വിശ്വാസത്തില്‍ പതിയെ 'കേരള പബ്ലിക് സര്‍വീസ് കമ്മിഷനെയും പല വട്ടം മുട്ടി നോക്കി.... കുറെ ആയപ്പോള്‍ 'ആനവണ്ടി(??)-സ്വകാര്യ ബസ്' മുതലാളിമാരെ എന്റെ പണം കൊണ്ട് വളരാന്‍ അനുവദിച്ചു കൂടാ എന്ന വെളിപാടുണ്ടാവാന്‍ തുടങ്ങി.... അല്ലെങ്കിലെ പരീക്ഷകളിലോന്നും " കറക്കി കുത്ത്" ഭഗവാന്‍ പഴയ പോലെ കനിയുന്നില്ല .... വീട്ടില്‍ നിന്നും പഴയ പോലെ പണം ചോദിച്ചു വാങ്ങാന്‍ എന്നിലെ അഭിമാനിയായ പുരുഷ കേസരി വഴങ്ങുന്നുമില്ല...ഇത് പോലെ പോയാല്‍ പുര നിറഞ്ഞു നില്‍ക്കേണ്ടി വരാനുള്ള ഒരു സാധ്യത തള്ളികളയാനാവില്ല എന്ന യാഥാര്‍ത്ഥ്യം പതിയെ വേദനിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. നാട്ടിലെ ചില മിടുക്കന്മാരായ കുട്ടികളെ ട്യൂഷന്‍ പഠിപ്പിക്കുന്നത് കൊണ്ട്, ഈ അവസ്ഥയില്‍ വായുവിനെയും വെള്ളത്തെയും പോലെ അവശ്യ വസ്തുവായ 'മൊബൈല്‍ ഫോണിനു' കഷ്ടിച്ച് തീറ്റ കൊടുക്കാം...
രാവിലെ കളത്തില്‍ ഇറങ്ങിയതാണ്. ഒരു അഞ്ചാം ക്ലാസ്സുകാരന്‍ വൃത്തിയായി കണക്കു ചെയ്യുന്നത് നോക്കി ഇരുന്നിട്ട് ഇറങ്ങിയാതെ ഉള്ളു. ആള് പുപ്പുലി ആണ്. ഞാന്‍ ഒരു അധ്യാപകന്റെ സ്വാതന്ദ്ര്യം ദുര്‍വിനിയോഗം ചെയ്തു അദ്ധേഹത്തിന്റെ പഠന സംബന്ധിയായ വല്ലതും സംസാരിച്ചു പോയാല്‍ കുടുങ്ങിയത് തന്നെ..."മൌനം വിദ്വാനു ഭൂഷണം" എന്ന് ചെറുപ്പത്തില്‍ പഠിച്ചത് മാത്രം ഓര്‍മിച്ചാല്‍ ആ കണ്ണാട വച്ച ബുദ്ധി രാക്ഷസനു മുന്‍പില്‍ നിന്ന് രക്ഷ പെടാം. ഈ പ്രക്രിയയില്‍ എന്റെ ബുധിപൂര്‍വകമായ ഇടപെടല്‍ ആവശ്യമുള്ള ഏക സംഭാഷണം ഇതാണ്.
"ഒരു മണിക്കൂറായി ടുട്ടു മോനെ, ഇനി നാളെ "....
രാജപ്പന്‍ പിള്ളയുടെ ചായക്കടയില്‍ ഒരു കാലിച്ചായയും മോന്തി ഇരിക്കുമ്പോഴാണ് ഒരു മധുര മനോഹര ഗാനം ഒഴുകിയെത്തുന്നത് ."ജീവിപ്പതാര്‍ക്ക് വേണ്ടി ..അറിയില്ലല്ലോ..." മൊബൈലില്‍ ആരോ വിളിക്കുന്നു.
അങ്ങേ തലക്കല്‍ ഒരു ചെറിയമ്മ ആണ്. " എടാ ...മാതൃഭൂമി പത്രത്തിലൊരു വാര്‍ത്ത. നീ കണ്ടില്ലേ...മിടുക്കന്മാരായ ബിരുദ വിദ്യാര്ധികള്‍ക്ക് "മാക്രോ" കമ്പനിയില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യാമെന്ന്. നീ ഒന്ന് നോക്ക്...കിട്ടിയാല്‍ നല്ലതല്ലേ .. "...
സത്യത്തില്‍ ഇപ്പോള്‍ പത്രം അങ്ങനെ കാര്യമായി നോക്കാറില്ല. കണ്ണില്‍ പെടുന്നത് മുഴുവന്‍ വെട്ടു , കുത്ത്, കൊലപാതകം തുടങ്ങിയ സുപ്രധാനവും രോമാന്ച്ച ജനകവുമായ വാര്‍ത്തകള്‍ അല്ലെ ?..വായിച്ചു ചീത്ത ആയി പോയാലോ !!.
"വല്ല 'ബി പി ഓ' ക്കാരുമായിരിക്കും. ഇത് ഞാന്‍ കുറെ കണ്ടതാ. ഇന്നാളു CMS collegilum ,ചങ്ങനാശ്ശേരി NSS lum അവന്മാര് വന്നതാ...പൈസ ഒക്കെ കെട്ടി വക്കണം പോലും, പിന്നെ രണ്ടു കൊല്ലം ബോണ്ടും" .ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു..ഹാവൂ ആശ്വാസം.! " അല്ലടാ. ഇത് സോഫ്റ്റ്‌വെയര്‍ കമ്പനിയാണ്. നീയൊന്നു പോയി നോക്ക് " വിടുന്ന മട്ടില്ല. " ഞാന്‍ MCA ക്ക് പോകാന്‍ ആലോചിക്കുകയാണ്. ഇതൊക്കെ മിക്കവാറും thaട്ടിപ്പായിരിക്കുമെന്നെ ..MCA കഴിഞ്ഞിട്ട് നോക്കാം".. ഒരു കള്ളം അടിച്ചു വിട്ടു. "
"നീ അല്ലേലും ഒരു മടിയനാ. നിന്നെ പറഞ്ഞു വിടാന്‍ പറ്റുമോന്നു ഞാന്‍ ഒന്ന് നോക്കട്ടെ. അച്ഛനെ ഒന്ന് വിളിക്കാം".
വീട്ടില്‍ ഒരു "ആശയ ധ്രുവീകരണം" ഉടലെടുക്കുന്നത് എങ്ങിനെയും തടയണം. രണ്ടും കല്‍പ്പിച്ചു ഞാന്‍ കാച്ചി. " ഞാന്‍ പോകുന്നുണ്ട്"!!! സമയം ഉച്ചയായി. മനസ്സിന്റെ വിങ്ങല്‍ വയറു മനസ്സിലാക്കില്ലല്ലോ... ഇനി ഈ പ്രദേശത്ത് പൈസ കൊടുക്കാതെ ഊണ് കഴിക്കാന്‍ പറ്റിയ ഒരു സ്ഥലമേ ഉള്ളു. മറ്റെങ്ങുമല്ല അടിയന്റെ സ്വന്തം വീട്". പോയാല്‍ " മാതൃഭൂമിയും" നോക്കാം, ഊണും കഴിക്കാം, രണ്ടാണ് ഗുണം. റോയല്‍ എന്‍ഫീല്‍ഡും (എന്റെ സൈക്കിള്‍ നെ സ്നേഹത്തോടെ വിളിക്കുന്ന പേര്) എടുത്തു ചവുട്ടി പിടിച്ചു വീട്ടിലേക്കു.
"നാട് നീളെ തെണ്ടി തിരിഞ്ഞു നടന്നിട്ട് , കഴിക്കാന്‍ സമയം ആകുമ്പോള്‍ കൃത്യമായി വരുന്നുണ്ട്!!. നിന്നെ പോലുള്ള മറ്റു പിള്ളേരൊക്കെ ഓരോ course nu ചേര്‍ന്ന്."
കിട്ടാനുള്ളത് കിട്ടി. മിണ്ടാതിരിക്കുന്നതാണ് ബുദ്ധി. എന്റെ മൌനം കണ്ടു മാതാശ്രീ -
" ആരോട് പറയാനാ. തലയില്‍ എഴുത്ത്. ഉത്തരവാദിത്വം ഇല്ലാത്തവന്‍. അവനവനു വേണമെങ്കില്‍......." എന്ന് പറഞ്ഞു സ്ഥലം വിട്ടു. പത്രം എടുത്തു നോക്കി. ഒന്നും കാണുന്നില്ല. ചെറിയമ്മക്കു കണ്ണിനു പ്രശ്നം ഒന്നുമുല്ലതല്ലല്ലോ.
കിട്ടിപ്പോയ് !!. ബലാല്‍സംഗം, പിടിച്ചു പാറി ,തട്ടിപ്പ്, രാഷ്ട്രീയ കാലുവാരന്‍ തുടങ്ങിയ ദിനം ദിന സുപ്രധാന വാര്തകള്‍ക്കിടയില്‍ ഒരു ചെറിയ കോളം അപ്രധാന വാര്‍ത്ത. സംഗതി കൊള്ളാം. എന്നാല്‍ മറ്റൊരു കാര്യം ഓര്‍ത്തപ്പോള്‍ അടച്ച കള്ളുഷാപ്പിനു മുന്‍പില്‍ ഇതികര്തവ്യതാ മൂടനായി നില്‍ക്കുന്ന സ്ഥിരം കുടിയന്റെ...ഭാവത്തോടെ കണ്ണ് തള്ളി. ഒരു .....". പത്ര പ്രവര്‍ത്തകനും സംവിധായകനുമോക്കെയായി, ഈ മഹാരാജ്യം നന്നാക്കി എടുക്കാം എന്ന് ആഗ്രഹിച്ചു നടന്നിരുന്ന ഒരു നിഷ്കളങ്കന്, മറ്റെന്തു തോന്നാന്‍. പോരാത്തതിന് പഠിക്കാന്‍ സുഹൃത്തായ അദ്ധ്യാപകന്‍ വഴി 'ഒരു സ്ഥലവും നോട്ടമിട്ടതായിരുന്നു...."..അതിനെ ചൊല്ലി ഒരു കലാപ കലുഷിത അന്തരീക്ഷമാണ് വീട്ടില്‍ .
hmm...തലേ വര ഇതാണെങ്കില്‍ 'തടുക്കാന്‍ ' കൊട്ടാരത്തില്‍ മൂരിയെ കൊണ്ട് പറ്റില്ലല്ലോ???...സംഭവം അനന്തപുരിയിലാണ്. ഒറ്റയ്ക്ക് പോയാല്‍ ശരി ആവില്ല. വല്ല പറ്റിപ്പ് പരിപാടിയും ആണെങ്കില്‍ ഒരു കൂട്ട് വേണമല്ലോ. കൂടെ പഠിച്ച വിദ്വാന്മാരെ കുറച്ചു പേരെ കൂട്ടാം. ഇന്ന് പോയാലെ നാളെ രാവിലെ മുഖം കാണിക്കാന്‍ പറ്റൂ. കണ്ണില്‍ കണ്ട നമ്പറില്‍ എല്ലാം വിളിച്ചു...നോ രക്ഷ. ഇങ്ങനെ പോയാല്‍ ശരി ആവില്ല. രണ്ടു മണിക്കൂറിനുള്ളില്‍ സ്ഥലം വിട്ടില്ലെങ്കില്‍ ആക്കിയില്ലെങ്കില്‍ സംഗതി നടക്കില്ല. അവസാന അടവ് എടുക്കണം . """സെന്ടിമെന്‍സ്""". രണ്ടു തവണ "താല്പര്യം നഹീ " എന്ന് പറഞ്ഞ രണ്ടു ദയാശീലന്മാരെ വീണ്ടും വിളിച്ചു.
" അളിയാ. ജീവന്‍ മരണ പ്രശ്നമാണ്. നമുക്കിത് കിട്ടും എന്ന് എന്റെ മനസ്സ് പറയുന്നു. ഒറ്റയ്ക്ക് പോകാന്‍ പേടി ആണ്(!!#$!^).നിനക്കാകുമ്പോള്‍ യാത്ര ചെയ്തൊക്കെ നല്ല പരിചയം ഉണ്ടല്ലോ. നിങ്ങള്ക്ക് ജോലിയില്‍ താല്പര്യം ഇല്ലെങ്കില്‍ വേണ്ട. ഒന്ന് കൂടെ വരണം".
അവസാനം തേങ്ങാപ്പീര പോലെ ഇത്ര കൂടി ചേര്‍ത്ത് ;
" എനിക്ക് നിങ്ങലല്ലാതെ മറ്റാരുമില്ല അളിയാ. വന്നെ പറ്റൂ". ഇങ്ങോട്ട് ഒരു അക്ഷരം പറയാന്‍ സമയം കൊടുത്തില്ല. സംഗതി കലക്കി. ബിജോയും ടിബിനും വലയില്‍ കുടുങ്ങി !!!.
ഫോട്ടോയും എന്റെ വമ്പന്‍ 'കഴിവ് തെളിയിക്കല്‍ രേഖയും ' ഒക്കെ ആയി ഒരു ആനവണ്ടിയില്‍ കയറി. വണ്ടി കൃത്യമായി എല്ലാ കുഴികളിലും ചാടിച്ചു "ഇവനെ ഒക്കെ ഞാന്‍ ഉറക്കാം " എന്നുള്ള ആത്മഗതത്തോടെ, ഞങ്ങളുടെ സാരഥി പരത്തി വിടുകയാണ്. തമ്പാനൂര്‍ എത്തിയപ്പോള്‍ അര്‍ദ്ധ രാത്രി പന്ത്രണ്ടു മണി. സഹൃദയനായ ഒരു ഓട്ടോക്കാരന്‍ ഞങ്ങളെ ഒരു ലോഡ്ജിന്റെ മുന്‍പില്‍ എത്തിച്ചു. ഒരു ചരിത്ര സ്മാരകം പോലെ നിലകൊള്ളുന്ന പഴയ ഒരു കെട്ടിടം. ഭാഗ്യം ഒരു മൂന്നു പേര്‍ക്ക് കൂടി പങ്കിടാന്‍ ഒരു കിടക്കയുണ്ട്. കതകടക്കാന്‍ പോയ ടിബിന്റെ രോദനം " അളിയാ കതകിനു ലോക്ക് ഇല്ല". കതകടക്കാതെ കിടക്കാന്‍ പറ്റില്ല. അങ്ങനെ ഒരു തീരുമാനത്തില്‍ എത്തി. രണ്ടു പേര്‍ ഉറങ്ങുമ്പോള്‍ ഒരാള്‍ കാവലിരിക്കുന്നു. സംഗതി കൊള്ളാം എന്ന് പറഞ്ഞു ഞാനും ബിജോയും കട്ടിലില്‍ കയറി ഒറ്റ ഉറക്കം.
നേരം വെളുത് കണ്ണ് തുറന്നു നോക്കുമ്പോള്‍ കാവല്‍ക്കാരന്‍ ടിബിന്‍ കസേരയില്‍ ഇരുന്നുറങ്ങുന്നു. ഭാഗ്യം ബാഗുകള്‍ എല്ലാം ഭദ്രം. കുളിച്ചു കുട്ടപ്പന്മാരായി വച്ച് പിടിച്ചു ഇന്റര്‍വ്യൂ സ്ഥലമായ കലാലയത്തിലേക്ക്."
"സമാധാനം ജോലി ഉറപ്പായി. നമ്മള്‍ മാത്രമേ ഉള്ളൂ. അവര്‍ക്ക് വേറെ മാര്‍ഗം ഇല്ലല്ലോ.." ഇന്‍ ഹരിഹര്‍ നഗറിലെ ജഗതീഷിനെ പോലെ ഞാന്‍ എന്റെ സന്തോഷം വാക്കുകളിലൂടെ പ്രകടിപിച്ചു. അണ്ണാന്‍ മൂത്താലും മരം കയറ്റം മറക്കാത്തത് പോലെ ഞങ്ങളുടെ കണ്ണുകള്‍ തരുണീ മണികളെ അങ്ങോട്ടും ഇങ്ങോട്ടും സുരക്ഷിതമായി കൊണ്ട് പോയി വിട്ടുകൊണ്ടിരുന്നപ്പോഴാനു, ബിജോയുടെ വിലാപം. "പണി പാളി മോനെ; നോക്ക്". കടന്നലിന്റെ കൂട്ടില്‍ കല്ലെറിഞ്ഞ പോലെ വരുന്നു അനവധി നിരവധി ഉദ്യോഗാര്തികള്‍ !!!. വന്ന പാടെ മിക്കവാറും പുസ്തകമെടുത്തു പഠിക്കാന്‍ തുടങ്ങുന്ന കണ്ടു ടിബിന്‍ അരുളി ചെയ്തു.
"അളിയാ. കോവളത് പോയാല്‍ കുറച്ചു മദാമ്മമാരെ ഒക്കെ കാണാം. സമയം കളയാതെ വിട്ടാലോ?".
" വന്നതല്ലെടെയ് കഴിഞ്ഞിട്ട് പോകാം " എന്റെ മുഖത്തെ ദയനീയത കണ്ടു അളിയന്‍ സമ്മതിച്ചു". എഴുത്ത് പരീക്ഷയുടെ ഫലം വന്നു. ബസ്സില്‍ ഇടിച്ചു കയറുന്ന സ്വഭാവം അനുവര്തിക്കാനെന്നവണ്ണം ഭയങ്കര ഉന്തും തല്ലും. "നോക്കിയിട്ട് വലിയ കാര്യമൊന്നുമില്ല. പോകാം". പകുതി വഴി എത്തിയപ്പോള്‍ ടിബിന്റെ ചോദ്യം " അല്ല നീ ഇങ്ങോട്ട?".
"വീട്ടിലേക്കു. അല്ലാതെ എവിടെ പോകാനാണ്?.
" പോട്ടനാക്കതെടെയ്. നീ കണ്ടില്ലേ????. നിന്റെ പേര് ലിസ്റ്റില്‍ കിടക്കുന്നത്?"
അവന്‍ നോക്കിയത് കാരണം രക്ഷപെട്ടു. ഏതായാലും ദൈവം തമ്പുരാന്‍ കൈവിട്ടില്ല. എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി ആയി. പതുക്കെ റെയില്‍വേ സ്റ്റേനിലേക്ക് വിട്ടു. സത്യത്തില്‍ ഞാനും ഇതുവരെ ബിജോയും ട്രെയിനില്‍ കയറിയിട്ടില്ല. സിനിമയില്‍ അല്ലാതെ കണ്ടിട്ട് പോലുമില്ല. പണ്ടെന്തോ ആവശ്യത്തിനു ഒരിക്കല്‍ കയറിയിട്ടുള്ള ടിബിന്‍ അവര്കലാണ് ഗുരു. പത്തു മണിക്കാണ് ട്രെയിന്‍. ആകെ മടുത്തു . വീട്ടില്‍ എത്തിയിട്ട് വേണം ഒന്ന് കാര്യമായി വിശ്രമിക്കാന്‍. അഞ്ചാം നമ്പര്‍ പ്ലട്ഫോര്മില്‍ ഇരുന്നു, അവിടെയാണ് ട്രെയിന്‍ വരുന്നത്.
അനുഭവ സമ്പന്നനായ മുന്‍ റെയില്‍വേ യാത്രകാരന്‍ പറഞ്ഞു." ഈ ട്രെയിന്‍ പാലക്കാട് പോകുന്നതാണ്. ഇത് പോയാലെ നമ്മുടെ കോട്ടയം ട്രെയിന്‍ വരികയുള്ളു"
ഇന്ത്യന്‍ റെയില്‍വേ സമയനിഷ്ഠ പാലിക്കാത്തതിനെ കുറിച്ച് ഒരു ദീര്‍ഖമായ പ്രസംഗത്തിന് ശേഷം, അദ്ദേഹം ചായ കുടിക്കാന്‍ പോയി. ഓടാന്‍ തുടങ്ങിയ പാലക്കാട് ട്രെയിനെ ഒരു അന്യഗൃഹ ജീവിയെ കാണുന്നത് പോലെ നോക്കി നിന്ന്." ഭയങ്കര സംഭവം തന്നെ" ഒരു കൊച്ചു കുട്ടിയുടെ ലാഖവത്തോടെ ബിജോ പറഞ്ഞു.
" അളിയാ പണി കിട്ടി. ആ പോകുന്നതാണ് നമ്മുടെ ട്രെയിന്‍" !!!. അതെങ്ങനെ ശരി ആവും എന്ന് തമ്മില്‍ തമ്മില്‍ നോക്കി അവസാനിപിക്കുന്നതിനു മുന്‍പേ അവന്‍ മൊഴിഞ്ഞു .
" ആ ട്രെയിന്‍ കോട്ടയം വഴിയാണ് പോകുന്നത്. വേറെ കോട്ടയം ട്രെയിന്‍ ഇല്ല". ഞങ്ങളുടെ സമാധാനത്തിനായി ഇത്ര കൂടെ പറഞ്ഞു.
" സാരമില്ല ഇനി നാളെ രാവിലെ എട്ടു മണിക്ക് ഒരു ട്രെയിന്‍ ഉണ്ട്".
ഭഗവാനെ, വീണ്ടും പരീക്ഷണമോ???...
ആളുകള്‍ അവിടെയും ഇവിടെയും ഇരുന്നു ഉറങ്ങുന്നുണ്ട് . കൊതുകുകള്‍ ഇരയെ തപ്പി ചൂളം വിളിച്ചു നടപ്പാണ്, കണ്ണടക്കാന്‍ സമ്മതിക്കില്ല. എങ്ങനെ നേരം വെളുപ്പിക്കുമെന്നോര്തപ്പോള്‍ ഒരു കിടിലന്‍ ഐഡിയ, ടിബിന്‍ വക.
" നമുക്ക് ഈ സ്ഥലങ്ങളൊക്കെ ചുറ്റി നടന്നു കാണാം". സംഗതി കൊള്ളാം . നടപ്പ് തുടങ്ങി. നടന്നു നടന്നു ഒരു ചെറിയ വഴിയില്‍ എത്തി. കുറെ ലോറികള്‍ നിര്‍ത്തി ഇട്ടിരിക്കുന്നു. പൊതു വിളക്കുകള്‍ കത്തുന്നില്ല. ഒരു ഭീകര ലുക്ക്. മുന്‍പോട്ടു വച്ച കാല്‍ പിന്നോട്ടില്ലെന്ന് പറഞ്ഞു കൊണ്ട് ടിബിന്‍ അങ്ങുന്നു വച്ച് പിടിക്കുകയാണ്. വഴിയില്‍ നില്‍ക്കുന്ന പുല്ലുകളില്‍ ജലസേചനം നടത്തി തിരിഞ്ഞു നോക്കുമ്പോഴാണ് ടിബിനെ വളഞ്ഞു ഒരു പൂ കച്ചവടക്കാരനും കുറെ സ്ത്രീകളും. അവന്‍ പൂ വേണമെന്ന് പറഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ചു വന്നിരിക്കുകയാണ് തലയില്‍ കുറെ പൂക്കളുമായി അവര്‍!!!.
വേഷ വിധാനം കണ്ടാലറിയാം, സംഗതി കേസുകെട്ടാണ്. എത്രയും പെട്ടെന്ന് സ്ഥലം വിട്ടില്ലെങ്കില്‍ പണിയാകും. ഒരു സ്ത്രീ തന്റെ മാറിടത്തിലെ സാരി അഴിച്ചു അരയില്‍ കെട്ടി വച്ച് കൊണ്ടാണ് ഒച്ച വയ്ക്കുന്നത്. അവസാനം ലൈംഗിക സേവനം ചെയ്തില്ലെങ്കിലും പണം കിട്ടിയാല്‍ മതിയെന്ന അഭിപ്രായത്തില്‍ എത്തിച്ചേര്‍ന്നു. പെട്ടെന്ന് ഇരുനൂറു രൂപ കൊടുത്തു പതിയെ വലിഞ്ഞു. കേരളത്തില്‍ ഈ വിധ പുരുഷ പീഡനം അനുവദനീയമാണോ ആവോ?.വല്ല പോലീസുകാരും കണ്ടു പിടിച്ചു മാനം പോയാല്‍ നാറും, വല്ല പെറ്റി കേസും അടിച്ചാല്‍ ജോലിയും 'പണി' ആകും. തിരിഞ്ഞു നടക്കുന്നതിന്റെ ഇടയില്‍ ഒരു ജീപ്പ് വന്നു വട്ടം ചവിട്ടി.
" എങ്ങോട്ടാടാ... മൂന്നും കൂടി പാതിരാക്ക്??". പോലീസേമാന്മാരാന്.
" റെയില്‍വേ സ്റ്റേഷന്‍ തപ്പി നടക്കുവാ സാറേ". ഒരു നമ്പര്‍ ഇറക്കി.
" ഇവിടുന്നു നാല് കിലോമീറ്റര്‍ ഉണ്ട് അങ്ങോട്ട്. ജീപ്പില്‍ കയറിക്കോ . ഞങ്ങള്‍ അങ്ങോട്ടാ"
രാവിലെ ട്രെയിന്‍ വരുന്നത് വരെ ഉറക്കമൊഴിച്ചിരുന്നു. വീട്ടില്‍ എത്തി കട്ടിലിലേക്ക് വീണു.
രണ്ടു മാസം കഴിഞ്ഞു. സകലമാന മനുഷ്യരോടും സമാധാനം പറഞ്ഞു മടുത്തു. എന്നാണു പോകുന്നതെന്ന് പറഞ്ഞു മടുത്തു വീട്ടില്‍ നിന്നും പുറത്തിറങ്ങാതായി. ചിലപ്പോ, അവരും കുറച്ചു സമാധാനമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും !!:-). അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ഓഫര്‍ ലെറ്റര്‍ വന്നു. ബാംഗ്ലൂരില്‍ ഏതാനം ജോയിന്‍ ചെയ്യാന്‍. പോകേണ്ട ദിവസം യാത്ര അയക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ന ടിബിന്‍ പറഞ്ഞു.
"കഴിഞ്ഞ തീവണ്ടി യാത്ര മറന്നിട്ടില്ലല്ലോ?. ശ്രദ്ധിച്ചാല്‍ ദുഖിക്കേണ്ട!!".
അലപുഴയില്‍ നിന്നും ഒരു സുഹൃത്ത് കൂടി ഉണ്ട്. ഒരിക്കല്‍ കണ്ട ഓര്‍മയെ ഉള്ളു. ട്രെയിനില്‍ കയറി മൂപ്പര്‍ പറഞ്ഞ സീറ്റില്‍ തന്നെ ഉണ്ട്. അവന്റെ അടുത്തിരിക്കുന്ന ആള്‍ക്ക് ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ല. TTR nu നൂറു രൂപ കൊടുത്തു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പാവം . ഞങ്ങള്‍ മൂന്നു പേരും ഇരുന്നും നിന്നും സംസാരിച്ചു. കുറെ കഴിഞ്ഞു മൂന്നാമന്‍ വന്നു ഒരു സന്തോഷ വാര്‍ത്ത പങ്കു വച്ചിട്ട് പോയി.
" എനിക്ക് സീറ്റ് കിട്ടി S10-മുപ്പത്തിയേഴ്"
"കൊള്ളാം. ഭാഗ്യവാന്‍"
ആ ഭാഗ്യവാനെ അഭിനന്തിച്ചിട്ട് എന്റെ ടിക്കെട്ടിലേക്ക് ഒന്ന് നോക്കി.
" അളിയാ, നോക്ക് .ഇതും S10-മുപതിയെഴു" .
TTR നെ തപ്പി നടന്നു കാലു കഴച്ചു. ഞാനും തീവണ്ടിയും മൂന്നാം നാളുകാര്‍ ആയിരിക്കും എന്ന് മനസ്സിനെ ആശ്വസിപിച്ചു ,നിലത്തിരുന്നു നേരം വെളുപ്പിച്ചു .അല്ലാതെന്തു ചെയ്യാന്‍. ഗതികേടിനു കുറെ ചക്രങ്ങളും പിടിപ്പിച്ചു എന്റെ മുന്നിലേക്ക് വിട്ടിരിക്കുകയല്ലേ!!!.......
Tuesday, January 26, 2010
"ആദ്യത്തെ രാത്രി ........."
വളരെക്കാലമായി മടിവാള എന്ന സ്ഥലത്ത് താമസിച്ചു മടുക്കുകയും , എന്നെയും എന്റെ സഹമുറിയന്‍ രമേശ് അവര്കളെയും ഞങ്ങളുടെ വീട്ടുടമസ്ഥ വട-യക്ഷി മടുക്കുകയും ചെയ്തതിന്റെ അനന്തര ഫലമായി ഉണ്ടായ ഒരു തോന്നലില്‍ നിന്നാണ് ഈ ദൃശ്യം തുടങ്ങുന്നത്. വട-യക്ഷിയുടെ അമിതമായ സ്നേഹപ്രകടനം ശകാരങ്ങളിലൂടെ എല്ലാ പ്രഭാതങ്ങളിലും ഗായത്രീ മന്ത്രം പോലെ കേള്‍ക്കേണ്ടി വരാറ് , താഴെ കൊടുത്തിരിക്കുന്ന ചില നിസ്സാര കാരണങ്ങള്‍ കൊണ്ടാണ്.
ഒന്ന്: ഞാന്‍ ജോലി കഴിഞ്ഞു രാത്രി പത്തു മണിക്ക് ശേഷം വരുമ്പോള്‍ എന്റെ നിഷ്കളങ്കനായ ഇരു ചക്ര വാഹനത്തിന്റെ പ്രകാശം ജനലില്‍ കൂടെ അകത്തേക്ക് പ്രവേശിക്കുന്നു. തല്‍ഫലമായി ആ സ്ത്രീ ജനത്തിന്റെ പേരക്കുട്ടിക്ക് ഉറങ്ങാന്‍ നിര്‍വാഹമില്ല . ന്യായം !!. "പരാക്രമം സ്ത്രീകളോടല്ല വേണ്ടു " എന്ന് വിശ്വസിക്കുന്ന ഈ മഹാമനസ്കന്‍, പിന്നീടുള്ള ദിവസങ്ങളില്‍ വീടിന്റെ ഏഴു അയല്‍പക്കത്ത് വരുമ്പോള്‍ തന്നെ ചില ആധുനിക നാടകങ്ങളിലെ പോലെ "ശബ്ദവും-വെളിച്ചവും" ഇല്ലാതെ പതിയെ അകത്തേക്ക് കടക്കാന്‍ തുടങ്ങി. ഒരു തീപ്പൊരി പ്രശ്നത്തിന് അങ്ങനെ വിരാമമായി.
രണ്ടു : ഞങ്ങളുടെ അയല്‍ക്കാര്‍ കുറെ യുവ - തമിഴ് വിദ്വാന്മാരാന്. അവര്‍ " ഡാഡി മമ്മി വീട്ടില്‍ ഇല്ല....." എന്ന് തുടങ്ങുന്ന അതി മനോഹരമായ ഗാനം ദേശീയ ഗാനം പോലെ പല തവണ വയ്ക്കുമ്പോള്‍ ഒട്ടും കുറക്കാതെ "പാടില്ല പാടില്ല നമ്മെ നമ്മള്‍ ....." എന്ന ചങ്ങമ്പുഴ കവിതയും "വേണ്ട മോനെ വേണ്ട മോനെ ..." എന്ന സ്വപ്നക്കൂട് ഗാനവുമൊക്കെ സാമാന്യം ഭേദപ്പെട്ട സ്വരത്തില്‍ വയ്ക്കാറുണ്ട്. ഇത് വട-യക്ഷി പല ദിവസം നോട്ട് ചെയ്തു , അവസാനം "മകാ നിമ്പക്ക് നമ്മെ കൊത്തില്ല . TV വോളിയം ജാസ്തി " എന്നങ്ങു കാച്ചി. "വീട്ടില്‍ നല്ല ആണുങ്ങള്‍ ഇല്ലാത്തതിന്റെ കേടാണ് " എന്ന്‍ ഞാനും സഹമുറിയനും കൂടി രഹസ്യം പറഞ്ഞു . ഇതൊക്കെ ആണെങ്കിലും എന്ത് പറഞ്ഞാലും ധൈര്യം വിടാതെ ഞങ്ങള്‍ വിദേശികളെ പോലെ "യാ യാ " "യാ യാ" എന്ന് പറഞ്ഞു അങ്ങ് കേട്ട് നില്‍ക്കും. ശരീരം നമ്മുടെ ആയതു കൊണ്ടും , 'അടി' ശ്രമിച്ചാല്‍ നാട്ടിലും കിട്ടുന്ന അസംസ്കൃത സാധനം ആണെന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടും കടിച്ചു പിടിച്ചു "യാ യാ"എന്ന ആരോഗ്യ മന്ത്രം ഉരുവിട്ട് അങ്ങ് നില്‍ക്കും !!!. അടുത്ത തീപ്പോരിയിലും വെള്ളം ഒഴിച്ച് കഴിഞ്ഞു .
മൂന്നു: ഒമ്പത് മണിക്ക് മുന്‍പ് ഉറങ്ങി എഴുന്നേല്‍ക്കുന്നത് രാജ്യ ദ്രോഹ കുറ്റം പോലെ ഭീകരമാണെന്ന് വിശ്വസിച്ചിരുന്ന കാലം. രാവിലെ ഉടുമുണ്ട് തപ്പി എടുത്തു, കുളി , തേവാരം ഇത്യാദി കര്‍മങ്ങളെല്ലാം കഴിച്ചു ജമ്പനും തുമ്പനും സ്റ്റൈലില്‍ ബൈക്കില്‍ കയറി ഓഫീസിലേക്ക് പായുന്നതാണ് ശീലം. സംഭവ ദിവസം രാവിലെ പണി കിട്ടി. വെള്ളം ഇല്ല. മോട്ടോര്‍ കേടാണ്. കുളിക്കാതെ പോയാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി വട-യക്ഷി കാണിച്ചു തന്ന ടാങ്കില്‍ നിന്നും രണ്ടു ബക്കറ്റ് വെള്ളം എടുക്കാന്‍ തീര്‍ച്ചപെടുത്തി. വെള്ളം കോരി "കുമു കുമാന്നു"ബക്കറ്റ് ലേക്ക് കമിഴ്ത്തി പോകാന്‍ തിരിയുമ്പോള്‍ ആണ് ഒരു കുളിര് കോരുന്ന വിളി "Gentle മാന്‍....Gentle മാന്‍ ".!! .
ഞാന്‍ ഒരു തരള ഹൃദയന്‍ ആണെന്ന് ബോധ്യമുണ്ടെങ്കിലും മറ്റുള്ളവര്‍ വിളിക്കുമ്പോള്‍ രോമാഞ്ചം വരും എന്നത് വാസ്തവം. വട-യക്ഷി യുടെ ആവശ്യം വളരെ നിസ്സാരം. എന്റെ അത്ര ഉയരമുള്ള ടാങ്കില്‍ നിന്നും ഞാന്‍ അവര്‍ക്ക് കുറച്ചു വെള്ളം കോരി കൊടുക്കണം. ചെറു കയറിന്റെ അറ്റത് കെട്ടിയ നീല ബക്കറ്റ് ആണ് പണി ആയുധം. കമിഴ്ന്നു കിടന്നു കോരുന്നത് സ്വല്പം കഷ്ടപാടാണ്.!!! വട-യക്ഷി അമ്പത് അമ്പത്തഞ്ചു വയസ്സ് പ്രായം വരുന്ന മഹിള ആയതു കൊണ്ടും, മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന് രണ്ടാം ക്ലാസ്സിലെ ടീച്ചര് പലവുരു പറഞ്ഞിട്ടുള്ളത് കൊണ്ടും ഞാന്‍ വെള്ളം കോരല്‍ തുടങ്ങി. ഏകദേശം പത്തു മിനിറ്റ് സമയം ആവേശത്തോടെ "കോരല്‍" മാമാങ്കം . ഭഗവാനെ..ആരോ വീക്നെസ്സില്‍ പിടിച്ചു...അടുത്ത വിളി, "മകാ...മകാ..." അടുത്ത വീട്ടിലെ ആന്റിയാണ്. അവര്‍ക്കും കൊടുത്തു രണ്ടു ബക്കറ്റ്. ഒരു വലിയ സാമൂഹ്യ സേവനം പുലര്‍ച്ചയില്‍ തന്നെ ചെയ്യാന്‍ അവസരം തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞു കുളി തുടങ്ങി.......
ഏകദേശം രാത്രി പത്ത് മണി. ജോലിയൊക്കെ ഒതുക്കി പതുക്കെ വീട്ടിലേക്കു പോയാലോ എന്നൊക്കെ ആലോചിച്ചു ഇരിക്കുമ്പോല് "റിംഗ് ടോന്ഗ് , റിംഗ് ടോന്ഗ്, തട്ട റിട്ട തട്ട റിട്ട.". മൊബൈല്‍ റിംഗ് ചെയ്യുന്നു. സഹമുറിയന്‍ ആണ്. പാവം ഇന്നും നേരത്തെ വീട്ടില്‍ എത്തി. കഞ്ഞിയും കറിയും വയ്ക്കാനുള്ള ഭാഗ്യം മാന്യ അദ്ദേഹത്തിന് ആണ് . എന്റെ പ്രിയപ്പെട്ട പയര്‍കൂട്ടാന്‍ തന്നെ വയ്പിക്കണം എന്നൊക്കെ വിചാരിച്ചു ഫോണ്‍ ചെവിയിലേക്ക്. ഒറ്റ ചോദ്യം ,ഒറ്റ ഉത്തരം.
"നീ രാവിലെ ടാപ്പ് അടച്ചിരുന്നോ? "
"ഹ്മ്മ്മം.(ആലോചന).....അങ്ങോട്ട് ഓര്മ കിട്ടുന്നില്ല. " . സ.മു ഒന്നും പറയാതെ നിര്‍ദാക്ഷിണ്യം കട്ട് ചെയ്തു.
സംഭവിച്ചു കാണാവുന്നതിനെ പറ്റി ഒരു ഏകദേശ ധാരണ കിട്ടി എങ്കിലും , വച്ച് പിടിച്ചു വീട്ടിലേക്കു.....
ആദ്യം കണ്ട കാഴ്ച തന്നെ ഹൃദയ ഭേദകമായിരുന്നു. സ.മു വിന്റെ ബെഡ് നനഞ്ഞു കുളിച്ചു പുറത്തു കിടക്കുന്നു. അയ്യോ പാവം. കുറ്റബോധം സര്‍ CP ജനകീയ പ്രസ്ഥാനക്കാരോട് ചെയ്തത് പോലെ മനസ്സിനെ ചവുട്ടി നോവിച്ചു. ആ നോവൊരു ഞെട്ടല്‍ ആയി മാറാന്‍ ഉള്ളിലെക്കൊന്നു കണ്ണ് ഓടിക്കെണ്ടാതായെ വന്നുള്ളൂ. മുറിയില്‍ യാതൊരു നാണവും ഇല്ലാതെ നനഞ്ഞു കുളിച്ചു കിടക്കുന്നു എന്റെ കിടപ്പുപകരണം അഥവാ ബെഡ്. പേടിക്കാനില്ല മുട്ടൊപ്പം വെള്ളം ഉണ്ട്. വട-യക്ഷി കണ്ടാല്‍ , പണത്തോടുള്ള അത്യാര്‍ത്തി മൂലം "സ്വിമ്മിംഗ് പൂള്‍" ആക്കിയെക്കാനും സാധ്യത ഉണ്ട്.
മുട്ടൊപ്പം വെള്ളം. അതിനു മുകളില്‍ കസേരയില്‍ കൂനി കൂടി ഇരുന്നു TV കാണുകയാണ് നമ്മുടെ "ആജാനുബാഹു " എന്ന് സ്വയം വിശേഷിപിക്കുന്ന സഹവാസി . മുട്ടന്‍ കലിപ്പ് ആണ്. ഒന്നും ഉരിയാടുന്നില്ല. എങ്ങനെ ആകാതിരിക്കും. വട-യക്ഷി പറഞ്ഞത് മുഴുവന്‍ ഒരു നാണവും ഇല്ലാതെ കേട്ട് നില്‍ക്കാനുള്ള മന കട്ടി കാണിച്ചത് അധെഹമാനല്ലോ . കൂടാതെ എന്റെയും അധെഹതിന്റെയുമായി മുറിയില്‍ രണ്ടു Bachelor's ന്റെ അടുക്കും ചിട്ടയുമായി വലിച്ചു വാരി ഇട്ടിരുന്ന സകലമാന സാധനങ്ങളും ഭാരവും സ്വഭാവ ഗുണവും അനുസരിച്ച് പൊങ്ങിയും താനും കിടക്കുന്നു. അതില്‍ സ.മു വിന്റെ ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. "ഒന്ന് ടാപ്പ് അടക്കാന്‍ മറന്നതിനു ഇത്ര ശിക്ഷ വേണോ കൃഷ്ണാ" എന്ന് പറഞ്ഞു കിടക്കാന്‍ ഒരിഞ്ചു സ്ഥലം നോക്കി. നോ രക്ഷ!. ആജാനുബാഹു എന്നെ ഒരു ഇരുത്തിയ നോട്ടം നോക്കിയിട്ട് മുന്‍പില്‍ കൂടി കടന്നു പോയി. ഷെല്‍ഫില്‍ ഉള്ള കുറെ പത്ര കെട്ടുകള്‍ നിരത്തി നിലത്തു ഇട്ടു. ശരശയ്യയില്‍ ഭീഷ്മ പിതാമാഹനെന്ന പോലെ ചുരുണ്ട് കൂടി ഒറ്റ കിടപ്പ്. "അമ്പട ബുദ്ധിമാനെ " എന്ന് വിചാരിച്ചു ഓടി പോയി ഞാനും നോക്കി , ഇല്ല ഒരൊറ്റ പേപ്പര്‍ കാണാനില്ല. രണ്ടു മണി വരെ ഇരുന്നു TV കണ്ടു. ഉറക്കം സഹിക്കുന്നില്ല. അപ്പോഴാണ് പല തവണയായി മനസ്സില്‍ ഉള്ള ഒരു ആഗ്രഹം പുറത്തു വന്നത്. ടെറസ്സില്‍ പോയി കിടക്കാം. അതാകുമ്പോ കാറ്റും കൊണ്ടങ്ങു ഉറങ്ങാം . "ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ് " എന്ന് പറഞ്ഞത് പോലെ വച്ച് പിടിച്ചു Terrace ലേക്ക്. ഇത് കൊള്ളാം. ഉര്‍വശി ശാപം ഉപകാരമായി . ആകാശത്തില്‍ വേറെ പണി ഒന്നും ഇല്ലാതെ മിന്നി കളിക്കുന്ന നക്ഷത്രങ്ങളോട് ഞാന്‍ വിളിച്ചു പറഞ്ഞു "ഇന്ന് ഞാന്‍ ഉറങ്ങി തകര്‍ക്കും മോനേ...."ലൈഫ് ഈസ് ബൌടിഫുള്‍ ".
ഒരു പതിനഞ്ചു മിനിറ്റ് കണ്ണടച്ച് കാണണം. കാലില്‍ സുഖകരമായ ഒരു തണുപ്പ്. ആരോ നക്കി തുടക്കുകയാണ്. ഈശ്വരാ വല്ല യക്ഷിയുമാണോ. ഒരു കണ്ണടച്ച് പതിയെ താഴേക്കു നോക്കി. സമാധാനം. വട-യക്ഷിയുടെ വീട്ടു കാവല്‍ക്കാരനാണ്. ഞാന്‍ വല്ലപ്പോഴും കൊടുക്കുന്ന ചിക്കന്‍ ബിരിയാണിയിലെ എല്ലിന്‍ കശ്നങ്ങള്‍ക്കുള്ള സ്നേഹം കാണിക്കാന്‍ വന്നിരിക്കുകയാണ് ഈ പാതി രാത്രിയില്‍. ഇതിനൊന്നും ഉറക്കം ഇല്ലേ...മൈന്‍ഡ് ചെയ്യണ്ട, ഉടുത്തിരുന്ന മുണ്ട് കൂടി എടുത്തു തലയിലൂടെ ഇട്ടു ഒന്ന് കൂടി ചുരുണ്ട്. പട്ടി വിടുന്ന മട്ടില്ല. നക്കി നക്കി മുകളിലേക്ക് വരുകയാണ്. മുട്ടിനു മുകളിലെത്തിയപ്പോള്‍, ഒരു പ്രകൃതി വിരുദ്ധ നിലപാട് ഉണ്ടായേക്കാനുള്ള സാധ്യത തള്ളി കളയാതെ ചാടി എണീറ്റ് മുറിയിലേക്ക് ഓടി ;കലികാലം !!!??. കതകു നന്നായി പൂട്ടിയിട്ടു മൂപ്പര്‍ കിടന്നു നല്ല ഉറക്കമാണ്.
"മുട്ടുവിന്‍ തുറക്കപെടും " എന്നാ വിശ്വാസത്തില്‍ മുട്ട് തുടങ്ങി. ജീവിതത്തില്‍ ഇതേ വരെ ഇങ്ങനെ ഭംഗി ആയി ഉറങ്ങിയിട്ടില്ലെന്ന വണ്ണം അദ്ദേഹം നല്ല ഉറക്കമാണ്. ഒരു മണിക്കൂറത്തെ ശ്രമഫലമായി കൊട്ടാരവാതില്‍ പതിയെ തുറന്നു. ടാങ്കിലെ വെള്ളം മുഴുവന്‍ എന്റെ റൂമില്‍ ഉണ്ടെങ്കിലും കുളിക്കാന്‍ ഒരു തുള്ളി വെള്ളം വീട്ടിലില്ല. സമയം നാലുമണി. അങ്ങനെ എന്റെ മൂന്നു വര്‍ഷത്തെ ശീലം കാറ്റില്‍ പരത്തി കൊണ്ട്, കിട്ടിയ കളസവും, ഒരു പേസ്റ്റ് ഉം ബ്രുഷും, മറ്റു ചില അവശ്യ സാധനങ്ങളുമായി പുലര്‍ കാലേ ഓഫീസിലേക്ക് കുതിച്ചു. അഞ്ചു മണിക്ക് എണീക്കുന്ന വട-യക്ഷിയില്‍ നിന്നും രക്ഷപെടെണ്ട ഉത്തരവാദിത്വം എന്നില്‍ മാത്രം നിക്ഷിപ്തമാനല്ലോ. !!. പാവം സുഹൃത്തിനെ വീണ്ടും വീണ്ടും ആ കരാള ഹസ്തങ്ങളിലേക്ക് വലിചെരിയെണ്ടി വന്നതിന്റെ കുറ്റബോധം ഇല്ലാതില്ല. എങ്കിലും ആ പരോപകാരി ഒരു യൂദാസിനെ പോലെ എന്നെ കാണിച്ചു കൊടുത്തിട്ടുണ്ടെന്നു അദ്ധേഹത്തിന്റെ അന്നേ ദിവസം ആകെ സംസാരിച്ച മൂന്നു വാക്യത്തില്‍ നിന്നും മനസ്സിലാക്കാം.
"നീയാണ് ടാപ്പ് തുറന്നതെന്ന് പറഞ്ഞിട്ടുണ്ട്" .
"തള്ള രാവിലെ നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്" .
"ഇതേ ടാങ്കില്‍ നിന്നും വെള്ളമെടുക്കുന്ന വട-യക്ഷി അടക്കമുള്ള അഞ്ചു വീട്ടുകാരോട് സമാധാനം പറഞ്ഞിട്ടുണ്ട്".
എന്റെ അപകടാവസ്ഥയെ മുന്‍ക്കൂട്ടി മനസ്സിലാക്കി മുങ്ങുന്നതാണ് എന്റെ കര്നപുടങ്ങള്‍ക്ക് നല്ലതെന്ന തീരുമാനത്തില്‍ വളരെ വേഗം എത്തുകയാനുണ്ടായത് .Gymnasiumത്തിലെ മെമ്ബെര്ഷിപ് കാര്‍ഡ് ഉള്ളത് കൊണ്ട് "ഫ്രഷ് " ആവുന്ന പരിപാടി ഓസില്‍ നടക്കും . അഞ്ചു മണി ആയതേ ഉള്ളു. ചില അവാര്ഡ് സിനിമകളിലെ നായകനെ പോലെ, താടിയില്‍ കയ്യും കൊടുത്തു ഒരു മണിക്കൂര്‍ കണ്ണില്‍ എന്നാ ഒഴിച്ച് കാത്തിരുന്നു. അവസാനം ദൈവ ദൂതനെ പോലെ കയ്യില്‍ കുറെ താക്കൊലുകലുമായി അയാള്‍ വന്നു.
രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ട് റൂമില്‍ കിടക്കാം എന്നാ അവസ്ഥയായി. എട്ടു മുറികളുള്ള ,ഒരു നൂറു കൊല്ലം എങ്കിലും പഴക്കം ചെന്ന , ആ പ്രസ്ഥാനത്തില്‍ ഉള്ള എല്ലാവിധ പൊട്ടലിന്റെയും ചീറ്റലിന്റെയും കാരണം, ഞങ്ങള്‍ കുടിയേറി പാര്‍ക്കുന്ന റൂമില്‍ കെട്ടി കിടന്ന വെള്ളമാനെന്നു വട-യക്ഷി ആ പരിസരത്തുള്ള എല്ലാ മനുഷ്യരോടും പറഞ്ഞു നടന്നു. എങ്ങനെ ഒക്കെ സൌഹൃദപരമായി കാര്യങ്ങള്‍ മുന്‍പോട്ടു പോകുമ്പോഴാണ് അടുത്ത പ്രതിസന്ധി. ഒരു ട്രെയിന്‍ നാട്ടില്‍ നിന്നും എന്നെ സന്ദര്‍ശിക്കാന്‍ എത്തുന്നു. അമ്പരന്നു നോക്കണ്ട. ആള്‍ എന്റെ ഒരു സുഹൃത്താണ്. "ചെയിന്‍ സ്മോകിംഗ്" പുള്ളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാരികഴിഞ്ഞിരുന്നു. സംഭവം നിസ്സാരം. സിഗരറ്റ് കുട്ടികള്‍ എല്ലാം അദ്ദേഹം വീടിന്റെ പുറത്തുള്ള ഒരു പേപ്പര്‍ കൂടില്‍ ഭദ്രമായി നിക്ഷേപിക്കുകയുണ്ടായി. പക്ഷെ, സാമ്പത്തിക ലാഭം മുന്നില്‍ കണ്ടു വട-യക്ഷി "പറക്കും തളിക " സ്റ്റൈലില്‍ , ഒരു ചെറിയ തുള അടക്കാന്‍ വേണ്ടി വച്ചതായിരുന്നു അത്. വൈകിട്ടു എന്നെ എതിരേല്‍ക്കാന്‍ സൂര്പനഖ ഗേറ്റില്‍ തന്നെ ഉണ്ട്. കാര്യങ്ങള്‍ ഒന്നും അറിയാതെ നെഞ്ച് വിരിച്ചു ചെന്ന എന്നെ അവര്‍ വീട്ടിലേക്കു ക്ഷണിച്ചു . അവരുടെ സ്വീകരണ മുറിയില്‍ നൂറോളം സിഗരറ്റ് കുട്ടികള്‍ വീണു കിടക്കുന്നു. "വിധേയന്‍ " സിനിമ കണ്ട ഒന്നാം ക്ലാസ്സുകാരനെ പോലെ ഒന്നും മനസ്സിലാകാതെ പുറത്തേക്കു നടന്നു. ആരായിരിക്കും ഈ വൃത്തികെട് കാണിച്ചത്. കുട്ടികളുള്ള വീട്ടില്‍ പുക വലിച്ചതും പോരാഞ്ഞു നാല് വയസ്സുകാരന്റെ അത്തപ്പൂക്കലം പോലെ നിലം അലങ്കരിച്ചിരിക്കുന്നു. ആരാണെങ്കിലും അവനെയൊക്കെ ചാട്ടവാറിനു അടിക്കണം. കശ്മലന്‍ .......
മുകളില്‍ എത്തിയപ്പോള്‍ കാര്യം പിടി കിട്ടി . എന്റെ നിഷ്കളങ്കനായ സുഹൃത്ത് പുറത്തെ വേസ്റ്റ് കുട്ടയിലെക്കിടുന്ന ഓരോ കുട്ടിയും പതിക്കുന്നത് വട-യക്ഷിയുടെ സ്വീകരണ മുറിയിലാണ്. !!######.
ഇപ്പോള്‍ ഞാന്‍ കുറെ വീട്ടു സാധനങ്ങളുമായി ഒരു പെട്ടി ഓട്ടോയില്‍ എന്റെ പുതിയ വീട്ടിലേക്കുള്ള യാത്രയിലാണ്. ഇടക്കുള്ള സംഭവ വികാസങ്ങള്‍ വിവരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. അത് സങ്കല്പ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ ആണ്. സ.മു സ്വന്തം സഹോദരിയോടൊപ്പം മറ്റൊരു സ്ഥലത്തേക്ക് മാറി.ഞാനും പുതിയ ഒരു ഗ്രാമത്തിലേക്ക്. പട്ടണങ്ങളിലെല്ലാം "എത്ര പണം കൊടുത്തും ഞങ്ങള്‍ വാടകക്കാരാവാം " എന്നാ മലയാളികളുടെ പൊതുവേ ഉള്ള ധാര്‍ഷ്ട്യം കാരണം അമിതമായ വാടക ആണല്ലോ ? !!!
പുതിയ റൂം, നല്ല റൂം .ഒരു കാടിന്റെ പ്രതീതി ആണ് ചുറ്റിലും.പിന്നെ പ്രകൃതി സൌന്ദര്യം ഒക്കെ ആസ്വദിച്ച് താമസികാം. ഒറ്റക്കാണ്. വണ്ടുകലോടും കൊതുകുകലോടും ചീത്ത പറഞ്ഞു ദിഗംബരനായി പള്ളി കിടക്കയില്‍ കിടന്നു ഉറങ്ങുമ്പോള്‍ ആണ് ; അബ്ദുല്‍ കലാം അങ്കിള്‍ സ്വപ്നം എന്നാ ഓമനപേരില്‍ വിളിക്കുന്ന ആളുകളെ പ്രധാന മന്ത്രിയും പിച്ചക്കാരനുമാക്കാന്‍ കഴിവുള്ള സൂത്രം പടി കടന്നു വന്നത്. എല്ലാ സാധാരണക്കാരനെയും പോലെ "അത്താഴ പട്ടിനിക്കാരുണ്ടോ? " എന്ന് മനസ്സില്‍ മാത്രം പറഞ്ഞു, വാതിലിന്റെ ഇരു കുട്ടികളും ഒരു തവണ മാത്രം ഇടുകയും, അഞ്ചു തവണ ആത്മീയമായും മാനസികമായും ഉറപ്പിക്കുകയും ചെയ്തിട്ടാണ് പോന്നത്. പോരാഞ്ഞു , എന്നോടാണോ കളി എന്ന് ചോദിച്ചു ഭൂത പ്രേത പിശാചുക്കള്‍ പോയിട്ട് ഒരു കൊതുക് പോലും കയറാത്ത മട്ടില്‍ ജനലുകള്‍ കൂട്ടി അടച്ചിട്ടും ഉണ്ട്. "ഇതൊക്കെ പേടി കൊണ്ടല്ലേ ഇഷ്ടാ " എന്ന് ചോദിച്ചു ചില പ്രതിഭാസങ്ങള്‍ ഈ നൂറ്റാണ്ടിലും മനുഷ്യന്റെ ആത്മ വിശ്വാസമെന്ന കോടാലിയുടെ മൂര്‍ച്ച കളയാന്‍ ശ്രമിക്കുമെങ്കിലും യക്ഷിയാനെങ്കിലും സ്ത്രീ അല്ലെ എന്ന് ചോദിച്ചു തടി തപ്പുകയാണ് അടിയന്റെ പതിവ്.മരം കോച്ചുന്ന തണുപ്പ്. "ആരും ദിഗംബരന്മാരായി ജനിക്കുന്നില്ല, സാഹചര്യങ്ങളാണ് അവരെ ദിഗംബരന്മാരക്കുന്നത് " എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് ഒറ്റ വലി. "അങ്ങനെ ഉടുമുണ്ട് കൂടി ഒരു പുതപ്പായി രൂപാന്തരം പ്രാപിച്ചു !!!.
വെറുതെ ഒന്ന് കണ്ണ് തുറന്നപ്പോള്‍ ശരിക്കും ഞെട്ടി. ജനലിനു പുറത്തു കൂടി എന്നെ ലക്ഷ്യമാക്കി എന്തോ പറന്നു വരുന്നു. സ്വപ്നം ആണോ എന്നറിയാന്‍ ലൈറ്റ് ഇട്ടു നോക്കി. ഭാഗ്യം കറന്റ് ഇല്ല. സ്വപ്നം അല്ല. സ്വപ്നത്തില്‍ കറന്റ് കട്ട് ഇല്ലല്ലോ ?. ഹേ തോന്നലാവും എന്ന് മനസ്സിനെ വിശ്വസിപിച്ചു കൊണ്ട് വീണ്ടും തുറിച്ചു നോക്കി. ഉറപ്പിച്ചു. എന്തോ ഒരു വലിയ വെളുത്ത സംഭവം ജനലിന്റെ അടുത്ത് വന്നു കയറാന്‍ നോക്കുകയും തിരിച്ചു പോകുകയും ചെയ്യുന്നുണ്ട്. ഭീതി, മുരളീധരനെ കണ്ട രമേശ് ചെന്നിത്തലയെ പോലെ അല്ല സക്കറിയയെ കണ്ട DYFI ക്കാരെ പോലെ ഇരച്ചു കയറുകയാണ്. അപ്പോഴാണ് രണ്ടു മൂന്നു വവ്വാലുകളെ പോലുള്ള ചെറിയ ജീവികളും കൂടെ കൂടിയിട്ടുണ്ടെന്ന് മനസ്സിലായത്. സമയം ഒന്നര. നേരം വെളുത്താല്‍ ഒന്ന് പോയി നോക്കാമായിരുന്നു. ഇപ്പൊ നോക്കാന്‍ പേടി ഉണ്ടായിട്ടല്ല. തണുപ്പടിച്ചാല്‍ അസുഖം പിടിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.
തിരിഞ്ഞും മറിഞ്ഞും കിടന്നു , ഉറങ്ങാതെ(വരാഞ്ഞിട്ടാണ്!) നേരം വെളുപിച്ചു. ഒരു ആര് മണി ആയപോഴേ അടുത്ത മുറികളില്‍ നിന്നൊക്കെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. ധൈര്യ സമേതം രണ്ടും കല്‍പ്പിച്ചു ജനല്‍ തള്ളി തുറന്നു. ശരിക്കും ഞെട്ടി.!!!!!!!!!!!!!
"അപ്പുറത്തെ ടെറസ്സില്‍ അയയില്‍ ഉണങ്ങാനിട്ട ,കാറ്റിലാടി കളിക്കുന്ന ഒരു വെള്ള സാരിയും പിന്നെ കുറെ അനുബന്ധ സാധനങ്ങളും". $%&!& !!!.
-: ശുഭം :-
Friday, January 22, 2010
കവിത- വിട പറയലിനു മുന്‍പ്...
"നിനക്ക് വേറെന്തിനു ആണ് മറ്റൊരു ചേച്ചി" എന്നു ചോദിച്ചു കുറെ സ്നേഹിച്ചിട്ടു ,തിരക്കുകളും പ്രാരാബ്ദങ്ങലുമായി എവിടെയോ ജീവിക്കുന്ന "സന്തു ചേച്ചി "..........
"നഷ്ടപെടലുകള്‍ വേദന തന്നെയാണ് സമ്മാനിക്കുന്നത്. മറക്കാന്‍ നമുക്ക് കൂട്ട് പുസ്തകങ്ങളും, യാത്രകളും , പേനയും ... പുതിയ സൗഹൃദങ്ങളും..."....
കൂടെ മധുരമുള്ള കുറെ ഓര്‍മകളും ...ശരിയാണ് , സങ്കല്പങ്ങള്‍ക്ക് യാതാര്ത്യങ്ങലെക്കാള്‍ മധുരക്കൂടുതലുണ്ട് ..................
"ഇരുള്‍ നിറഞ്ഞ എന്‍ മനസ്സിലേക്ക്....
ദേവീ ദീപമായി നീ അരികിലെത്തി.
മറവില്ലാ സ്നേഹത്തിന്‍ നറുമലരുകള്‍
കൊണ്ടെന്നെ ആദ്യമായ് സൗഹൃദം പഠിപിച്ചപ്പോള്‍
എന്മനം കേണതെന്തിനെന്നറിയില്ല സോദരീ...
വിരഹത്തിന്‍ ഓര്‍മ്മകള്‍ മനസ്സില്‍ മുറിവ് എല്പിച്ചുവോ?
ഓര്മ്മിക്കുന്നുവോ നമ്മള്‍ മനസ്സ് തുറന്നത്.
സാഹോദര്യതിന്‍ സ്വാതന്ദ്ര്യംപങ്കു വച്ചത്.
എന്‍ മനസ്സിന്റെ നൊമ്പരം കവിതയാക്കി ഞാന്‍ ....
ജീവിത താളങ്ങള്‍ എന്‍ മിഴികളില്‍ കളിയാടിയിരുന്നുവോ.
എനിക്കറിയില്ല സോദരീ എന്‍ ജീവിത സ്വര്‍ഗത്തെ കുറിച്ച്.
എങ്കിലും ഞാനറിയുന്നു നിന്‍ നിഷ്കളങ്ക സ്നേഹത്തെ..
നഷ്ടപെടലുകള്‍ അല്ലെന്റെ വേദന...ഇത് ജീവിതം.
... സ്നേഹിതരുടെ വിട പറയലുകള്‍ ആണെന്റെ നൊമ്പരം. !!!.
എങ്കിലും ഞാന്‍ എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു ഉറപ്പിക്കുന്നു -
നിന്‍ പ്രാര്‍ഥനയും സ്നേഹവും ഉപദേശങ്ങളും,
എന്‍ ജീവിതത്തില്‍ സ്നേഹത്തിന്റെ പൂക്കാലം തരും.
ക്ഷമിക്കുക സോദരീ എന്‍ തെറ്റുകളോട്.
സ്നേഹിക്കുകയെന്‍ വിരഹാര്‍ദ്രമാം മനസ്സ് കുളിര്‍പ്പിക്കാനായ് .
- ജിനൂപ്.
Saturday, January 9, 2010
കഥ- ഞാന്‍ 'ഉണ്ണി' അഥവാ 'ബി.ടി ഉണ്ണികൃഷ്ണന്‍ നായര് '.
ശേഖരന്‍ നായര്‍ മുറ്റത്തേക്കിറങ്ങി .
എന്തോ പറയണമെന്ന് അവന്റെ മനസ്സ് മന്ത്രിച്ചിട്ടും വാക്കുകള്‍ തൊണ്ടയില്‍ തങ്ങി നിന്നു. എങ്കിലും അവന്‍ പടിപ്പുര വരെ ഓടിയെത്തി. പഴകിതുരുമ്പിച്ച "മടത്തില്‍പറമ്പില്‍ ഗോപാലക്കുറുപ്പ് വക വിശ്രമ പാര്‍പിടം " എന്ന ബോര്‍ഡ് തന്നെ നോക്കി പല്ലിളിക്കുന്നതായി അവനു തോന്നി. അതിനും എന്തോ ഒരു കഥ പറയാനുണ്ടാവും.
ഫുഊഊഊ............വായിലെ മുറുക്കാന്‍ തുപ്പി കളയുന്നതിനിടയില്‍ ശേഖരന്‍ നായര്‍ തിരക്കി.
- എന്താ ഉണ്ണ്യേ കാര്യം ?
- ഒന്നൂല്യ .
- പറഞ്ഞോളൂ . മടിക്കണ്ട. ഞാന്‍ ഈ മുഖം ഇന്നോ ഇന്നലെയോ കാണാന്‍ തുടങ്ങിയതാണോ? ...ഉവ്വോ ഉണ്ണ്യേ ?.
വേണ്ട എന്നാദ്യം തോന്നിയെങ്കിലും ആ മുഖത്തെ വാത്സല്യം കണ്ടപ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
- ശേഖരന്‍ അമ്മാവന്‍ ഇത്തവണ ഗായത്രിക്കുട്ടിയെ കുറിച്ച് ഒന്നും പറഞ്ഞില്ല...
- എനിക്കറിയില്ല ഉണ്ണ്യേ . ഒടിഞ്ഞ തെങ്ങിന്റെ കായ്ഫലം വര്നിചിട്ടെന്താ കാര്യം? .
ശേഖരന്‍ അമ്മാവന്‍ ഒരു കൃഷിക്കാരനാണെന്ന് ഉപമകളിലൂടെ തെളിയിച്ചു കൊണ്ടിരുന്നു. സംസാരിക്കുന്നവരോടെല്ലാം അദ്ദേഹം തന്റെ തകര്‍ന്ന തറവാടിന്റെ കഥ പറയും. അവസാനം കൈമുതലായുള്ളത് അഭിമാനവും ദാരിദ്ര്യവും ആണെന്ന് ഓര്‍മിപ്പിക്കും .
ഒരു മാത്രയെങ്കിലും നിഴലിച്ചത് ക്ഷോഭമാണോ എന്ന് ശങ്കിച്ച് ആ മുഖത്തേക്ക് ഉറ്റു നോക്കി.
"ഹാ .! ആരാ കൃഷ്ണാ ഇത്, ശേഖരന്‍ നായരോ ?. എത്ര കാലായെടോ കണ്ടിട്ട്?" .
ചോദ്യത്തിന്റെയും തൊട്ടു പിന്നാലെ വന്ന മുഴക്കമുള്ള ചിരിയുടെയും ഉറവിടം തേടി തല ഉയര്‍ന്നു. പ്രത്യേകിച്ച് തിരക്കാനില്ല ബാലന്‍ മാഷാണ്.
"ബാലന്‍ ടൌണിലെക്കാനെങ്കില്‍ ഞാനുമുണ്ട്" ഉത്തരം ലഭിക്കുന്നതിനു മുന്‍പേ ശേഖരന്‍ അമ്മാവന്‍ കുട നിവര്‍ത്തി നടന്നു തുടങ്ങി. തന്റെ ചോദ്യത്തില്‍ നിന്നുമുള്ള രക്ഷപെടലാവാം ആ തിടുക്കപെട്ടുള്ള യാത്രയെന്ന് തോന്നാതിരുന്നില്ല.
പാടവും കടന്നു നീണ്ടു പോകുന്ന ചെമ്മണ്ണ്‍ പാതയിലൂടെ നടന്നകലുന്ന ശേഖരന്‍ അമ്മാവനെ നോക്കി നിന്നു. സ്വന്തം മക്കളെ പോലും അദ്ദേഹം ഇത്രയധികം സ്നേഹിചിട്ടുണ്ടാവില്ല. തന്നെയും ഗായത്രിക്കുട്ടിയെയും അമ്മയെയും തനിച്ചാക്കി അച്ഛന്‍ മറ്റൊരു ജീവിതം തേടി പോകുമ്പോഴും രണ്ടു കൈയും നീട്ടി തങ്ങളെ സ്വീകരിച്ച ശേഖരമാമന്‍ . സ്വന്തം ജീവിതം കൂട്ടിയിണക്കാന്‍ പാടുപെടുമ്പോഴും അതൊരു ഭാരമായി അദ്ദേഹം കരുതിയില്ല.
........."എടാ സ്വപ്ന ജീവീ, നീ ഇന്ന് കോളേജില്‍ എഴുന്നല്ലുന്നില്ലേ ? വര്‍ഷാവസാന പരീക്ഷണമാണ് , മറന്നിട്ടു കിടന്നുറങ്ങി കളയരുത്. !!
അബ്ദുവാനത്. പ്രേമലേഖനം കൊടുക്കാന്‍ വേണ്ടി മാത്രം കോളേജില്‍ പോകുന്നവന്‍ എന്നാണ് അവനെക്കുറിച്ചു ഞങ്ങളുടെ ഇടയിലെ ഏകകണ്ടമായ അഭിപ്രായം.
എന്റെ ഉണ്ണിക്കുട്ടന്‍ അല്ലെ. നീ ഇത് കേട്ടിട്ട് ഒരു അഭ്പ്രായം പറഞ്ഞെ. അവളുടെ പിണക്കം മാറാന്‍ വേണ്ടി ഞാന്‍ എഴുതിയതാ. ഡാ കേട്ടോ...
"നിന്‍ മുടിയിലെ തുളസിക്കതിര്‍ വാടിയാലുമെന്നൊമനെ,
നിന്‍ മിഴിപ്പൂക്കള്‍ വാടുന്നതാനെന്റെ ദുഃഖം,
മുല്ലപ്പൂ പോലെ പരിശുദ്ധമാം നിന്റെ മനസ്സ്,
രോസാപ്പൂവിന്‍ ഗന്ധം പരതെനമെന്നും"
പ്രേമ -ഭിക്ഷുവിന്റെ തത്രപാടുകണ്ട് ചിരി വന്നെങ്കിലും ഉള്ളിലോതോക്കി കൊണ്ട് പറഞ്ഞു.
"കൊള്ളാം. Superb".
നന്ദീടാ മോനെ നന്ദി. അബ്ദു മറഞ്ഞു കഴിഞ്ഞു.
തിടുക്കപ്പെട്ടു പാത്രത്തില്‍ ചോറ് നിറയ്ക്കുകയാണ് അമ്മ. അമ്മക്കൊരിക്കലും തന്നെ ഹോസ്റ്റലില്‍ അയക്കാന്‍ ഇഷ്ടമല്ലായിരുന്നു. തനിക്കും ഗായത്രിക്കും ചോറ് പൊതിഞ്ഞു കെട്ടി തന്ന അമ്മ. പോകാന്‍ നേരം മുടങ്ങാതെ മുത്തം തന്ന അമ്മ. മനസ്സിലെ നിര്‍മലമായ വാത്സല്യം മറച്ചു വച്ച്, ശകാരങ്ങളിലൂടെയും ഉപദേശങ്ങളില്‍ കൂടെയും "പഠിച്ചു രക്ഷപെടണം " എന്ന നെരിപ്പോട് എന്റെ ഹൃദയത്തില്‍ കത്തിച്ചത് അമ്മയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഉണ്ടായി കൃത്യ സമയത്തുള്ള അനാവശ്യമായ തിടുക്കം കൂട്ടല്‍.
പറഞ്ഞിട്ടില്ലേ ഉണ്ണീ നിന്നോട്. എല്ലാം നേരത്തെ എടുത്തു വയ്ക്കണമെന്ന്. പുസ്തകമെടുകുമ്പോള്‍ ബുക്ക് കാണില്ല. ബുക്ക് എടുക്കുമ്പോള്‍ പേന ഉണ്ടാവില്ല. ഇതാപ്പോ കഥ.
അമ്മയുടെ സ്നേഹം നിറഞ്ഞ ശകാരം ഹൃദ്യമായി.
ബസ് സ്റ്റോപ്പില്‍ എത്തുമ്പോള്‍ "സംഭവാമി യുഗേ യുഗേ". ബസ് പോയി കഴിഞ്ഞിരുന്നു. ഒറ്റയ്ക്ക് നടക്കുന്നത് എനിക്കെന്നും ഇഷ്ടമുള്ള കാര്യമാണ്. ആവസ്യമുള്ളതും ഇല്ലാത്തതുമായ പലതും ആ നടതക്കിടയില്‍ ചിന്തിച്ചു കൂട്ടാം..
എതിരെ കലപില കൂട്ടിയും കളി പറഞ്ഞും ഒരു പട്ടം കുട്ടികള്‍ കടന്നു പോയി. നിഴല്‍ പോലെ തന്നോടൊപ്പം ഉണ്ടായിരുന്ന അനിയത്തി ഗായത്രിയെ ഓര്‍ത്തു. ഇന്നവള്‍ അവളുടെ ശരി കണ്ടെത്തിയിരിക്കുന്നു. ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ അവള്‍ ജീവിതം ആരംഭിച്ചിരിക്കുന്നു. ശേഖരന്‍ അമ്മാവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. അവസാനം " ആ കേശവ മേനോന്‍ മുണ്ട് മുറുക്കിയുടുത്തു ഉണ്ടാക്കി വച്ചതെല്ലാം തിന്നു നശിപിച്ച എമ്ബോക്കിക്ക് വേണ്ടി കുരുതി കൊടുത്തല്ലോ എന്റെ മോളെ" എന്ന് വരെ വിഷമം കയറി പറഞ്ഞു; അമ്മാവന്‍.
കരയോഗം പ്രസിഡന്റ് വാസു പിള്ള ചേട്ടന്‍ വക്കാലത്തുമായി വന്നു "ന്റെ ശേഖരാ ഒന്നൂല്ലെങ്കിലും അവന്‍ ഒരു നായര് കുട്ടിയല്ലേ . അതോര്‍ത്തു സമാധാനിക്ക്യാ. അല്ലാണ്ട് ഇക്കാലത്തെ നമ്മുടെ ചില പിള്ളേരുടെ കൂട്ട് അവിട്യേം ഇവിദ്യേം ഒന്നും പോയില്ല്യല്ലോ. പണം ഇന്ന് വരും, നാളെ ,ദേ ശൂം...". ആത്മ സുഹൃത്തിന്റെ ആ സമാധാനിപ്പിക്കലിലാണ് അമ്മാവന്‍ തണുത്തത്.
അമ്മാവന്റെ വീടിന്റെ വടക്കേ ദിക്കിലാണ് ഗായത്രിയുടെ ഭര്‍ത്താവിന്റെ വീട്. അമ്മാവന്റെ വീട്ടില്‍ പോയി നിന്നപ്പോള്‍ ഉണ്ടായ ഇഷ്ടമായത് കൊണ്ടാണ് ഇത്ര വിഷമം (അതോ കുറ്റബോധം കൊണ്ടോ ?). തറവാട്ടില്‍ ഉള്ളത് മുഴുവന്‍ കൊടുത്തു മുടിച്ചു രാഷ്ട്രീയം കളിച്ചു എന്റെ അളിയന്‍, എന്നിട്ടിപ്പോള്‍ കുടുംബത്തെ പണം തീര്‍ന്നപ്പോള്‍ ഒറ്റപ്പെട്ടു. ആര്‍ക്കും വേണ്ടാതായി. അധ്വാനിക്കാന്‍ തുടങ്ങി എന്നാണ് ഇയ്യിടെ ചായ പീടികെലെ ഭാസ്കരേട്ടന്‍ പറഞ്ഞത്. ആദ്യം ഒക്കെ അഭിമാന പ്രശ്നം പറഞ്ഞു എതിര്‍ത്തെങ്കിലും അവളെ പഞ്ചായത്ത് ക്ലാര്‍ക്ക് ജോലിക്ക് പോവാന്‍ അനുവദിച്ചു എന്നാണ് അറിവാന്‍ കഴിഞ്ഞത്. പുറമേ അസംതൃപ്തി ഭാവിചെങ്കിലും മനസ്സാ അവരെ ഞാന്‍ എന്നും അനുഗ്രഹിചിട്ടെ ഉള്ളു.
വഴിയോരത്ത് ആള്‍ക്കൂട്ടം കണ്ടു. പ്രത്യേക താളത്തിലുള്ള ചെണ്ട കൊട്ടിന് അനുസരിച്ച് പ്രത്യേക താളത്തിലുള്ള ചെണ്ട കൊട്ടിനനുസരിച്ചു ഹൃദ്യമായി പാടുന്ന പെണ്‍കുട്ടി. അവള്‍ അന്ധയാണ്. ആ താളത്തിന് അനുസൃതമായി ചുവടു വച്ച് നേര്‍ത്ത കയറില്‍ കൂടി ജീവിതത്തിന്റെ മറ്റേ അട്ടതെതന്‍ പാട് പെടുന്ന മെല്ലിച്ച മധ്യ വയസ്കന്‍. അവളുടെ അച്ഛനായിരിക്കും. ലോകം ഒരു വേദി ആണെന്നും മാനുഷരെല്ലാം ജീവിത നാടകത്തിലെ അഭിനേതാക്കള്‍ ആണെന്നും ചാണ്ടി സര്‍ shakespear ക്ലാസ്സില്‍ പഠിപ്പിച്ചത് ഓര്മ വന്നു. ഗേറ്റില്‍ വാച്ചരുടെ ചിരിക്കു മറുചിരി എറിഞ്ഞു വരാന്തയില്‍ എത്തുമ്പോള്‍ ക്ലാസ് ആരംഭിച്ചിരുന്നു.
സെക്കന്റ് അവര്‍ തുടങ്ങി. കൃഷ്ണന്‍ മാഷാണ്. ജീവിതം മുഴുവന്‍ സഞ്ചാരം ആക്കി മാറ്റിയ അദ്ദേഹം ഇപ്പോള്‍ ഏതോ യാത്രാനുഭവങ്ങള്‍ സന്ദര്‍ഭവശാല്‍ പറയുകയാണ്. ചെറിയൊരു ആലസ്യത്തിലേക്ക് വഴുതുംപോഴാണ് പ്രിസിപലിന്റെ ചീട്ടുമായി പ്യൂണ്‍ തോമസുചെട്ടന്‍ കടന്നു വരുന്നത്.
ഫോണ്‍ കാള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അതിന്റെ ആകസ്മികതയില്‍ ഉത്കണ്ട തോന്നി.
"നിന്റെ അമ്മ മരിച്ചു "!!! .
ശേഖരന്‍ അമ്മാവന്റെ ചിലമ്പിച്ച സ്വരം കേള്‍ക്കുമ്പോള്‍ receiver കാതില്‍ ഒട്ടി പിടിച്ചിരിക്കുന്ന കനല്‍ കട്ട പോലെ തോന്നി. വണ്ടിയില്‍ ഇടം പിടിക്കുമ്പോള്‍ ആസ്ത്മ രോഗിയെ പോലെ എങ്ങിയും വലിഞ്ഞും പോകുന്ന വണ്ടിയെ ശപിച്ചു.
മഴ പെയ്തെക്കുമെന്നു തോന്നുന്നു.
തൊട്ടടുത്തിരിക്കുന്ന ആള്‍ പരിചയപെടാന്‍ എന്നവണ്ണം അഭിപ്രായപെട്ടു.
ങാ....
തീര്‍ന്നു. വ്യക്തതകലെക്കാള്‍ കൂടുതല്‍ ഭംഗി അവ്യക്തതകള്‍ക്കാണെന്ന് കൂടി പറയേണമെന്നു തോന്നി . വേണ്ട.
ആള്‍ക്കൂട്ടം കണ്ടപ്പോള്‍ കേട്ടതൊന്നും സത്യമാവല്ലേ എന്നാ പ്രാര്‍ത്ഥന ......അവരെ കടന്നു ഉമ്മറത്ത് എത്തുമ്പോള്‍ നിലവിളക്കിനു മുന്‍പില്‍ അമ്മ. മുന്‍പെങ്ങും ഇല്ലാത്ത ഒരു ശാന്തത ഇപ്പോള്‍ ആ മുഖത്തുണ്ട്. പാദങ്ങളില്‍ നമിച്ചു കിടന്നു. അടര്‍ന്നു വീണു കഴുകി മാറുന്ന ആയിരം കണ്ണുനീര്‍ തുള്ളികള്‍..ആരോ വന്നു എഴുന്നേല്പിച്ചു അകത്തേക്ക് കൊണ്ട് പോകുമ്പോള്‍ ,
"വഹ്നി സന്ദപ്ത ലോഹസ്താംപു ബിന്ധുനാ
സന്നിഭം മര്‍ത്യ ജന്മം ക്ഷണ ഭംഗുരം ".
അമ്മക്കരുകില്‍ ഇരുന്നു രാമായണം വായിക്കുന്നത് ആരാണ്? ഗോവിന്ദന്റെ അമ്മയാണെന്ന് തോന്നുന്നു.
മരണ വീട്ടിലും പുതിയ സിനിമകളെ അവലോകനം ചെയ്യുന്ന ചെറുപ്പക്കാരും രാഷ്ട്രീയ നേതാക്കളെ വിശകലനം ചെയ്യുന്ന മുതിര്‍ന്നവരും. അമേരിക്കയിലെ മൊബൈലിനു റേഞ്ച് ഇല്ലാത്തതിന് പരാതികള്‍ പറയുന്ന സാറാമ്മ ആന്റി. ആര്‍ക്കു വിഷമം , ആര്‍ക്കു നഷ്ടം. ചുറ്റും ഒന്ന് കണ്ണോടിച്ചു. ഇരമ്പില്‍ നിന്നും മുറ്റത്തെ വരിക്ക പ്ലാവിലേക്ക് വലിച്ചു കെട്ടിയിരുന്ന പടുതയില്‍ കൂടി അരിച്ചു വരുന്ന പ്രകാശം മുറ്റമാകെ നീല നിരത്തില്‍ മുക്കിയിരുന്നു. അപ്പുറത്ത് നിശ്ചേഷ്ടനായി ശേഖരന്‍ അമ്മാവന്‍ ഇരിക്കുന്നു. അടുത്ത് ചെല്ലുമ്പോള്‍ നനവൂരിയ കണ്ണുകളോടെ ശേഖരന്‍ അമ്മാവന്‍ വിളിച്ചു.
"ഉണ്ണ്യേ....." .
എങ്കിലും ....അമ്മക്ക്...... .
അരുത്.........കരയരുത്............
വിറയാര്‍ന്ന കൈകളോടെ ശേഖരന്‍ അമ്മാവന്‍ നീട്ടിയ കടലാസ്സ് ഉത്കണ്ടയോടെ ആണ് നിവര്തിയത്.
അമ്മയുടെ ഉണ്ണീ,
ശേഖരേട്ടനെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. ഏട്ടനും വലിയ പ്രാരാബ്ധക്കാരന്‍ ആണ്. നീ പണം ആവശ്യപെട്ടപ്പോള്‍ ഒക്കെ ഇല്ലെന്നു പറയാന്‍ ഏട്ടന് ആയില്ല. തറവാടിന്റെ പ്രമാണം പണയം വച്ചിടാണ് അദ്ദേഹം ഇപ്പോള്‍ ഈ രൂപാ നിന്നെ ഏല്‍പ്പിക്കാന്‍ തന്നിരിക്കുന്നത്. എനിക്കത് സഹിച്ചില്ല. എന്തിനാ മോനെ ഒരു അധികഭാരം...... അമ്മയുടെ താലി മാല വടക്കിനിയിലെ പെട്ടിയില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അമ്മക്കിനി അത് വേണ്ടല്ലോ. 'മാഷ് ആവണം' എന്നത് നിന്റെ വലിയ ആശയാണല്ലോ. എന്റെ ഉണ്ണി അത് സഫലം ആക്കണം.
അമ്മ.
മനസ്സിന്റെ കോണില്‍ എവിടെയോ ഒരു വല്ലാത്ത ഭാരം. പതറുന്ന കാലുകളോടെ ഉമ്മറത്തേക്ക് ഓടുമ്പോള്‍ കണ്ണീരിന്റെ നനവ് നിലവിളക്കിലെ ദീപത്തെ അദൃശ്യമാക്കികൊണ്ടിരുന്നു...
-ശുഭം-