Monday, January 17, 2011

"മനോഭാവം" -നമ്മുടെ, അവന്റെ, അവളുടെ,എന്റെ, നിങ്ങളുടെ, അദ്ധേഹത്തിന്റെ, അവരുടെ...

ഈ ചെറിയ അനുഭവം, അത്ര കണ്ടു ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണോ എന്ന് ഇപ്പോഴും ഒരു സംശയം ഇല്ലാതില്ല. എങ്കിലും ഈയുള്ളവന്റെ തോന്നല്‍ ഇവിടെ കുറിക്കട്ടെ!


ഗുമു ഗുമാന്നു നാഴികക്ക് നാല്പതു വട്ടം പറയുമെങ്കിലും... മനോഭാവം എന്നത് വളരെ വിശാലമായ അര്ഥമുള്ള ഒരു വാക്കാണെന്നു മനസ്സിലാക്കിയത് ഇക്കഴിഞ്ഞ പുതുവത്സര പിറവിയിലാണ് ."എല്ലാത്തിനും അതിന്റേതായ സമയമു"ള്ളത് (കടപ്പാട് : ദാസന് ആന്ഡ് വിജയന് )കൊണ്ട് ആരെയും കുറ്റപ്പെടുത്താന് കഴിയുകയുമില്ല.

ഒരാഴ്ച മുഴുവന് ബാംഗ്ലൂര് നഗരത്തില് ചുറ്റി തിരിഞ്ഞു ബോറടിച്ച എന്റെ പിതാവും ഞാനും നാട്ടിലേക്ക് പോകുവാന് തീരുമാനിച്ചു. ഏതോ ഒരു നിമിത്തം പോലെ ടിക്കറ്റ് കിട്ടിയത് ഡിസംബര് മുപ്പത്തി ഒന്നിനും. തീരുമാനമായി; ഇത്തവണത്തെ "ന്യൂ ഇയര്" ട്രെയിന് യാത്രക്കിടയില് എത്തിപെട്ടെക്കാവുന്ന ഏതെങ്കിലും "മൊബൈല് സിഗ്നല് രഹിത" കുഗ്രാമത്തിലോ,വനാന്തരത്തിലോ ആവാനും ആവാതിരിക്കാനും സാധ്യത ഉണ്ട്.
അടുത്ത സീറ്റില് ഉള്ള തമിഴ് കുടുംബവും ഇരു ചെവികളിലും ഹെഡ്സെറ്റ് തിരുകിയ അവസ്ഥയില് "ഒരു സങ്കീര്‍ത്തനം പോലെ" വായിച്ചു കൊണ്ടിരുന്ന പെണ്കുട്ടിയും പത്തു മണി ആയതേ "ചേട്ടാ ലൈറ്റ് കെടുത്തണം, ഉറങ്ങാന് പോകുവാ " എന്ന രീതിയില് ഉള്ള നോട്ടം എടുത്തെറിഞ്ഞപ്പോള്, വേറെ നിര്വാഹമില്ലാതതിനാല് ടിക്കറ്റ് എടുത്തതിന്റെ അവകാശത്തില് എനിക്ക് പതിച്ചു കിട്ടിയ ചാതുരാക്രുതിയിലേക്ക് ഒതുങ്ങി കൂടാന് നിര്ബന്ധിതനാവുകയും ചെയ്തു.

കഴിഞ്ഞ കുറെ വര്ഷങ്ങളില് സുഹൃത്തുക്കളുടെ ഒപ്പം ആഘോഷിച്ച രസകരങ്ങളായ "ന്യൂ ഇയര്" രാത്രികളെയും അയവിറക്കി അങ്ങനെ കിടക്കുമ്പോഴാണ് എവിടെ നിന്നോ ഒരു മാപ്പിളപ്പാട്ടിന്റെ ശീല് കേട്ട് തുടങ്ങിയത്. ഏതോ ചടങ്ങും കഴിഞ്ഞു മടങ്ങുന്ന ഒരു "മ്മിണി ബല്യ" ഒരു കുടുംബം. മുല കുടിക്കുന്ന കുഞ്ഞും അമ്മയും, നാല്-അഞ്ചു വയസ്സായ രണ്ടു മൂന്നു ആണ്കുട്ടികളും പെണ്കുട്ടികളും, ഏകദേശം നാല്പത്തഞ്ചുഉം എഴുപതും വയസ്സ് കണ്ടേക്കാവുന്ന രണ്ടു സ്ത്രീകളും , പതിനഞ്ചു , ഇരുപത്തിനാല് ,മുപ്പത്തി അഞ്ചു , നാല്പത്തി രണ്ടു വയസ്സ് പ്രായം ഏകദേശം കണ്ടേക്കാവുന്ന നാല് പുരുഷ കേസരികളും , പതിനാറു വയസ്സ് കണ്ടേക്കാവുന്ന രണ്ടു പെണ് തരികളും !. ഇതാണ് ആ സംഘത്തിന്റെ ഒരു ഏകദേശ രൂപം.
എത്തി വലിഞ്ഞു താഴത്തെ ബര്ത്തിലേക്ക് നോക്കി. ഉറക്കത്തിനു ഭംഗം വന്നാല് വെറുപ്പ് പ്രകടിപ്പിക്കാറുള്ള അച്ഛന് അതാ, എണീറ്റിരുന്നു ചെറുതായി താളം പിടിച്ചു ആസ്വദിക്കുന്നു. പാട്ടുകള് മാപ്പിളപ്പാട്ടില് നിന്നും ചുവടുമാറി, സിനിമ ഗാനങ്ങളുടെ ചുവടു പിടിച്ചു പഴയ ഭക്തി ഗാനങ്ങളും നാടന് പാട്ടുകലുമൊക്കെയായി രസം പിടിക്കുകയാണ്. ഇതിനു മികവു പകരാന് ചെറുതായി കൈ കൊട്ടുകയും നൃത്തം ചവിട്ടുകയും ചെയ്യുന്നുണ്ട് അവര്. മുഖം കണ്ടാലറിയാം അവരത് നന്നായി ആസ്വദിക്കുന്നുണ്ട്. തല പൊക്കി മനസ്സ് കൊണ്ടെങ്കിലും അവരുടെ ഒപ്പം കൂടുന്നവരുടെ എണ്ണം നിമിഷം പ്രതി വര്ധിക്കുന്നുമുണ്ട്. ഹാ...എന്ത് രസം.... ഇതാണ് ജീവിതം...കപട സദാചാരവും മാന്യതയും കുലം കുത്തി വാഴുന്ന ഈ ദേശത്ത് ജീവിതം വലിയ ഒരു "ആന" ആണെന്ന് വിചാരിക്കാതെ വളരെ ലഘുവായി മുന്നോട്ടു നീങ്ങുന്നവരുമുണ്ടല്ലോ...

ഇതിനു മുന്പുള്ള പല ട്രെയിന് യാത്രകള് കയ്പ്പും മധുരവുമേറിയ പല അനുഭവങ്ങളും ഈയുള്ളവന്റെ ജീവിതത്തില് തന്നിട്ടുണ്ട്..പരസ്പരം ഒരക്ഷരം മിണ്ടാതെ ഒരു യാത്ര മുഴുവന് പൂര്ത്തിയാക്കിയതും , രാത്രി ഒരു പോള കണ്ണടക്കാതെ വാചകമടിച്ചു ഇരുന്നതും, ഇപ്പോഴും നിലനില്ക്കുന്ന സുഹൃദ് ബന്ധങ്ങള് തന്നതും, പരിചയപ്പെടാനായി "ഇദ്ധേഹം എങ്ങോട്ടാണാവോ?" എന്ന് ചോദിച്ചപ്പോള് "അറിഞ്ഞിട്ടിപ്പോ തനിക്കെന്താ കാര്യം?" എന്ന് മറു ചോദ്യം വരെ കേള്ക്കേണ്ടി വന്നതും ഇതു പോലുള്ള ഒരു ട്രെയിന് യാത്രയില തന്നെയാണ്. അവരുടെ ഒപ്പം കൂടി "ഓളം" വയ്ക്കാന് മനസ്സ് വെമ്പുന്നുണ്ടെങ്കിലും, ആ സംഘാങ്ങങ്ങളുടെ പ്രതികരണത്തെക്കുറിച്ച് ആശങ്ക ഉടലെടുത്തത് കൊണ്ട് സംയമനം പാലിച്ചു.

"ഇയ്യാള്ക്ക് ഒന്നും ഉറക്കമില്ലെടോ ?..നാളെ രാവിലെ എണീക്കെണ്ടതാണ്..." ശബ്ദം നമ്പര് ഒന്ന്.

"നമ്മളൊക്കെ എന്നും ഉറങ്ങുന്നതല്ലേ ചേട്ടാ. ഒരു ഒരു മണിക്കൂര് ന്യൂ ഇയര് ആയി ക്ഷമിച്ചു കൂടെ". ശബ്ദം നമ്പര് രണ്ടു.

"നിങ്ങളിത് നിര്ത്തുന്നോ ഇല്ലയോ. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം.റെയില്‍വേ പോലീസിനെ വിളിച്ചാല് എല്ലാത്തിന്റെം കുതിര കളി നില്ക്കും." ഒന്നാമത്തെ ശബ്ദത്തിന്റെ ഉടമ.

കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ,ഒരു പറ്റം ആളുകളുടെ രസം തല്ലികെടുത്തി കൊണ്ട് കമ്പാര്ട്ട്മെന്റിന്റെ അറ്റത്ത് നിന്നെവിടെ നിന്നോ വന്ന ആ വില്ലന് പോയി മറഞ്ഞു. ആ മാന്യന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സമാധാനം ഉറഞ്ഞു കൂടുന്നതായി കാണപ്പെട്ടു. ഒരു ഇരുപത്തെട്ടു മുപ്പതു വയസ്സ് പ്രായം കണ്ടേക്കാവുന്ന ആ പ്രിയ സുഹൃത്ത് ഈ പ്രായത്തില് ഇത്ര കാര്ക്കശ്യം കാണിക്കാന് പാടില്ലായിരുന്നു എന്നെന്റെ മനസ്സ് പറഞ്ഞു. ഞാനും അവിടെ നിന്നും എവിടെ നിന്നും ഇറങ്ങി വന്ന മറ്റു രണ്ടു ചെറുപ്പക്കാരും ചേര്ന്ന് ആ സംഘത്തെ ആശ്വസിപ്പിക്കാന് ഒരു ശ്രമം നടത്തി. കൊച്ചു കുട്ടികള് ആകെ സങ്കടപ്പെട്ടു ഉറക്കം പിടിക്കാന് തുടങ്ങി. ഒരു പതിനൊന്നര ആയിക്കാണണം ...തല നരച്ച ഒരു അമ്പത് വയസ്സില് കുറയാത്ത ചേട്ടന് എണീറ്റ് വന്നു ഒറ്റ ചോദ്യം "നിങ്ങള്ക്കൊന്നും ന്യൂ ഇയര് ഇല്ലേടാ പിള്ളേരെ??".ഞങ്ങള് ഒന്നടങ്കം പറഞ്ഞു "പിന്നില്ലാതെ". പന്ത്രണ്ടു മണി. ആ ട്രെയിനില് ഉള്ള മുഴുവന് യാത്രക്കാരെയും വിളിച്ചുണര്ത്തി ന്യൂ ഇയര് വിഷ് ചെയ്തു. ചിലരൊക്കെ തിരിച്ചു വിഷ് ചെയ്തു.ചിലരാവട്ടെ മധുരവും കേക്കും തന്നു. മറ്റു ചിലര് അവരുടെ ജീവിതത്തില് ഇത്ര നന്നായി ഉറങ്ങിയിട്ടില്ല എന്നാ മട്ടില് തിരിഞ്ഞു കിടന്നു. നിര്ത്തിയ സ്റ്റേഷനില് എല്ലാം ഇറങ്ങി , കച്ചവക്കാരെയും, യാത്രക്കാരെയും, തൊഴിലാളികളെയും , ആരെയും വിടാതെ മുഴുവന് വിഷ് ചെയ്തു. ജീവിതത്തിലെ ഒരു നല്ല ദിവസം നഷ്ടപെടുതാന് താല്പര്യമില്ലാത്ത പത്തു പന്ത്രണ്ടു പേരായിരുന്നു ആ സംഘത്തില്.

ഇതു പോലെ മനസ്സില് തട്ടിയ മറ്റൊരനുഭവം ആലപ്പുഴ -കോട്ടയം ബോട്ട് യാത്രയിലാണ് ഉണ്ടായത്.ഒരു സുഹൃത്തിന്റെ ചേച്ചിയുടെ കല്യാണത്തിന് പോയി മടങ്ങുമ്പോള്‍ ഒരു കൌതുകത്തിന് പത്തു രൂപ മുടക്കി 'നാല് മണിക്കൂര്' യാത്ര ചെയ്തെങ്കിലും, നിഷ്കളങ്കത നിറഞ്ഞ, ജീവിതത്തില് വലിയ തിരക്ക് പിടിക്കാത്ത, മറ്റുള്ളവരെ പരിഗണിക്കുന്ന ഒരു പറ്റം നല്ല മനുഷ്യരെയാണ് കാണാന് പറ്റിയത്. ട്രാഫിക് സിഗ്നലില് അഞ്ചു മിനിറ്റ് തികച്ചു കിടക്കാന് വിമുഖത കാണിക്കുന്ന നമ്മില് പലരും അവരില് നിന്നും പലതും പഠിക്കാനുണ്ട്. സ്കൂള് കുട്ടികള്ക്ക് കണക്കു പറഞ്ഞു കൊടുത്തും , പച്ചക്കറി അറിഞ്ഞും , അടക്കം പറഞ്ഞും, വെള്ളപ്പരപ്പിലെക്കും വിദൂരതയിലെക്കും കണ്ണ് നട്ടും ഇരിക്കുന്നവരുടെ മുഖം, ആ രസം കൊല്ലികളുടെ മുഖവുമായി താരതമ്യ പഠനത്തിനു വച്ചാല് .......!!!?

സേലം സ്റ്റേഷനില് എത്തിയപ്പോള് ഒരു മുംബൈ വണ്ടി കിടക്കുന്നു. ഉച്ചത്തില്‍ "ഹാപ്പി ന്യൂ ഇയര്" പറഞ്ഞു എല്ലാവരെയും വിഷ് ചെയ്തു. പരിപാടിയൊക്കെ നിര്ത്തി പതിയെ ഉറങ്ങാമെന്ന് ചിന്ത എല്ലാവരും പങ്കു വച്ചപ്പോഴാണ് "എന്നാ പ്രശ്നം , എങ്കെ എങ്കെ?? " എന്ന് ചോദിച്ചു കൊണ്ട് മൂന്നു കാക്കിധാരികള് കയറിയത്. പറഞ്ഞു കേട്ട ചരിത്രങ്ങളുടെ "അടി"സ്ഥാനത്തില് , സ്ഥാനത്തിനു അടി കിട്ടാനുള്ള സാധ്യത തള്ളിക്കളയാന് പാടില്ല. തടിച്ചു കൊഴുത്ത് ഒരു കപ്പടാ മീശക്കാരന് ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. എന്റെ അടുത്ത് വന്നപ്പോള് ദശാബ്ദങ്ങളായി നോക്കി നടന്ന പിടികിട്ടാ പുള്ളിയെ കണ്ട വണ്ണം ഒന്ന് നിന്ന് ..ദൈവത്താണെ, ഉള്ളൊന്നു കാളി!... അയ്യാള്ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കൈ നീട്ടി... ഒറ്റ ഷേക്ക് ഹാന്ഡ് ...പോരാഞ്ഞു തമിഴ് ഇംഗ്ലീഷ് ചുവയില് സണ്‍ മൊഴിമാറ്റ-സിനിമാ ഡയലോഗ് പോലെ ഒറ്റ കാച്ച് . "ഹാപ്പി ന്യൂ ഇയര്".

വാല് : ഇത്രയൊക്കെ ആളുകളുടെ;- അത്ര കണ്ടു സങ്കീര്ണ്ണം അല്ലാത്ത ഒരു വിഷയത്തെ അധികരിച്ചുള്ള "മനോഭാവം", എല്ലാത്തിനെയും 'അനാവശ്യ' ഗൌരവത്തില് കാണുന്നവര് ഒന്ന് കീറി മുറിച്ചു നോക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്- എന്നാണു ഈയുള്ളവന്‍ ഉള്‍പ്പെടെ ഉള്ള ഒരു പറ്റം സമാധാന കുതുകികളുടെ അന്നത്തെ കണ്ടെത്തല്‍ :-)

-January 2011