Monday, May 21, 2012

ഇവിടെയൊരു..... മിടുക്കന്റെ നിഴല്‍ക്കുത്ത്!

അവനൊന്നും നേടുവാന്‍ ഉണ്ടായിരുന്നില്ല. എല്ലാം നേടിക്കഴിഞ്ഞത് കൊണ്ടോ അങ്ങനെ സ്വയം തോന്നിയിട്ടോ ആയിരുന്നില്ല.അവനു പണ്ടേ മത്സരങ്ങളോട്‌ വെറുപ്പായിരുന്നു.ഒന്നിന് വേണ്ടി പലര് കടിപിടി കൂടുന്ന നിലവാരമില്ലാത്ത ഏതോ ഒരു പ്രക്രിയ ആയിട്ടേ അവനു തോന്നിയിട്ടുണ്ടാവൂ...ചോദിച്ചു ഉറപ്പാക്കാന്‍ യാതൊരു മാര്‍ഗവുമില്ല, കാരണം കണ്ട നാള്‍ മുതല്‍ അവന്‍ വാ തുറക്കുന്നത് പുഞ്ചിരിക്കാനും ഭക്ഷിക്കാനും മാത്രമായിരുന്നു.സത്യം പറഞ്ഞാല്,  എനിക്ക് മാത്രമല്ല മിടുക്കുള്ള സമൂഹത്തിനു മുഴുവന് ആ പരാജിതനോട് സഹതാപമുണ്ട് ‍.

 എന്തിനാണിങ്ങനെ ജീവിക്കുന്നത്? ? ?

 അല്ലെങ്കില്‍ തന്നെ ജീവിക്കാനറിയാത്തവരും  കൂടെ നില്‍ക്കാത്തവരും  തനി ഭ്രാന്തന്മാരാണെന്ന് ആര്‍ക്കാണ് അറിയാത്തത്?.കഷ്ടം തന്നെ ! ഞാന്‍ ഒരു അലസനല്ല. എനിക്ക് വെട്ടിപ്പിടിക്കുവാനും നേടുവാനുമുണ്ട്.കളിയിലും ജീവിതത്തിലും ഞാന്‍ ഒന്നാമനാണ്‌. എങ്കിലും എന്തോ ഒന്ന് കൂടി നേടുവാനുണ്ട്.

സമ്പത്താണോ...ചുറ്റും കണ്ണോടിച്ചു...ഹേ തരമില്ല...എല്ല് മുറിയെ പണിയെടുത്തത് അതിനല്ലല്ലോ ? എന്തെന്നില്ലാത്ത ഒരു അഭിമാനം.


സുന്ദരിയായ ഭാര്യയും തുള്ളിക്കളിക്കുന്ന കുട്ടികളും...ഞാന്‍ ഒരു ഭാഗ്യവാന്‍ തന്നെ.


തിരക്ക് പിടിച്ച ദിവസത്തിന്റെ അന്ത്യത്തില്‍ വില കൂടിയ മദ്യം സേവിച്ചു സുഹൃത്തുക്കളുടെ തോളില്‍ കയ്യിട്ടു ആരോടെങ്കിലും കയര്‍ക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. സ്ഥലത്തെ ഒരു പര നാറിയും കൊടുക്കാത്ത അത്ര നികുതി സര്‍ക്കാരില്‍ അടക്കുന്നുണ്ട് ...അപ്പോള്‍ ഇതു എന്റെ റോഡാണ്. എന്റെ വിലകൂടിയ വാഹനത്തിനു ചീറുവാന്‍ ഉള്ളതാണ്.

അതാ അവന്‍. എനിക്ക് വേണ്ട എന്തോ ഒന്ന് അവന്‍ കയ്യടക്കി വച്ചിരിക്കുന്നു. ഇതു ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എനിക്കവനെ തോല്‍പ്പിക്കണം.അവന്‍ എപ്പോഴും ചിരിച്ചു കൂടാ..എനിക്ക് ചിരിക്കാന്‍ പറ്റാത്ത ലോകത്ത് അധ്വാനിക്കാതെ ഇവന്‍ ചിരിക്കാന്‍ പാടില്ല. പ്രമുഖനായ ഭിഷഗ്വരന്‍ പറഞ്ഞത് എനിക്ക് ചിരിക്കാന്‍ പറ്റാത്തത് മനസ്സമാധാനം ഇല്ലാത്തത് കൊണ്ടാണെന്ന്.

കാറിന്റെ ചില്ലിലെ രക്തത്തുള്ളികള്‍ തുടക്കാന്‍ അഞ്ചു നിമിഷം പോലും വേണ്ടി വന്നില്ല. കൊളസ്ട്രോള്‍ കൂടുകയോ അടുത്ത ഹൃദയസ്തംഭനം വരാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ അത് വരെ എനിക്ക് സുഖമായി ജീവിക്കാം ,ഹ ഹ ഒരാളെ കൊന്നാലിപ്പോള്‍ രക്ഷിക്കാന്‍ വക്കീലന്മാര്‍ മത്സരിക്കും. ഉറുമ്പരിക്കാന്‍ തുടങ്ങിയ ഇവന് അറിയില്ലെങ്കില്‍ അവര്‍ക്കറിയാം എന്റെ വില.

പക്ഷെ എനിക്കിപ്പോഴും ചിരിക്കാനാവുന്നില്ല. അതാ അവന്‍ എന്നെ നോക്കി പല്ലിളിക്കുന്നു.

അവന്‍ ചിരിക്കുകയും മരിക്കുകയും ചെയ്തു.ഞാന്‍ ചിരിക്കാനാവാതെ മരിച്ചു കൊണ്ട് ഇനിയും...


..തോല്‍ക്കാന്‍ തയ്യാറുള്ളവനെ തോല്പ്പിക്കാനാവില്ലല്ലോ...എനിക്ക് വിജയിക്കാനുമാവില്ല. 

ചിരിക്കാന്‍ പറ്റിയില്ലെങ്കിലെന്താ ഇന്നു മുതല്‍ ഞാന്‍ അട്ടഹസിക്കും.സമൂഹം മുഴുവന്‍ മിടുക്കന്മാരെ കൊണ്ട് നിറഞ്ഞതാണ്‌. അവരെന്നെ നോക്കിയും പരിഹസിക്കും പൊട്ടിച്ചിരിക്കും കല്ലെറിയും. അവന്റെ സുഖം ഞാനും എന്റെ സുഖം അവരും അറിയുന്നില്ലല്ലോ... മണ്ടന്മാര്‍.