

നടന്നു നടന്നു "സിറ്റി ചേംബര്‍" എത്തിയപ്പോള്‍ ആദ്യം കണ്ട കാഴ്ച ഏതോ ഒരു വടക്കേ ഇന്ത്യന്‍ കലാരൂപം അവതരിപ്പിക്കുന്ന ഇന്ത്യന്‍ വംശജരെയാണ്. കാഴ്ചക്കാരുടെ കൂട്ടത്തില്‍ ഒരു സിഖ് കുടുംബവും !!!!....ആ നിമിഷം മുതല്‍ ഞാനൊരു സ്കോട്ടിഷ് കാരന് ആയതു പോലെ തോന്നി.പഴമയുടെ സൌന്ദര്യം പേറുന്ന 'ഗ്ലാസ്ഗോ കത്തീട്രല്' കണ്ടു നടന്നു നീങ്ങി. അതിന്റെ വശങ്ങളില് എന്തോ അറ്റകുറ്റപ്പണികള്‍ നടക്കുന്നു...കല്പാളികളില് കാലം സമ്മാനിച്ച ഗൃഹാതുര സ്മരണകളുമായി കത്തീട്രല്,അതിന്നു മുന്പില് ഏകമായി ഇരിക്കുന്ന വൃദ്ധയുടെ കൂടെ ബെഞ്ചില്‍ ഇരുന്നു കൊണ്ട് പെട്ടെന്ന് കാണാന്‍ തരപ്പെടുന്ന ഗ്ലാസ്ഗോ സൌന്ദര്യത്തെപ്പറ്റി ചോദിച്ചു.അതിനു കാരണമുണ്ട് ഇവിടെ നിന്നും നേരെ പോകേണ്ടത് ഒരു ദ്വീപിലേക്ക് ആണ്. അയില് ഓഫ് അറാന്‍ (Isle of Arran ) എന്നാണു ആ ദ്വീപിന്റെ പേര്.
ദ്വീപിലേക്കുള്ള കപ്പല്‍ പുറപ്പെടുന്ന ആര്ട്രോസാന് എന്ന സ്ഥലത്തേക്ക് ഒരു സ്കോട്ടിഷ് ഫാസ്റ്റ് ട്രെയിന്‍ ടിക്കറ്റ് തരപ്പെടുതിയിട്ടുണ്ട് പക്ഷെ നാല് മണിക്കൂറിനു ശേഷം അത് പുറപ്പെടും. അതിനു മുന്‍പ് നഗരമൊന്നു കാണണം.ആ അമ്മൂമ്മ എന്നോട് അഭിമാനത്തോടെ പറഞ്ഞതിങ്ങനെയാണ്.
"I am afraid to say that I can 't suggest anything specific in Glasgow .However I would say ,the entire Glasgow is beautiful and exceptional for the visitors.The more you spend the more you love "
അതെ ഈ ഓരോ ഇഞ്ചിലും ഓരോ കഥ ഒളിഞ്ഞിരിക്കുന്നുണ്ടാവണം!!-പഴമയുടെ, പുതുമയുടെ ശീതളിമയില്‍ തലയുയര്‍ത്തി നില്ക്കുന്ന സ്വപ്ന സൌധങ്ങള്‍..പോകുന്ന വഴി കണ്ട പാര്‍ക്കില്‍ കയറിയപ്പോള്‍ ഒരു ആഗ്രഹം..ഈ മണ്ണില്ലൂടെ നഗ്നപാദനായി നടക്കണം.!!..ഷൂസ് ഊരി കയ്യില്‍ പിടിച്ചു കുറെ ദൂരം നടന്നു, മണ്ണിലും മാപ്പിള്‍(Maple ) മരത്തിന്റെ ഇലകളുടെ നിറ ചാര്തിലും ചവുട്ടി... സമൃദ്ധമായ ആഗ്രഹ പൂര്‍ത്തീകരണം.
ജോര്‍ജ് സ്കൊയര്‍, ഗ്ലാസ്ഗോ സയന്‍സ് സെന്റര്‍ , പാര്‍ക്കുകള്‍ ,വിവിധ മ്യൂസിയങ്ങള്‍ ഇവ കണ്ടു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. കയ്യിലുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് പ്രിന്റ് ഔട്ട് ഉപയോഗിച്ച് ഇലക്ട്രോണിക് ഗേറ്റുകളില്‍ ഉപയോഗിക്കേണ്ട ടിക്കെറ്റുകള്‍ സ്വന്തമാക്കി. അതിവേഗ ട്രയിനിലെ യാത്ര അവിസ്മരണീയം തന്നെ.പശുക്കള്‍ മേയുന്ന പുല്പ്പാടങ്ങളും, ഗ്രാമ പ്രദേശങ്ങളും ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണെന്ന് തോന്നിപ്പിച്ചു എങ്കിലും അവിടെയൊക്കെ ഒന്ന് ഇറങ്ങി നടക്കാനുള്ള ആശ തോന്നി, പക്ഷെ ട്രെയിന്‍ നമ്മുടെ ഇഷ്ടത്തിന് നിര്‍ത്തി തരില്ലല്ലോ....!!

അദ്രോസ്സന് ഹാര്‍ബറില്‍ (http://en.wikipedia.org/wiki/Ardrossan_Harbour_railway_station)
എത്തി പന്ത്രണ്ടു പൌണ്ടിന്റെ ടിക്കറ്റ് എടുത്തു. ഒരു മണിക്കൂര്‍ നീണ്ട ആ ഗംഭീര യാത്ര എഴുതി വിവരിക്കുവാന്‍ കഴിയുന്നതല്ല എന്ന് സങ്കടത്തോടെ പറഞ്ഞു കൊള്ളട്ടെ.:-D. കപ്പല്‍ തിരകളെ വകഞ്ഞു മാറ്റി യാത്ര പരമാവധി ആസ്വദിക്കാവുന്ന വിധം പതുക്കെയാണ് സഞ്ചരിച്ചത്. അദ്ഭുതമെന്നു പറയട്ടെ മലയാളികള്‍, അതും കോട്ടയം സ്വദേശികളായ കുറച്ചു ബിസിനസ് administration വിദ്യാര്‍ഥികളെ കണ്ടു മുട്ടി.അഞ്ചു പെണ്‍കുട്ടികളും മൂന്നു ആണ്‍കുട്ടികളും അടങ്ങുന്ന ഒരു ചെറിയ സംഘം.അവരോടു സംസാരിച്ചും ഫോട്ടോ എടുപ്പും... ഒക്കെയായി സമയം പോയതറിഞ്ഞില്ല. :-)

ആ ദ്വീപ് മനോഹരം ആയിരുന്നു...പോരാ വളരെ മനോഹരം .കടലിന്റെ ഓരം പറ്റി വിവിധ നിറത്തിലുള്ള കല്ലുകളും മരങ്ങളും കുറ്റിചെടികളും കുത്തിനിറച്ച ചെറിയ വനസമാനമായ പ്രദേശം. അതിന്റെ ഒത്ത നടുവില്‍ ബ്രോടിക്ക് കൊട്ടാരം.ഇനിയാണ് എനിക്ക് പണി തുടങ്ങേണ്ടത്. ലക്ഷ്യം ആ ദ്വീപിലെ ഏറ്റവും വലിയ കുന്നിന്റെ മുകളില്‍ നടന്നു കയറുക എന്ന ആയാസകരമായ കര്‍മം.പല റിവ്യൂകളിലും വായിച്ചറിഞ്ഞ "ഗോട്ട് ഫെല്‍" മൌണ്ടന്‍ ട്രെക്കിംഗ് (http://en.wikipedia.org/wiki/Goat_Fell ) അനുഭൂതി നേരിട്ടനുഭവിക്കണം.കൊട്ടാരത്തിന്റെ വശത്ത് കൂടെ ഉള്ള വഴിയെ മുകള്‍ ലക്ഷ്യമാക്കി നടക്കണം.കുറെ നേരം നോക്കി നിന്ന്..കൂടെ നടക്കാന്‍ ആരെയും കാണുന്നില്ല. മഴ ചാറുന്നുണ്ട് ,മഴക്കാലത്ത് തെറ്റി വീഴാന്‍ സാധ്യത ഉണ്ടെന്ന കുറിപ്പ് കണ്ടു വേണോ വേണ്ടയോ എന്ന് ഒന്ന് കൂടി ചിന്തിച്ചു. ഇനി ഇങ്ങനെ ഒരു അവസരം കിട്ടിയില്ലെങ്കില്‍ , ഒരു നഷ്ടബോധം മനസ്സിനെ മഥിക്കാന്‍ പാടില്ലല്ലോ..നടന്നു കയറി...ഏകദേശം ഒരു രണ്ടു മണിക്കൂര്‍ ആയിട്ടും ഒരു വെളിച്ചം പോലും കാണുന്നുമില്ല, നടന്നു എത്തുന്നുമില്ല. തിരിച്ചു നടന്നാലോ എന്ന് വരെ ചിന്തിച്ചു.

ചപ്പാത്തി, വാഴപ്പഴം, വെള്ളം ഇവ ചേര്‍ന്ന മിശ്രിതം തൊണ്ടക്കുഴല്‍ വഴി സാവധാന്‍ സാവധാന്‍ വയറ്റിലെത്തിയപ്പോള്‍ ഒരു ലിമിറ്റ് വച്ചു. അടുത്ത അര മണിക്കൂറിനുള്ളില്‍ ഈ കാടിന്റെ അപ്പുറം കടക്കാന്‍ ആയില്ലെങ്കില്‍ തിരിച്ചു പോവുക തന്നെ. നടക്കും വഴി പശുവിനെ കണക്കുള്ള ഒരു തരം നിരുപദ്രവകാരിയെന്നു തോന്നിക്കുന്ന മൃഗത്തെ കാണാന്‍ കഴിഞ്ഞു.ഭാഗ്യം കുറച്ചു ആളുകള്‍ മുകളില്‍ നിന്നും താഴേക്കു ഓടി വരുന്നു. ഏതോ ട്രെക്കിംഗ് ടീമിലെ അംഗങ്ങള്‍ ആണ്. രാവിലെ പോയതാണെന്ന് ഒരു അമ്പതു വയസ്സ് തോന്നിക്കുന്ന ഭാര്യയും ഭര്‍ത്താവും പറഞ്ഞു.അവരെന്നെ വിഷ് ചെയ്തു.പച്ച സിഗ്നല്‍ കിട്ടിയത് കൊണ്ട് വീണ്ടും നടന്നും ഇരുന്നും രണ്ടു മണിക്കൂര്‍ കൂടി പോയി.കടല്‍ തീരത്ത് കണ്ട വിചിത്ര പക്ഷികളും മൃഗങ്ങളും എന്ത് കൊണ്ട് ഇന്ത്യയില്‍ കാണുന്നില്ല. അതോ ഇനി ഉണ്ടോ...എന്നൊക്കെ ചിന്തിച്ചു നടക്കും വഴി പെട്ടെന്ന് സൂര്യ വെളിച്ചം.കാടിന് പുറത്തെത്തി. കുറച്ചു വിദൂര ദൃശ്യമെന്ന നിലയില്‍ മലയുടെ മുകള്‍ ഭാഗം കാണാന്‍ സാധിച്ചു.

അടുത്ത ഒരു മണിക്കൂറിനുള്ളില്‍ മുകളിലെത്തി. അവിടെ നിന്നും താഴേക്കുള്ള ദൃശ്യം മനോഹരമാണ്.വലിയ മഴ വന്നേക്കുമെന്ന് ഭയന്ന് ആളുകള്‍ ടെന്റുകള്‍ ഒക്കെ അഴിച്ചു ഇറങ്ങാനുള്ള പരിപാടിയിലാണ്. ഒന്ന് രണ്ടു ഫോട്ടോ ഒക്കെ എടുത്തു അതിലൊരു സംഘത്തിന്റെ പുറകിലായി ഞാനും നടന്നു.
പിറ്റേ ദിവസം രാവിലെ എട്ടു മണിക്കുള്ള കപ്പലില്‍ (http://www.calmac.co.uk/timetables/summer-timetables.htm?id=summer-arran--ardrossan-brodick.png ) തിരിക്കണം. രാത്രി ബ്രോടിക്കിലുള്ള ഒരു ചെറിയ "ബെഡ് ആണ്ട് ബ്രേക്ക് ഫാസ്റ്റ്" സങ്കേതത്തില്‍ തങ്ങി.

കപ്പല്‍ (http://www.calmac.co.uk/) എത്തിയപ്പോഴേക്കും ക്ഷീണം തോന്നിത്തുടങ്ങി .ഒറ്റക്കുള്ള രണ്ടു ദിവസം എങ്ങനെയെങ്കിലും തിരിച്ചു ലണ്ടനിലേക്ക് പോയാല്‍ മതി എന്ന തോന്നല്‍ ഉണ്ടാക്കി. തലേദിവസം ഉറക്കം ശെരി ആവഞ്ഞോ എന്തോ തലവേദനയും ഉണ്ട്. അത് അവഗണിച്ചു, ലണ്ടനിലേക്കുള്ള മെഗാ ബസ് വരുന്നത് വരെ ചുറ്റിക്കറങ്ങി. അവരുടെ തന്നെ വേറൊരു ബസ്സില്‍ സീറ്റുകള്‍ ലഭ്യമാണ് . എന്നാല്‍ ഞാന്‍ ബുക്ക് ചെയ്തത് രണ്ടു മണിക്കൂര്‍ കഴിഞ്ഞുള്ള ബസ്സിലാണ്. ചോദിച്ചാല്‍ സമ്മതിക്കില്ല എന്നറിയാവുന്നതു കൊണ്ട് മൊബൈലില്‍ ഉള്ള SMS കാണിച്ചു നോക്കി ...ഭാഗ്യ പരീക്ഷണം ...
രക്ഷപെട്ടു.ആ ഡ്രൈവര്‍ തിരക്കില്‍ ആയതു കൊണ്ടോ മറ്റോ...ഡേറ്റ്, പേര് ഇവ നോക്കി കയറ്റി വിട്ടു. അങ്ങനെ ലണ്ടനെ ലക്ഷ്യമാക്കി.....
PS:സ്കോട്ട്ലാന്‍ഡ് തലസ്ഥാനമായ എടിന്‍ബര്‍ഗ് (Edinburgh ) കാഴ്ചകളുമായി കാണും വരെ...എന്ജോയ് ലൈഫ്..
