



അരയന്നങ്ങളുടെ ഉടലഴകുള്ള യുവതികള്‍ നിത്യ സന്ദര്‍ശകരായതിനാലോ , ഈ നിശബ്ദമായ കടലില്‍ അരയന്നങ്ങള്‍ നീന്തി തുടിക്കാറുള്ളത് കൊണ്ടോ ആവണം "അരയന്നങ്ങളുടെ കടല്‍ (Swan -sea ) എന്ന പേര് വന്നത്. ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി എന്റെ കണ്ടു പിടിത്തം സ്ഥാപിക്കാന്‍ ആവതില്ലെങ്കിലും , ഒരു കാര്യം തറപ്പിച്ചു പറയാം..
കടല്‍ എന്നും സുന്ദരിയാണ് , കരയുമായി ഇഴുകിചേര്‍ന്ന് ഇണയരയന്നങ്ങളെ പോലെ ആകാശക്കുട ചൂടി .....അങ്ങനെ...അവരുടെ ലീലകള്‍ നോക്കി ഒറ്റക്കിരിക്കുമ്പോള്‍ നമ്മെ നോക്കി അവള് തിരമാലകള്‍ കൊണ്ട് കണ്ണിറുക്കി കാണിക്കും...സായം സൂര്യന്റെ കിരണങ്ങള്‍ അവളെ സിന്ദൂരം അണിയിക്കും...പെണ്ണിനെ കടലിനോടുപമിച്ച വിദ്വാനു നല്ല നമസ്കാരം..പതുക്കെയാണ് ചൂടിനെ ഉള്‍ക്കൊണ്ടതെന്നിരിക്കിലും സൂര്യന് രൌദ്ര ഭാവം കയ്യൊഴിഞ്ഞിട്ടും...അവള് തണുക്കാന്‍ തയ്യാറല്ല.
സ്വകാര്യതയില്‍, മധുപാത്രം ആവോളം ആസ്വദിക്കാന്‍ അവരെ ഇരുട്ടിന്റെ മൂടുപടം പുതപ്പിച്ചു സൂര്യ ഭഗവാന് വിടവാങ്ങി . ......
കടല്‍ എന്നും സുന്ദരിയാണ് , കരയുമായി ഇഴുകിചേര്‍ന്ന് ഇണയരയന്നങ്ങളെ പോലെ ആകാശക്കുട ചൂടി .....അങ്ങനെ...അവരുടെ ലീലകള്‍ നോക്കി ഒറ്റക്കിരിക്കുമ്പോള്‍ നമ്മെ നോക്കി അവള് തിരമാലകള്‍ കൊണ്ട് കണ്ണിറുക്കി കാണിക്കും...സായം സൂര്യന്റെ കിരണങ്ങള്‍ അവളെ സിന്ദൂരം അണിയിക്കും...പെണ്ണിനെ കടലിനോടുപമിച്ച വിദ്വാനു നല്ല നമസ്കാരം..പതുക്കെയാണ് ചൂടിനെ ഉള്‍ക്കൊണ്ടതെന്നിരിക്കിലും സൂര്യന് രൌദ്ര ഭാവം കയ്യൊഴിഞ്ഞിട്ടും...അവള് തണുക്കാന്‍ തയ്യാറല്ല.
സ്വകാര്യതയില്‍, മധുപാത്രം ആവോളം ആസ്വദിക്കാന്‍ അവരെ ഇരുട്ടിന്റെ മൂടുപടം പുതപ്പിച്ചു സൂര്യ ഭഗവാന് വിടവാങ്ങി . ......
ചിന്തകളുടെ വേലിയേറ്റം ഉണ്ടായാല്‍ അങ്ങനെയാണ്.എത്ര ക്ഷീണം ഉണ്ടായാലും ആഗ്രഹം ഉണ്ടെന്നാകിലും ഉറക്കം അനുഗ്രഹിക്കില്ല. അല്ലെങ്കില്‍ എത്ര നേരമെന്നു കണ്ടാണ് ഇങ്ങനെ ഉറക്കമിളക്കുക?. ചെറുപ്പതിലൊക്കെ അവസരം കിട്ടിയാല്‍ 'ടപ്പേ' ന്നുറങ്ങുമായിരുന്നു. അതിപ്പോ അമ്പലപ്പറമ്പിലെ പുല്ലിലായാലും സ്റ്റേജിന്റെ പുറകിലായാലും...എത്രയോ രാത്രികളില്‍ 'കീചക വധം' കഥകളി നടക്കുമ്പോഴും നൃത്ത നാടകത്തിലെ ദുര്യോധനന് അട്ടഹസിക്കുമ്പോഴും വിളക്ക് കാലിനെ കെട്ടിപ്പിടിച്ചു നിന്ന് ഉറങ്ങിയിട്ടുണ്ട്. ചിലപ്പോ വിളക്ക് കാല് തന്നെ വേണമെന്നില്ല, സ്വന്തം കാലില്‍ നില്ക്കാന് അന്നേ എനിക്കറിയാം ..ഉറങ്ങാനാണെന്ന് മാത്രം. :-) . കുറച്ചു അറിവായതിന് ശേഷം നൃത്ത നാടകത്തിലെ നര്‍ത്തകികളെ കാണാന്‍ ഒന്ന് ചിമ്മി നോക്കിയാലായി.അല്ലെങ്കില്‍ താലപ്പൊലി എടുക്കുന്നിടത്ത് കളക്ഷന്‍ ഉണ്ടെന്നു ആരേലും പറയണം.ഇപ്പോ നൃത്ത നാടകവുമില്ല ;താലപ്പൊലി എടുക്കുന്നിടത്ത്, എന്തിനു ഉത്സവത്തിന് പോലും പെമ്പിള്ളേരു കാണുകയുമില്ല. അവര്‍ക്ക് വേണ്ടി വേണേല്‍ അവരുടെ അമ്മമാര്‍ എടുത്തോളും!!.
പള്ളിവേട്ടയോ, ആറാട്ടോ ,വിളക്കോ ഒക്കെ കഴിഞ്ഞു പതുക്കെ അമ്മയുടെയും അച്ഛന്റെയും കൂടെ നടക്കുന്ന വഴിയും ഉറങ്ങാന്‍ കഴിയുമായിരുന്നു ...എന്തിനു കല്യാണ വീടുകളില്‍ പ്രഥമന്റെ അട പൊളിക്കാം എന്ന് ഏറ്റാലും ഉറക്കം വന്നാല്‍ ഞാന്‍ ആ മേശപ്പുറത്തു തലയിണയോ തോര്തോ പോലുമില്ലാതെ ഉടുമുണ്ട് പുതച്ചു ഉറങ്ങിയിട്ടുണ്ട്.
അതൊക്കെ ഒരു കാലം. ഇപ്പോ ചില നേരങ്ങളില്‍ ഉറക്കത്തിനു എന്നെ പിടിക്കാത്ത മട്ടാണ്. അല്ലെങ്കില്‍ പിന്നെ ഇന്നലെ രാത്രിയോ ഉറങ്ങിയിട്ടില്ല കിട്ടിയ സമയം ബസിലിരുന്നു ഉറങ്ങാമായിരുന്നു. പോട്ടെ , ഏതായാലും സ്ഥലമെത്തി ഇനി എവിടെ ഇറങ്ങി വല്ല "ബെഡ് ആന്‍ഡ് ബ്രേക്ക് ഫാസ്റ്റ്' വീടുകളും തപ്പി ഒന്ന് തല ചായ്ക്കണം . ഒടുക്കത്തെ തലവേദന.
സമയം ഏകദേശം പന്ത്രണ്ട് മണിയായി. ചെറിയ ചാറ്റല്‍ മഴ ഉണ്ട്. ബസ് സ്റ്റേഷന് സാമാന്യം നല്ല വലിപ്പമുണ്ട് . എല്ലാവരുടെയും കൂടെ അകത്തേക്ക് കയറി .
സമയം ഏകദേശം പന്ത്രണ്ട് മണിയായി. ചെറിയ ചാറ്റല്‍ മഴ ഉണ്ട്. ബസ് സ്റ്റേഷന് സാമാന്യം നല്ല വലിപ്പമുണ്ട് . എല്ലാവരുടെയും കൂടെ അകത്തേക്ക് കയറി .
അധികം ആളുകളെ ഒന്നും കാണാനില്ല.ചിലരൊക്കെ ലോക്കല്‍ ബസിനു കാത്തു നില്‍ക്കുകയാണ്. കുറച്ചു നേരം എങ്ങോട്ട് പോകണം എന്നാലോചിച്ചു നിന്നു. മഴ ചെറുതായി കനത്തു വരുന്നുണ്ട് , കടലിന്റെ സാമീപ്യം കൊണ്ടോ മറ്റോ ആയിരിക്കും സാമാന്യം തരക്കേടില്ലാത്ത കാറ്റും ഉണ്ട്. ഇരുപതു പെന്‍സ് കൊടുത്ത് വളരെ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചിരിക്കുന്ന "റെസ്റ്റ് റൂം" ഉപയോഗിച്ചു. കേരളത്തിലെ ബസ് സ്ടാന്റിലോ മറ്റോ ആണെങ്കില്‍ സര്‍കാര്‍ രണ്ടു രൂപ ഇങ്ങോട്ട് തരാമെന്നു പറഞ്ഞാലും എന്നെ കൊണ്ട് പറ്റുകേല. അല്ലേല്‍ ഒടുക്കത്തെ മണമുള്ള വല്ലോ കടും വെട്ടു റമ്മോ പാറ്റക്കടിക്കുന്ന മരുന്നോ വല്ലോം ദേഹത്ത്പൂശി മൂക്കിലൊരു പഞ്ഞീം വച്ചാല്‍ ഒരു കൈ നോക്കാം.
വല്ലോ നോബേല്‍ സമ്മാന ജൂറിയും ആയിരുന്നേല്‍ അവിടെ പൈസ മേടിക്കാന്‍ ഇരിക്കുന്ന അങ്ങേര്‍ക്കു സഹനത്തിനോ ക്ഷമക്കോ മറ്റോ ഉള്ള ഒരു അവാര്‍ഡ് ഞാന്‍ എന്റെ സ്വന്തം ഉത്തരവാദിത്വത്തില്‍ നിര്‍മിച്ചു കൊടുത്തേനെ. സത്യമായും നൂറ്റി പത്തു കാരറ്റും അവന്റെ ഒരു ദിവസത്തെ പണിക്കൂലി സൌജന്യോം.
പ്രിയ അമ്മമാരെ, പെങ്ങന്മാരെ;
ഒരു സാധാരണ പൌരന് എന്ന നിലയില്‍ നിങ്ങളോടെനിക്ക് സഹതാപം ഉണ്ട്..നിങ്ങളുടെ പുരുഷ സഹോദരങ്ങളെ പോലെ കയ്യാല മാടും പൊന്തക്കാടും മരക്കുറ്റിയും അരഭിത്തിയുമൊന്നും നിങ്ങള്‍ക്ക് സമാധാനം തരില്ലല്ലോ...അല്ലെങ്കില്‍ തന്നെ ഇനിയിപ്പോ എയര്‍ കണ്ടിഷന്‍ ചെയ്ത ഹൈജീനിക് ആയ മൂത്രപ്പുര ആണേലും ഞങ്ങള്‍ അതിന്റെ ഭിത്തിയിലെ ഒഴിക്കൂ....അല്ലെങ്കില്‍ ഇവിടെ പല അവകാശ സമരങ്ങളും നടക്കും...നമ്മുടെ നേതാക്കളോടുള്ള പ്രതികാരം അവരുടെ പേരെഴുതിയ ചുവരെഴുത്തുകളോടല്ലേ തീര്‍ക്കാന്‍ പറ്റൂ !!!.അല്ലേല്‍ പിന്നെ സര്‍ക്കാരിന്റെ ബസേലും ഭിത്തിയിലും പോസ്റ്റര്‍ ഒട്ടിക്കാനും ചുമരെഴുതാനും ആരോടേലും ചോദിക്കണോ..എന്തിനു ഇനി പെയിന്റ് അടിക്കുന്നത് പോലും അടുത്ത ഇലക്ഷന് സമയത്തായിരിക്കും..അത് വരെ ഇവിടെ വരുന്ന വിദേശ ടൂറിസ്ടുകള്‍ക്ക് കണ്ടു കണ്ണും വായും പൊളിക്കാന്‍ എന്തേലും വേണ്ടേ?...ഏതായാലും അപ്പണി ഇവിടെ നടപ്പില്ല കാരണം, നമ്മള് പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന യന്ത്രം യെവന്മാര് സീസി ചെയ്യും.നമ്മള് മുട്ടന്‍ മാന്യന് തന്നെ..പക്ഷെ മഴക്കത് അറിയില്ലല്ലോ...
ആളുകള്‍ പുറത്തു നിന്നും വരുകയും അകത്തു നിന്നും പുറത്തേക്കു പോകുകയും ചെയ്യുമ്പോള്‍ ഇലക്ട്രോണിക് വാതിലുകള്‍ തനിയെ അടയുകയും തുറക്കുകയും വീണ്ടും അടയുകയും വീണ്ടും തുറക്കുകയും ചെയ്യുമ്പോള്‍ തണുത്ത കാറ്റ് ആഞ്ഞടിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ എനിക്ക് ഒടുക്കത്തെ തൊലിക്കട്ടി ആണെന്ന് നാട്ടുകാര്‍ പറഞ്ഞുള്ള അറിവുണ്ട്..പക്ഷെ പറഞ്ഞവരെ കണ്ടാല്‍ ഞാന്‍ ഒറ്റ മാന്ത് വച്ച് കൊടുക്കും, കാരണം എനിക്കാണേ തണുത്തു വിറച്ചിട്ടു വയ്യ. വായനക്കാരോട് സത്യം പറയാമല്ലോ ആ നിമിഷം അവിടെ പോയതിനെ ഞാന്‍ വെറുത്തു. തൊട്ടടുത്തിരിക്കുന്ന പെണ്ണും ചെറുക്കനും കെട്ടിപ്പിടിച്ചിരിക്കുന്നു..ഈ തണുപ്പത്ത് ഒരു കലം ചൂട് വെള്ളം കിട്ടിയാലും ഞാന്‍ കെട്ടിപ്പിടിച്ചേനെ...അവരോടു അസൂയ തോന്നി , രാവിലെ തൊട്ടു തുടര്‍ച്ചയായി സ്ഥലവും ബസ് വിവരങ്ങളും എഴുതിക്കാണിക്കുന്ന ടിവി യോട് വരെ അസൂയ തോന്നി അതിനും കാണും സ്വല്പം ചൂട്. കയ്യുറ ഇല്ലാത്തതാണ് പ്രശ്നം .....ആമ അതിന്റെ തല വലിക്കുന്നത് പോലെ പതിയെ എന്റെ രണ്ടു കയ്യും വലിച്ചു ജാക്കറ്റിന്റെ ഉള്ളിലാക്കി. ബാഗിനെ കെട്ടിപ്പിടിച്ചു ഒറ്റ ഇരിപ്പ്. എന്റെ സുഹൃത്ത് കണ്ണന് ലഡാക്കില്‍ പോകാന്‍ അവന്റെ ഭാര്യയെ കൂട്ടിയതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടി....കല്യാണം കഴിക്കാത്തവര്‍ക്ക് തണുപ്പ് രാജ്യങ്ങള്‍ നിഷിദ്ധമാണ് ഉണ്ണികളേ....
..... പതുക്കെ ഒന്ന് കണ്ണടച്ചതെ ഓര്മയുള്ളൂ. ആരോ മുട്ടി വിളിക്കുന്നു. ഒരു പോലീസുകാരന് ആണ്. ചിലപ്പോ കാവല്‍ക്കാരനും ആവാം. ചുറ്റും നോക്കി.അവിടം വൃത്തി ആക്കുന്ന രണ്ടും പേരും പോലീസുകാരനും ഞാനും മാത്രം.
"വെയര്‍ ഡു യു വാണ്ട് ടു ഗോ , കാന്‍ ഐ ഹെല്പ് യു ?"
"താങ്ക് യു സര് , ഐ അം എ വിസിറ്റര്‍ .-കാന്‍ ഐ ഗെറ്റ് എ പ്ലയ്സ് ടു സ്റ്റേ ?"
അദ്ദേഹം അവിടെ സ്ഥാപിച്ച കമ്പ്യൂട്ടറില്‍ നിന്ന് കുറെ നമ്പര്‍ ഒക്കെ തപ്പി വിളിച്ചു.ഒരു ടാക്സിക്കാരനെ വിളിച്ചു ഏതോ സ്ഥലത്തിന്റെ പേര് പറഞ്ഞു എന്നെ അതില്‍ കയറ്റി വിട്ടു. ആ ഡ്രൈവറെ കണ്ടപ്പോള്‍ ഒരു ലക്ഷണപ്പിശക് തോന്നിയെങ്കിലും എന്റെ മുഖം കണ്ണാടിയില്‍ കണ്ടപ്പോള്‍ ഞാനും അത്ര മോശക്കാരന്‍ അല്ല എന്നതില്‍ എനിക്ക് അഭിമാനം തോന്നി. രണ്ടു ദിവസം ഉറക്കമില്ലാതെ അലഞ്ഞു തിരിഞ്ഞതിന്റെ ക്ഷീണം ..അല്ലെങ്കില്‍ ഞാന്‍ നല്ല കിടിലം ആണെന്ന് വായനക്കാര്‍ക്ക് അറിയാമല്ലോ ...എന്നെക്കാള്‍ വിവരം ഉള്ള പോലീസുകാരന് കാറിന്റെ നമ്പറും ഡ്രൈവറിന്റെ പേരും കുറിചെടുക്കുന്നത് കണ്ടപ്പോള്‍ സമാധാനം ആയി. എന്നെ പേടി ഉണ്ട്. ഡ്രൈവറെ തട്ടി കാറും കൊണ്ട് കടന്നു കളഞ്ഞാലോ എന്ന് കരുതിയാണോ...ഛെ ...എന്നെ കണ്ടാല്‍ അത്തരക്കാരന് ആണെന്ന് തോന്നുമോ?...ഹേ.."എനിക്കുറങ്ങാന്‍ യോഗം ഇല്ല." ലോക്കല്‍ ഭാഷയില്‍ ഒരാള്‍ ഡ്രൈവറിനോട് എന്തോ പറഞ്ഞു.ഡ്രൈവര്‍ എന്നോട് ക്ഷമ ചോദിച്ചിട്ട് പറഞ്ഞു, റൂമൊന്നും ഇല്ല സാര്‍. വേറെ നോക്കണോ?.എന്റെ ബുദ്ധി എന്നോട് പറഞ്ഞു..നീ ഈ അപരിചിത സ്ഥലത്ത് അസമയത്ത് അലഞ്ഞു തിരിഞ്ഞു നടകാതെ നീ പോ മോനെ ദിനേശാ...ഞാന്‍ നിര്‍ദേശിച്ചത് അനുസരിച്ച് അവനെന്നെ തിരിച്ചു കൊണ്ട് വിട്ടു.
ഇനി പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. നിങ്ങള്‍ ഹൃദ്രോഗിയോ പൂര്‍ണ ഗര്‍ഭിണിയോ കൊച്ചു കുട്ടിയോ ആണെങ്കില്‍... തുടര്‍ന്ന് വായിക്കരുത്......!!!$*$*****
"ആ മുപ്പതു മിനിറ്റ് നീണ്ട യാത്രക്ക് ശേഷം ആ മഹാനുഭാവന് എന്റെ കയ്യില്‍ നിന്നും ഒരു നയാ പൈസ വാങ്ങിയില്ല. ഒരു ടൂറിസ്റ്റ് ആയ എനിക്കുണ്ടായ ബുദ്ധിമുട്ടിന് നൂറു ക്ഷമ പറഞ്ഞു.കൂടാതെ ഇന്ത്യക്കാരെ അവനു വലിയ ബഹുമാനമാണെന്നും ഒരിക്കലും താമസ സ്ഥലം കിട്ടാത്തതിന്റെ പേരില്‍ മോശമായി ചിന്തിക്കരുതെന്നു പറയുക മാത്രമല്ല ഒരു ശുഭ യാത്ര ആശംസിച്ചിട്ടു കൂടെയാണ് അവന് പോയത് ". നമ്മുടെ നാട്ടിലെങ്ങാനും ആയിരുന്നേല്‍ വിദേശിയെ വള്ളി കെട്ടി, അവരുടെ നിക്കറിന്റെ വള്ളി വരെ ഊരി വിറ്റു കാശാക്കിയേനെ. വല്ലോ മദാമ്മയും ആണേല്‍ പിറ്റേ ദിവസം ഉടുതുണി പോലുമില്ലാതെ ചത്തോ ജീവിച്ചോ ഇവിടെ എങ്കിലും കിടന്നാല്‍ ഭാഗ്യം ...അല്ലേല്‍ സുഖിച്ചിട്ടു വൃക്ക ഉള്‍പെടെ വിറ്റാല്‍ കാശ് കിട്ടുന്നതൊക്കെ എടുത്തു , ബാക്കി തണ്ടൂരി വയ്ക്കും. ദൈവത്തിന്റെ സ്വന്തം നാടാകുമ്പോ കാലന്റെ പണിയെടുക്കാനും ആരേലും വേണമല്ലോ അല്ലെ?....കലികാലം..
ഒരിക്കല്‍ ആലപ്പുഴ ബസ് സ്ടാണ്ടില്‍ വച്ച് വിദേശികള്‍ ഇംഗ്ലീഷില്‍ എന്തോ ചോദിച്ചപ്പോള്‍ നാട്ടുകാര്‍ തുറിച്ചു നോക്കുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ , അവര്‍ക്കുണ്ടായ മനോവ്യാപാരങ്ങളെ പറ്റി ഓര്‍ക്കാതിരുന്നില്ല ഒരു നിമിഷം.എങ്ങനെയോ നേരം വെളുപ്പിച്ചു..അത്ര വെളുത്തിട്ടുമില്ല. ചെറിയ വെളിച്ചം അത്ര തന്നെ. എങ്കിലും ഇറങ്ങി നടന്നു. എന്തെങ്കിലും കുറച്ചു ചൂടുള്ളത് , സ്വല്പം വെള്ളമെങ്കിലും കുടിക്കണം എന്നുണ്ട്. ഒരു കട പോലുമില്ല. നാട്ടിലായിരുന്നേല്‍ എവിടേലും ഒരു തട്ട് കട എങ്കിലും കണ്ടേനെ. !
കടല്‍ കണ്ടു നടന്നു. ദൂരെ വളരെയധികം വീടുകള്‍ കുന്നിന് ചെരിവുകളില്‍ മനോഹരമായി പണി കഴിപ്പിചിരിക്കുന്നു. വേറെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അവയെ ലക്ഷ്യമാക്കി നടന്നു. സാമാന്യം ദൂരം ഉണ്ട്. എങ്കിലും അവിടെ എത്തിയപ്പോള്‍ നടപ്പ് നഷ്ടമായില്ല എന്ന് തോന്നി. ചെറുതെങ്കിലും വളരെയധികം മനോഹരമായവ. തടിയുടെയും, ഇരുമ്പിന്റെയും മണ്ണിന്റെയും ഒക്കെ സമ്മിശ്രമെന്നൊക്കെ പറയാവുന്ന രീതിയില്‍ പണി കഴിപ്പിച്ചിരിക്കുന്ന ഒന്നിനൊന്നു മെച്ചമായ വീടുകള്‍, അല്ലാതെ വെറും കോണ്‍ക്രീറ്റ് കൂടാരങ്ങളല്ല. വീടല്ലാത്ത ഭാഗം മുഴുവന്‍ മരങ്ങളാണ്. മുറ്റം എന്നൊരു സങ്കല്പം അവര്‍ക്കില്ല എന്ന് തോന്നുന്നു. വീടിനോട് തൊട്ടുരുമ്മി പച്ച പുതച്ച മരങ്ങള്‍ പടര്‍ന്നു പന്തലിച്ച പൂമരപ്പരവതാനി!!.തിരിച്ചു വരുന്ന വഴി വ്യത്യസ്തമായ സ്പീഡ് ബോട്ട്, കപ്പല്‍ ശേഖരം കാണാന്‍ സാധിച്ചു. ചിലതൊക്കെ വില്ക്കാന് ഇട്ടിരിക്കുകയാണെന്ന് തോന്നി.വിലയെഴുതിയ പേപ്പര്‍ ഒട്ടിച്ചിട്ടുണ്ട് ചിലതില്‍ സോള്‍ട് ഔട്ട് എന്നെഴുതിയിട്ടുണ്ട്. എത്ര മനോഹരങ്ങളാണ് ഈ ജല നൌകകള്‍??..ചില മനുഷ്യ സ്തൃഷ്ടികള്‍ മനോഹരങ്ങളും വിവരണാതീതവുമാണ് .
നമ്മുടെ തനതായ ഭാഷയില്‍ പറഞ്ഞാല്‍ "മനുഷ്യന് ഒരു പുലിയാണ്".
പിന്നീടായിരുന്നു കഷ്ടം. മഴ വീണ്ടും. ബസ് സ്റൊപ്പുകളിലും മറ്റും നിന്ന് എങ്കിലും സ്വല്പം മഴ നനയാതെ ഒന്നും കാണാന്‍ പറ്റില്ലെന്ന അവസ്ഥ വന്നപ്പോള്‍ മഴ നനഞ്ഞു നടന്നു. നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറുന്നവരാനല്ലോ "മലയാളീസ്".സ്വാന്‍സീ ബീച്ചില്‍ മഴ ആയതു കൊണ്ട് ആരും വന്നിട്ടില്ല. അവിടെ മരിച്ച ചില സുഹൃത്തുക്കളുടെ ഓര്‍മ്മക്കായി ആരോ നിര്‍മിച്ച സ്മൃതി കുടീരത്തിലെ വാക്കുകള്‍ എന്നെ സ്പര്‍ശിച്ചു .അവ സത്യമാണ്...അവയാണ് സത്യം !...
"sometimes things just happen , things we can 't explain ,there seems no rhyme or reason they leave us so much pain ".
"we ask our why 's ? , we ask our how 's ?,'till we can 't ask no more .for no amount of answers can heal what feels so sore '.
"life it comes , and then it goes ,it seldom gives us signs ,it can take away the stages of life ,before u have said your lines ... "
നായകളെയും കൊണ്ട് നടക്കാനിറങ്ങിയ ഒരു ആന്റിയോട് കാണാന്‍ കൊള്ളാവുന്ന സ്ഥലങ്ങളെ പറ്റി ചോദിച്ചു..അവര്‍ പറഞ്ഞ ദിക്കിലേക്ക് നടന്നപ്പോള്‍ പഴകിപ്പൊളിഞ്ഞ ഒരു കോട്ടയും ഒരു മനോഹരമായ പഴയ പാര്‍ക്കും കാണാന്‍ പറ്റി. അതിനു ഒത്ത നടുവിലായി ഒരു യൂനിവേര്സിടി ഉണ്ട്. ആ കുട്ടികളോട് അസൂയ തോന്നും എത്ര മനോഹരമായ ചുറ്റുപാടിലാണ് അവര്‍ പഠിക്കുന്നത്. നമ്മുടെ നാട്ടിലെ കുട്ടികളെ ഇവിടൊക്കെ പഠിക്കാന്‍ വിട്ടാല്‍ അവരുടെ ഒക്കെ ഭാഗ്യം എന്ന് ചിന്തിച്ചു നടക്കുമ്പോഴാണ് പുഴയിലൂടെ ഒഴുകി വന്ന ഗര്‍ഭ നിരോധന ഉറ കണ്ണില്‍ പെട്ടത്. കണ്ണ് വെട്ടിച്ചു മുന്‍പ് ചിന്തിച്ചത് അബദ്ധം ആയല്ലോ എന്ന് ചിന്തിച്ചു നടന്നു നടന്നു നടന്നു എത്തിയത് "നാഷണല്‍ വാട്ടര്‍ ഫ്രണ്ട് മ്യൂസിയത്തില്‍" ആണ്.പഴയ ജല വാഹനങ്ങളും മറ്റു പല ചരിത്ര ശേഷിപ്പുകളും കണ്ടു മടങ്ങുന്ന വഴി , അവിടുള്ള മറ്റു രണ്ടു മ്യൂസിയത്തിലും കൂടെ കയറി. മ്യൂസിയങ്ങളുടെ നാടാണ് യൂറോപ്പ് എന്നാണു എനിക്ക് തോന്നുന്നത്. എവിടെ നോക്കിയാലും ഒരു മ്യൂസിയം കാണും. ഒരു ഓറന്ജും പഴവും എടുത്തു കഴിച്ചു പതിയെ മുന്നോട്ടു നടന്നപോഴാണ് ജലകേളികള്‍ നടക്കുന്ന സ്ഥലത്ത് എത്തിയത്. സ്പീഡ് ബോട്ട്, ജെറ്റ് സ്കി , മറ്റു പല ജലയാനങ്ങള്‍ ...എനിക്ക് ജെറ്റ് സ്കി ഒന്ന് ഓടിക്കണമെന്ന ആഗ്രഹം തോന്നി. നാല്പതു പൌണ്ട് ആണ് അഞ്ചു മിനിറ്റ് സമയത്തേക്ക് റേറ്റ്. അവരെന്റെ ദേഹത്ത് ലൈഫ് ജാക്കെറ്റ് ഒക്കെ ഇട്ടു തന്നു.ഒരു ഫോര്മില് അവര്‍ക്ക് ഉത്തരവാദിത്വം ഇല്ല എന്നതില്‍ ഒപ്പിടുവിച്ചു.
ഇതൊരു മാതിരി ഓപറേഷന് നടത്തുന്നതിന് മുന്‍പ് ആശുപത്രിക്കാര് ചെയ്യുന്ന പോലെ. വളരെ പരിചയ സമ്പന്നരായവര്‍ ചെയ്യുന്നത് കാണാന്‍ രസമുണ്ട്. സാധനം കവാസാകി ആണ്. ചെറുതായി ആക്സിലരേടര്‍ കൊടുത്തതെ കുതിപ്പ് തുടങ്ങി. മുങ്ങിച്ചാവാന്‍ മടി ആയതു കൊണ്ട് വലിയ റേസിംഗിനൊന്നും പോയില്ല. സംഗതി കൊള്ളാം.:-)
ബസ് സ്റ്റേഷനില്‍ തിരിച്ചെത്തി. വണ്ടി വരുന്നതെ ഉള്ളൂ..സത്യം പറഞ്ഞാല്‍ തിരിച്ചു ലണ്ടനിലേക്ക് പോകുന്നതിന്റെ സന്തോഷം ഉണ്ട്. ഒന്ന് ഉറങ്ങാമല്ലോ. ഈ ബസ് തിരിച്ചു കാര്‍ഡിഫ് വരെയേ ഉള്ളൂ.. അവിടെ നിന്നും വേറെ ബസ് ആണ്. കാരിഫില്‍ എത്തി അവിടുത്തെ ഒരു മ്യൂസിയത്തില്‍ കയറി. അവിടെ നോട്ടക്കാരിയായ ഒരു അമ്മൂമ്മയുമായി സംസാരിച്ചു കുറെ നേരം. അറുപത്തിയഞ്ചു വയസ്സായിട്ടും വെറുതെ ഇരിക്കാനുള്ള മടി കാരണം അവര്‍ ജോലിക്ക് വന്നിരിക്കുകയാണ്. നല്ല സ്ത്രീ. കൂടെ നിന്നും ഒരു ഫോട്ടോ ഒക്കെ എടുത്തു. സ്റ്റഫ് ചെയ്തു വച്ച കുറെ മൃഗങ്ങള്‍. അതിന്റെ ഫോട്ടോ എടുക്കാന്‍ പാടില്ല എന്നെഴുതി വച്ചിട്ടുണ്ട്. മുഴുവന്‍ പഴകിയതാണ്. അമ്മൂമ്മ എനിക്ക് ആഗ്രഹമുണ്ടെന്ന് കരുതി എന്നെ കൊണ്ട് ആ പല്ലിയുടെയും പട്ടിയുടെയും പൂച്ചയുടെയും മൊത്തം ഫോട്ടോ എടുപ്പിച്ചു ...ഹമ്മോ..എനിക്കിത് തന്നെ വേണം.എന്നിട്ട് രഹസ്യമായി എന്നോട് പറഞ്ഞു ആരോടും പറയണ്ട. പാവം അവരെ വിഷമിപ്പിക്കണ്ട എന്ന് കരുതി കുറെ എടുത്തു എന്ന് വരുത്തി അവിടുന്ന് കടന്നു.
ഒറ്റക്കായതു കൊണ്ട് ഞാന്‍ നില്ക്കുന്ന ഫോട്ടോകള്‍ എല്ലാം മറ്റു ടൂറിസ്റ്റുകളുടെ വകയാണ്. പല രാജ്യക്കാരുടെ കര ലാളനം ഏല്ക്കാന് ഭാഗ്യം സിദ്ധിച്ച കാമറ ആണ് അത്. എന്തിനു എനിക്ക് മുന്‍പ് ഫോട്ടോ എടുത്തു തന്ന കാര്‍ഡിഫ് സുന്ദരിയുടെ വരെ.ഇതു വായിക്കുന്ന എന്റെ സുഹൃത്തുക്കള്‍ കാമറ കാണാന്‍ വരുമെന്ന് എനിക്കറിയാം. ടിക്കറ്റ് വച്ചുള്ള ഷോ ആയിരിക്കും :-).ബസ് വരാന്‍ മൂന്നു മണിക്കൂര്‍ ഉള്ളത് കൊണ്ട് ബൂട്ട് പാര്കില് ഒന്ന് കൂടി കറങ്ങി.
ഒരിക്കലും മറക്കാന്‍ പറ്റാത്ത നല്ല കുറെ ഓര്‍മകളുമായി ലണ്ടന്‍ നഗരത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു ബസിലാണ് ഇപ്പോള്‍ ഞാന്‍ . നല്ല ഉറക്കം വരുന്നു. ഉറങ്ങാന്‍ ഉള്ള സമയവും ഉണ്ട്. നോം ഒന്ന് ശ്രമിച്ചു നോക്കട്ടെ. വീണ്ടും കാണാം. നല്ല ഒരു ദിവസം ആശംസിച്ചു കൊണ്ട് ....
- ജിനൂപ്
ജാമ്യം : ഞാന്‍ നല്ല ഒരു എഴുത്തുകാരന് ഒന്നുമല്ലെന്ന് എനിക്കറിയാമെങ്കിലും; ക്ഷമയോടെ വായിക്കുന്ന നിങ്ങളോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ല. നന്നായാലും ഇല്ലെങ്കിലും ആരെങ്കിലും വായിച്ചാലും ഇല്ലെങ്കിലും- എന്തെങ്കിലും കുത്തിക്കുറിക്കുന്ന സമയത്ത് ഒരു സമാധാനമാണ്. കുട്ടിക്കാലത്ത് പൂമ്പാറ്റയും ബാലമംഗളവും ബാലരമയും ഉണ്ണിക്കുട്ടനും ബോബനും മോളിയും ഒക്കെ വാങ്ങി തന്നു വായനയുടെ സുഖമുള്ള അനുഭവത്തെ കാണിച്ചു തന്ന അച്ഛന് നന്ദി. മുത്ത് , മുത്തുച്ചിപ്പി , വനിത, മനോരമ, മംഗളം (മ വാരികകള്‍ ) ഇവയുടെ പ്രസാധകര്‍ക്കും ഇതു വാങ്ങി വായിച്ചതിനു ശേഷം സപ്ലൈ നടത്തിയ എല്ലാവര്ക്കും നന്ദി നമസ്കാരം ജയ് ഹിന്ദ് .