Sunday, June 30, 2013

ചങ്ങാടവും ചങ്ങാതിയും !

ചാക്കോച്ചൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ട് എതിര് സ്ഥാനാർഥി പാപ്പച്ചായിക്കും കുടുംബത്തിനും ഉണ്ടായതിന്റെ പതിന്മടങ്ങ്‌  സന്തോഷം എനിക്കുണ്ടായിരുന്നു. ഷാപ്പിൽ വന്നവര്ക്കെല്ലാം ഓരോ കുപ്പി പനങ്കള്ള് വാങ്ങി കൊടുത്തു.കളത്തിൽ സ്വല്പം പിശുക്കൻ പ്രതിച്ഛായ ഉള്ള എന്റെ ഈ സൗജന്യ സേവനം നാട്ടുകാര്ക്ക് മനസ്സിലായില്ലെങ്കിലും എന്റെ ബാല്യകാല സുഹൃത്തുക്കളായ കുട്ടാപ്പുവിനും കുട്ടായിക്കും നന്നേ മനസ്സിലായി .

തൂളൽ മഴയും നനഞ്ഞു കുട്ടി നിക്കറുമിട്ടു വാഴത്തോട്ടത്തിലേക്കോടുമ്പോൾ എനിക്കൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ .

"നീന്തൽ പഠിക്കണം ".

 ഇടതതടവില്ലാതെ പെയ്യുന്ന ഇടവപ്പാതി, ഞങ്ങളെ തീരെ വലയ്ക്കുന്നുന്ടായിരുന്നില്ല. മൂന്നുപേരിൽ കുട്ടാപ്പുവിനു നീന്തൽ അറിയാം.അത് കൊണ്ട് കുട്ടാപ്പുവിന്റെ ശിക്ഷണത്തിലാണ് എനിക്കും കുട്ടായിക്കും നീന്തൽ പഠിക്കേണ്ടത്.

അലച്ചു തല്ലി,കുതിച്ചു പാഞ്ഞു വെള്ളം ഒഴുകുന്ന ഈ സമയത്ത് തന്നെ പുഴയിൽ നീന്താൻ വന്നതിൽ അസ്വാഭാവികമായി ഒന്നും കാണാനില്ല.കാരണം അഞ്ച് ആറു വയസ്സ് പ്രായമുള്ളവർക്ക് വിനോദവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ വളരെ എളുപ്പമായിരുന്നു അന്ന്. കാരണം ഇന്നത്തെപോലെ ടിവിയും കമ്പ്യൂട്ടറും കുട്ടികള്ക്ക് ഉണ്ടായിരുന്നുമില്ല, മക്കൾ മഴ നനഞ്ഞാൽ ഉടൻ പനി പിടിച്ചു കിടപ്പിലാവുമോ എന്ന വേവലാതി അമ്മമാർക്കുമില്ല.മഴയാണെങ്കിൽ തീപ്പെട്ടി ഞൊട്ടൽ,ഈർക്കിൽ കളി, പാമ്പും കോണിയും, ചതുരംഗം അങ്ങനെ അനവധി നിരവധി രസകരങ്ങളായ കളികൾ.
വാഴപ്പിണ്ടികൾ വെട്ടിപ്പൊളിച്ചു കഴിഞ്ഞാൽ വെളുവെളുത്ത ആ പ്രതലം കാണാൻ നല്ല ഭംഗി തന്നെ.അപ്പൊ, അതിലൊന്ന് തൊട്ടാലോ...കുളിര് കോരുന്നു.. മൂന്നു നാലെണ്ണം കൂട്ടി കാപ്പിക്കമ്പുകൾ കൊണ്ട് കൂട്ടി യോജിപ്പിച്ച് നല്ല ഒരു ചങ്ങാടം ഉണ്ടാക്കിക്കഴിഞ്ഞിട്ടുണ്ട്. നിക്കർ  ഊരിയെടുത്തു നിലത്തു വച്ചിട്ട് മുകളിൽ ചെമ്പില അടര്ത്തിയെടുത്തു കമഴ്ത്തി .മഴക്കൂട്ടുകാരാ , ഇനിയൊന്നു നനക്കുന്നത് കാണണമല്ലോ. തോർത്തുടുത്ത്‌ പതിയെ വെള്ളത്തിലേക്കിറങ്ങണം .

നിറയെ വലുതും ചെറുതുമായ ദ്വാരങ്ങളുണ്ട് കുട്ടായിയുടെ തോർത്ത്‌ മുണ്ടിൽ. അത് കണ്ടാൽ, ഏതെങ്കിലും ജവുളിക്കടയുടെ ബാനർ അടിച്ചു മാറ്റിയതാണെന്നേ പറയൂ..

അയ്യേ...കീറത്തോർത്ത്... നിന്റെ ചുണ്ണിക്ക ഇന്ന് നിമ്മി കാണുമെടാ...എനിക്കൊരു പുതിയ തോർത്ത്‌ വീട്ടില് നിന്നും അനുവദിച്ചിട്ടു രണ്ടു ദിവസമായി, അത് കൊണ്ട് അവനെ കളിയാക്കുന്നത് എന്റെ അവകാശമായി കരുതി, മൂക്കിൻ തുമ്പത്ത് വിരൽ വച്ചു!.ശോ..നിമ്മി ആരാണെന്ന് കൂടി ആദ്യമേ പറയേണ്ടതായിരുന്നു. നമ്മളെക്കാൾ ഒന്ന് രണ്ടു വയസ്സിനു മൂത്തതാവണം, പക്ഷെ സൌന്ദര്യത്തിനു പ്രായമില്ലല്ലോ. നിമ്മി 3B യിൽ നിന്നും ഇറങ്ങി വരുന്നത് കാണാൻ പള്ളിക്കൂടത്തിന്റെ വരാന്തയിൽ കൊതിയോടെ നോക്കി നിൽക്കാറുണ്ട് ആണായി പിറന്നോരെല്ലാം. പക്ഷെ ,മറ്റുള്ളവരുടെ മുന്നില് അങ്കം ജയിച്ച തച്ചോളികൾ ഞങ്ങൾ മൂന്നു പേരാണ് കാരണം നിമ്മി ഞങ്ങളുടെ അയല്ക്കാരിയാണ് .എന്ന് വച്ചു തൊട്ടു അയല്പക്കമൊന്നുമല്ല കേട്ടോ...ഇവിടുന്നു സ്വല്പം താഴെ പുഴയോട് ചേര്ന്നുള്ള പതിനഞ്ചു സെന്റ്‌ പുരയിടം.എന്ന് കരുതി ഞങ്ങൾ അവളോടിത് വരെ മിണ്ടിയിട്ടൊന്നുമില്ല. പക്ഷെ അവളുടെ മുന്നില് സ്റ്റൈൽ കളിക്കാൻ പറ്റിയ ഒരു അവസരവും വിടാറുമില്ല. ഒരു കണക്കിന് അവളുടെ മുന്നില് വച്ചു സമ്മാനം വാങ്ങാൻ വേണ്ടിയാണ് കഷ്ടപ്പെട്ട് ഞാൻ പഠിക്കുന്നത്,കുട്ടായി മിമിക്രി കാണിക്കുന്നതും , കുട്ടാപ്പു നൂറു മീറ്റർ ഓട്ടത്തിൽ കത്തിച്ചു വിടുന്നതും.

നിമ്മി , അവന്റെ "രഹസ്യങ്ങൾ" മനസ്സിലാക്കിയേക്കാം എന്ന് പേടിച്ചിട്ടാവാം കുട്ടായി അവന്റെ നിക്കറിലേക്ക് മാറി. അത് നനച്ചതിനു അവന്റമ്മ രമണിയേട്ടത്തി അവന്റെ ചന്തി പപ്പടമാക്കും. അതവനറിയാം പക്ഷെ അടിയാണോ മാനമാണോ വലുത് ?.സംശയമില്ല മാനം തന്നെ!

ഒഴുക്ക് സാമാന്യം കുറഞ്ഞ പുഴയരുകിലേക്ക് കാലെടുത്തു വച്ചതെ ഉള്ളു,മീനുകൾ വന്നു കൊത്താൻ തുടങ്ങി.ഇക്കിളിപ്പെടുത്തുന്ന ആ ചെറു കൊത്ത ലിന് ഒരു സുഖമുണ്ട്.മുങ്ങിക്കഴിയുംപോ ഇവന്മാര് ചിലപ്പോ ആ(അ)സ്ഥാനത്ത് കൊത്തും അപ്പോഴാണ്‌ പ്രശ്നം.പുഴയിലുള്ള മീനുകളെ മുഴുവൻ നാട്, അല്ല കടൽ കടത്തിയിട്ടു നമുക്ക് നീന്താൻ പറ്റില്ലല്ലോ.
ചങ്ങാടം വെള്ളത്തിലേക്ക്‌ ആനയിക്കപ്പെട്ടു. കുട്ടാപ്പുവിന്റെ വക ഉപദേശങ്ങളും നല്കപ്പെട്ടു. കാര്യം നിസ്സാരം.
മൂന്നു പേരും കൂടി ചങ്ങാടത്തിൽ പോകുന്നു.ആശാൻ പറയുമ്പോൾ നീന്തൽ പ്രേമികളൊ  കുതുകികളൊ ഒക്കെ ആയ ഞങ്ങൾ രണ്ടു പേരും വെള്ളത്തിലേക്ക്‌ എടുത്തു ചാടി നീന്തണം. പേടി കൊണ്ടാകണം , എന്തേലും പ്രശ്നം ഉണ്ടായാൽ ആശാൻ വന്നു രക്ഷിക്കുമെന്ന ഉറപ്പു രണ്ടു വട്ടം വാങ്ങിയിട്ടുണ്ട്. പേടിക്കേണ്ട കാര്യമില്ല നമ്മൾ ഉണ്ടാക്കിയ കപ്പൽ ഉണ്ടല്ലോ.
നല്ല ഒഴുക്കുള്ളത് കൊണ്ട് തുഴയേണ്ട ആവശ്യം ഒന്നും വന്നില്ല. അടുത്ത വളവിൽ ആശാൻ അലറി "ചാടടാ". രണ്ടും കല്പ്പിച്ചു എടുത്തങ്ങു ചാടി.കരയിൽ വച്ച് തന്നെ വെള്ളത്തിൽ വീണാലുടൻ ചെയ്യേണ്ട ആംഗ്യങ്ങൾ , അംഗ വിക്ഷേപങ്ങൾ ഇവ പഠിപ്പിച്ചിട്ടുണ്ട്. കഷ്ടകാലമെന്നു പറയട്ടെ വെള്ളത്തില വീണയുടൻ, പതിനെട്ടടവുകളിൽ  കൈകാലിട്ടടിക്കുന്നത് മാത്രമേ ഓര്മ വന്നുള്ളൂ. 

കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല.മൂക്കിലും വായിലും വെള്ളം അടിച്ചു കയറുന്നുണ്ട്. സംഭവം സിമ്പിൾ. ചെറിയ ഒരു ചുഴിയിൽ പെട്ട് കറങ്ങുകയാണ്. കുട്ടാപ്പു ചങ്ങാടം അടുപ്പിക്കാൻ നോക്കിക്കൊണ്ട്‌ .."കേറഡാ തവളക്കാലന്മാരെ" എന്ന് അലറി വിളിച്ചു..എങ്ങിനെയോ ഏന്തി വലിഞ്ഞു ചങ്ങാടത്തിൽ പിടിച്ചതെ ഉള്ളു..കുട്ടായി എന്റെ തോർത്ത്‌ മുണ്ടിൽ പിടിച്ചു കയറാനുള്ള ശ്രമം തുടങ്ങി. രണ്ടാമത്തെ വലിക്കു തോർത്ത്‌ പറിഞ്ഞു വെള്ളത്തിന്റെ കൂടങ്ങ്‌ പോയി.ആ ദുഷ്ടൻ കയറി.അവന്റെ കാലിൽ പിടുത്തം കിട്ടിയെങ്കിലും അടുത്ത ഒഴുക്കിൽ പിടിവിട്ടൊഴുകി. ഇടക്കെവിടെയോ ഒരു ഇല്ലിക്കമ്പിൽ പിടുത്തം കിട്ടി.ഞാൻ മരണ വെപ്രാളത്തിൽ ആണെന്നറിഞ്ഞിട്ടാവണം അത് ഒടിഞ്ഞു എന്റെ കൂടെ പോന്നു.

"ഇവനെയൊന്നും പറഞ്ഞിട്ട് കാര്യമില്ല..%&!!)^"(**^^$%^&%"@! പറഞ്ഞാൽ മതി".

നല്ല കലക്കൻ തെറിവിളി കേട്ട് കണ്ണുകൾ സ്വല്പം തുറന്നു.ചുറ്റും തടിച്ചു കൂടിയ ആളുകള്.ആരൊക്കെയോ പറയുന്നു .

"ചത്തിട്ടില്ല , കണ്ണ് തുറന്നു".

കൊങ്ങിണി മുള്ളുകൾ കൊണ്ട് വരഞ്ഞതിന്റെയും കല്ലിൽ പോയിടിച്ചതിന്റെയും ഒക്കെ വേദന അവിടിവിടെ ഉണ്ട്. പതിയെ കൈകൾ താഴേക്ക്‌ ഓടിച്ചു. ഒരു ഞെട്ടലോടെ ഞാൻ ആ 'നഗ്ന' രഹസ്യം മനസ്സിലാക്കി. വെള്ളത്തിൽ ഒലിച്ചു പോയ ആ ഉടുവസ്ത്രം ഇനിയും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.ചുറ്റും ഒന്ന് കണ്ണോടിച്ചു.ഒരിക്കലും കാണരുതേ എന്ന് ആഗ്രഹിച്ചു ഹൃദയഭേദകമായ ആ കാഴ്ച. !!.പെണ്ണുങ്ങളുടെ കൂട്ടത്തിൽ നിന്ന് ഭീതിയോടെ നോക്കുന്ന അനേകം കണ്ണുകളിൽ രണ്ടു ഉണ്ടക്കണ്ണുകൾ ."നിമ്മി". അതെ ഇതവളുടെ വീട്ടു മുറ്റവും എന്നെ ചീത്ത വിളിച്ചു കൊണ്ട് വയറ്റിലെ വെള്ളം ഞെക്കി കളഞ്ഞ ആ മനുഷ്യൻ ചാക്കോച്ചനുമാണ്. അതിലുപരി എന്റെ മനസ്സില് തികട്ടി വന്നത് പകയാണ് , "ഒരു പുരുഷ പ്രജക്കു നാണം മറക്കാൻ ഒരു തുണ്ട് തുണി തരാത്ത കശ്മലൻ,കാർക്കോടകൻ, നിർഗ്ഗുണൻ !!!

ഒരു ഒന്നാം ക്ലാസ്സുകാരന്റെ മാനത്തിന് പുല്ലുവില കല്പിച്ച ആ സാമദ്രോഹി ഇലക്ഷനിൽ തോറ്റപ്പോൾ, ഇത്രയുമൊക്കെ സന്തോഷിക്കുന്നതിൽ തെറ്റുണ്ടോ?.അല്ല നിങ്ങള് പറ.

വാല്ക്കഷ്ണം :

നിമ്മി, കോമപ്പൻ മെമ്മോറിയൽ സ്കൂളിലെ അധ്യാപികയായതും,തിരിച്ചറിയൽ കാർഡിനു വിവരങ്ങൾ നല്കേണ്ട സെന്റര് ആ സ്കൂൾ ആയതും, നിമിത്തമാവാം.പക്ഷെ തൊട്ടു പിന്നിൽ നില്ക്കുന്ന എന്റെ ഭാര്യ കേള്ക്കെ
 "സ്ഥിരമായി ശരീരത്തുള്ള ഒരു  അടയാളം വേണം.വെട്ടിന്റെ പാടോ, വല്ലോ മറുകോ..??"

 എനിക്കോ ഭാര്യക്കോ സംസാരിക്കാൻ അവസരം കിട്ടുന്നതിനു മുൻപേ അവര് തന്നെ വീണ്ടും  ചോദിച്ചു.

"എന്റെ അയൽവാസീ, എന്താ ഇത്ര ആലോചിക്കാൻ?  ആ വലത്തേ തുടയിലുള്ള നീളൻ മറുക് അങ്ങ് എഴുതിയെക്കട്ടെ??".ഹി ഹി ഹി .

ഭാര്യയുടെ കലിപ്പ് മുഖം കണ്ടതേ ഉറപ്പിച്ചു.  അതെ അപ്പനും മോളും ചേർന്ന് എന്റെ ജീവിതം നശിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ് !
 

3 comments:

Unknown said...

Good one Bro. Beginning, i felt, lack of flow. But towards the tail, it's good.

Jinoop J Nair said...

thanks dude

Sushama Thoppil said...

Ha ha ha.. GOOD STYLE OF WRITING... (Y)