Saturday, December 15, 2018

റെഡി...വൺ 497...തയ്യൽക്കടക്കാരനും സൂചിയും

കാലൊന്നു തട്ടി.

മരവിച്ചിരിക്കുന്നത് കൊണ്ട് വേദനിക്കില്ല. ഗൾഫിൽ ഇരുപതു വര്ഷം വണ്ടിയോടിച്ചു നടന്നത് കൊണ്ട് കാലു മരവിച്ചിട്ടല്ല, മനസ്സ് മരവിച്ചിട്ടാണ്.  വക്കീലിന്റെ മുറിയുടെ അരികുചേർന്നുള്ള ആ ഇരുമ്പ് വളയത്തിൽ തട്ടുന്നത് ഇതാദ്യമായല്ല. ശ്രദ്ധയില്ലെടോ എന്ന മട്ടിൽ വക്കീൽ ഗുമസ്ത ഒന്ന് നോക്കി.!  ചങ്ങാതീ, എന്റെ ശ്രദ്ധയുടെ ശ്രാദ്ധം കഴിഞ്ഞിട്ട് മാസം ഒന്നായി.

ഉള്ളിലേക്കൊന്നു പാളി നോക്കി. വക്കീലിന്റെ മുന്നിൽ ആരോ ഉണ്ട്. കാത്തിരിക്കാൻ അദ്ദേഹം കൈകൊണ്ട് കാണിച്ചു. തിരക്കുണ്ടായിട്ടല്ല , അല്ലെങ്കിൽ എനിക്കെന്ത് തിരക്ക്. ഇളയ മോളുടെ സ്‌കൂള് വരെയൊന്നു
പോകണം, അതിപ്പോ നാളെയുമാകാം. ഇനി അവരാണ് ജീവിതം , പത്തു വയസ്സുകാരിയും ആറു വയസ്സുകാരിയും , അവർക്കാണ് ജീവിതം. അവരുടെ 'അമ്മ റൂട്ടിലോടുന്ന മൈനാകം ബസിലെ കണ്ടക്ടറുടെ കൂടെയാണ്. എന്റെ തെറ്റാണ്. ഗൾഫിൽ നിന്ന് പറയാതെ വരാൻ പാടില്ലായിരുന്നു. ബുധനാഴ്ച കുട്ടികൾ സ്‌കൂളിൽ പോയിക്കാണും, ഭാര്യ കിടന്നുറങ്ങുകയായിരിക്കും എന്ന് കരുതിയാണ് ജനലിലൂടെ ഉള്ളിലേക്ക് നോക്കിയത്. 'സർപ്രൈസ് , മാങ്ങാത്തൊലി'.

അതും എന്റെ കുഴപ്പമാണ്, ചാരിക്കിടക്കുന്ന ജനൽപ്പാളി സ്വന്തം വീടിന്റെയാണെങ്കിലും അങ്ങനെ മലർക്കെത്തുറക്കാൻ പാടില്ലായിരുന്നു. ഒരു കാക്കി ഷർട്ട് അയയിൽ നിന്നും വിരലിൽ കോർത്തുകൊണ്ട് ആരോ ഓടി. വീടിനു മുന്നിലെത്തിയപ്പോൾ കഴിഞ്ഞ വരവിന് ഞാൻ വാങ്ങിക്കൊടുത്ത ചുവപ്പിൽ നീലപ്പൂക്കളുള്ള  നൈറ്റിയുമായി എന്റെ രശ്മി. സ്വന്തം രശ്മി.

"അതാരായിരുന്നു രശ്മി". ചില തെറ്റുകൾ അവർത്തിക്കാനുള്ളതാണല്ലോ.

"വിജയേട്ടാ , അതാ കണ്ടക്ടർ ജയനാണ്. കീറിയ കാക്കി ഷർട്ട് തയ്‌ക്കാൻ വന്നതാണ്"

ഷർട്ട് തുന്നിക്കൊടുത്തതിന്റെ ക്ഷീണം കൊണ്ടോ ,രണ്ടു വർഷത്തിന് ശേഷം  കാണുന്ന ഭർത്താവിനെ കണ്ടത് കൊണ്ടോ പാവം വിയർക്കുന്നുണ്ട്. വൈകിട്ട് അങ്ങാടിയിൽ ഇറങ്ങിയപ്പോഴാണ്  മീൻ കച്ചവടം നടത്തുന്ന ചങ്ങാതി മടിച്ചു മടിച്ച് ആ സത്യം പറഞ്ഞത്. "എന്റെ വിജയാ ആ ജയന്റെ കാക്കി ഷർട്ട് ആഴ്ചയിൽ കുറഞ്ഞത് ഒരു തവണ കീറുന്നുണ്ട്. നീ തന്നെ ഒരു നല്ല തുണി വാങ്ങിക്കൊടുക്ക്"

കാര്യങ്ങൾ വിശദമായി മനസ്സിലായപ്പോഴാണ്  വര്ഷങ്ങളായി നാട്ടിലേക്ക് അയച്ചു കൊണ്ടിരുന്ന പണത്തിനു മുഴുവൻ  സൂചിയും നൂലും വാങ്ങി ജയന് ഷർട്ട് തയ്ച്ചു കൊടുത്തുകൊണ്ടിരുന്ന പ്രിയതമ രശ്മിയുടെ വിശാല ഹൃദയത്തെക്കുറിച്ച് ഈ എളിയവനും ബോധ്യം വന്നത്.

പോലീസേമാൻ പറഞ്ഞപ്പോഴാണ് സെപ്റ്റംബർ 27 മുതൽ ഏതു സൂചിയിലും നൂല് കോർക്കാൻ തയ്യൽക്കാരന് മാത്രമല്ല അവകാശം എന്നുള്ള സത്യം ബോധ്യമായത്. ഇരുപത്തിമൂന്നാം വയസ്സിൽ ഗൾഫിൽ പോയതാണ്, ഇപ്പൊ പ്രായം 44; ഇനി പ്രശ്നത്തിനൊന്നും വയ്യ. നാട്ടിലെന്തെങ്കിലും പണിയെടുത്ത് കുഞ്ഞുങ്ങളെ നോക്കണം.  ആത്മാഭിമാനമുള്ളത് കൊണ്ട്  അവസാനത്തെ ആയുധമെടുത്ത് പ്രയോഗിക്കുകയല്ലാതെ വഴിയില്ല. അങ്ങനെ വന്നു പെട്ടതാണ് , ഈ കുടുംബക്കോടതി വക്കീലിന്റെ അടുത്ത്.

ആ രണ്ടു കുഞ്ഞുങ്ങളെയെങ്കിലും....

അവൾ പോയത് നന്നായി. കുട്ടികളുള്ള വീടല്ലേ. ഞാൻ ജയനോട് എന്തെങ്കിലും ചോദിച്ചാൽ എന്നെ നിയമം അറസ്റ്റു ചെയ്‌താൽ അവർക്കാരുണ്ട്. ?.ഒരു കാര്യം മറന്നു ,ജയന്റെ ഭാര്യക്ക് വടക്കേമൂല പോസ്റ്റോഫീസിലാണ് ജോലി.  എനിക്കാണെകിൽ ഒരു കത്ത്  പോസ്റ്റ് ചെയ്യാനുമുണ്ട്. 

No comments: