Tuesday, January 26, 2010

"ആദ്യത്തെ രാത്രി ........."

കുറിപ്പ്: യുവകോമളന്മാരും തരുണീമണികളും അനാവശ്യ പ്രതീക്ഷകളോടെ ഈ സംഭവവികാസങ്ങളിലേക്ക് കൂപ്പു കുത്തുന്നതിനു മുന്‍പ്, ഒരു മുന്‍‌കൂര്‍ ജാമ്യം. ഇത് ഞാന്‍ ഒറ്റയ്ക്ക് ഒരു വന സമാനമായ സ്ഥലത്ത് താമസം തുടങ്ങിയതിനെ കുറിച്ചുള്ള കഥയാണ്. ‍


വളരെക്കാലമായി മടിവാള എന്ന സ്ഥലത്ത് താമസിച്ചു മടുക്കുകയും , എന്നെയും എന്റെ സഹമുറിയന്‍ രമേശ്‌ അവര്കളെയും ഞങ്ങളുടെ വീട്ടുടമസ്ഥ വട-യക്ഷി മടുക്കുകയും ചെയ്തതിന്റെ അനന്തര ഫലമായി ഉണ്ടായ ഒരു തോന്നലില്‍ നിന്നാണ് ദൃശ്യം തുടങ്ങുന്നത്. വട-യക്ഷിയുടെ അമിതമായ സ്നേഹപ്രകടനം ശകാരങ്ങളിലൂടെ എല്ലാ പ്രഭാതങ്ങളിലും ഗായത്രീ മന്ത്രം പോലെ കേള്‍ക്കേണ്ടി വരാറ് , താഴെ കൊടുത്തിരിക്കുന്ന ചില നിസ്സാര കാരണങ്ങള്‍ കൊണ്ടാണ്.



ഒന്ന്: ഞാന്‍ ജോലി കഴിഞ്ഞു രാത്രി പത്തു മണിക്ക് ശേഷം വരുമ്പോള്‍ എന്റെ നിഷ്കളങ്കനായ ഇരു ചക്ര വാഹനത്തിന്റെ പ്രകാശം ജനലില്‍ കൂടെ അകത്തേക്ക് പ്രവേശിക്കുന്നു. തല്‍ഫലമായി ആ സ്ത്രീ ജനത്തിന്റെ പേരക്കുട്ടിക്ക്‌ ഉറങ്ങാന്‍ നിര്‍വാഹമില്ല . ന്യായം !!. "പരാക്രമം സ്ത്രീകളോടല്ല വേണ്ടു " എന്ന് വിശ്വസിക്കുന്ന ഈ മഹാമനസ്കന്‍, പിന്നീടുള്ള ദിവസങ്ങളില്‍ വീടിന്റെ ഏഴു അയല്‍പക്കത്ത്‌ വരുമ്പോള്‍ തന്നെ ചില ആധുനിക നാടകങ്ങളിലെ പോലെ "ശബ്ദവും-വെളിച്ചവും" ഇല്ലാതെ പതിയെ അകത്തേക്ക് കടക്കാന്‍ തുടങ്ങി. ഒരു തീപ്പൊരി പ്രശ്നത്തിന് അങ്ങനെ വിരാമമായി.



രണ്ടു : ഞങ്ങളുടെ അയല്‍ക്കാര്‍ കുറെ യുവ - തമിഴ് വിദ്വാന്മാരാന്. അവര്‍ " ഡാഡി മമ്മി വീട്ടില്‍ ഇല്ല....." എന്ന് തുടങ്ങുന്ന അതി മനോഹരമായ ഗാനം ദേശീയ ഗാനം പോലെ പല തവണ വയ്ക്കുമ്പോള്‍ ഒട്ടും കുറക്കാതെ "പാടില്ല പാടില്ല നമ്മെ നമ്മള്‍ ....." എന്ന ചങ്ങമ്പുഴ കവിതയും "വേണ്ട മോനെ വേണ്ട മോനെ ..." എന്ന സ്വപ്നക്കൂട് ഗാനവുമൊക്കെ സാമാന്യം ഭേദപ്പെട്ട സ്വരത്തില്‍ വയ്ക്കാറുണ്ട്. ഇത് വട-യക്ഷി പല ദിവസം നോട്ട് ചെയ്തു , അവസാനം "മകാ നിമ്പക്ക് നമ്മെ കൊത്തില്ല . TV വോളിയം ജാസ്തി " എന്നങ്ങു കാച്ചി. "വീട്ടില്‍ നല്ല ആണുങ്ങള്‍ ഇല്ലാത്തതിന്റെ കേടാണ് " എന്ന്‍ ഞാനും സഹമുറിയനും കൂടി രഹസ്യം പറഞ്ഞു . ഇതൊക്കെ ആണെങ്കിലും എന്ത് പറഞ്ഞാലും ധൈര്യം വിടാതെ ഞങ്ങള്‍ വിദേശികളെ പോലെ "യാ യാ " "യാ യാ" എന്ന് പറഞ്ഞു അങ്ങ് കേട്ട് നില്‍ക്കും. ശരീരം നമ്മുടെ ആയതു കൊണ്ടും , 'അടി' ശ്രമിച്ചാല്‍ നാട്ടിലും കിട്ടുന്ന അസംസ്കൃത സാധനം ആണെന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടും കടിച്ചു പിടിച്ചു "യാ യാ"എന്ന ആരോഗ്യ മന്ത്രം ഉരുവിട്ട് അങ്ങ് നില്‍ക്കും !!!. അടുത്ത തീപ്പോരിയിലും വെള്ളം ഒഴിച്ച് കഴിഞ്ഞു .



മൂന്നു: ഒമ്പത് മണിക്ക് മുന്‍പ് ഉറങ്ങി എഴുന്നേല്‍ക്കുന്നത്‌ രാജ്യ ദ്രോഹ കുറ്റം പോലെ ഭീകരമാണെന്ന് വിശ്വസിച്ചിരുന്ന കാലം. രാവിലെ ഉടുമുണ്ട് തപ്പി എടുത്തു, കുളി , തേവാരം ഇത്യാദി കര്‍മങ്ങളെല്ലാം കഴിച്ചു ജമ്പനും തുമ്പനും സ്റ്റൈലില്‍ ബൈക്കില്‍ കയറി ഓഫീസിലേക്ക് പായുന്നതാണ് ശീലം. സംഭവ ദിവസം രാവിലെ പണി കിട്ടി. വെള്ളം ഇല്ല. മോട്ടോര്‍ കേടാണ്. കുളിക്കാതെ പോയാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി വട-യക്ഷി കാണിച്ചു തന്ന ടാങ്കില്‍ നിന്നും രണ്ടു ബക്കറ്റ്‌ വെള്ളം എടുക്കാന്‍ തീര്‍ച്ചപെടുത്തി. വെള്ളം കോരി "കുമു കുമാന്നു"ബക്കറ്റ്‌ ലേക്ക് കമിഴ്ത്തി പോകാന്‍ തിരിയുമ്പോള്‍ ആണ് ഒരു കുളിര് കോരുന്ന വിളി "Gentle മാന്‍....Gentle മാന്‍ ".!! .

ഞാന്‍ ഒരു തരള ഹൃദയന്‍ ആണെന്ന് ബോധ്യമുണ്ടെങ്കിലും മറ്റുള്ളവര്‍ വിളിക്കുമ്പോള്‍ രോമാഞ്ചം വരും എന്നത് വാസ്തവം. വട-യക്ഷി യുടെ ആവശ്യം വളരെ നിസ്സാരം. എന്റെ അത്ര ഉയരമുള്ള ടാങ്കില്‍ നിന്നും ഞാന്‍ അവര്‍ക്ക് കുറച്ചു വെള്ളം കോരി കൊടുക്കണം. ചെറു കയറിന്റെ അറ്റത് കെട്ടിയ നീല ബക്കറ്റ്‌ ആണ് പണി ആയുധം. കമിഴ്ന്നു കിടന്നു കോരുന്നത് സ്വല്പം കഷ്ടപാടാണ്.!!! വട-യക്ഷി അമ്പത് അമ്പത്തഞ്ചു വയസ്സ് പ്രായം വരുന്ന മഹിള ആയതു കൊണ്ടും, മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന് രണ്ടാം ക്ലാസ്സിലെ ടീച്ചര് പലവുരു പറഞ്ഞിട്ടുള്ളത് കൊണ്ടും ഞാന്‍ വെള്ളം കോരല്‍ തുടങ്ങി. ഏകദേശം പത്തു മിനിറ്റ് സമയം ആവേശത്തോടെ "കോരല്‍" മാമാങ്കം . ഭഗവാനെ..ആരോ വീക്നെസ്സില്‍ പിടിച്ചു...അടുത്ത വിളി, "മകാ...മകാ..." അടുത്ത വീട്ടിലെ ആന്റിയാണ്. അവര്‍ക്കും കൊടുത്തു രണ്ടു ബക്കറ്റ്‌. ഒരു വലിയ സാമൂഹ്യ സേവനം പുലര്‍ച്ചയില്‍ തന്നെ ചെയ്യാന്‍ അവസരം തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞു കുളി തുടങ്ങി.......



ഏകദേശം രാത്രി പത്ത് മണി. ജോലിയൊക്കെ ഒതുക്കി പതുക്കെ വീട്ടിലേക്കു പോയാലോ എന്നൊക്കെ ആലോചിച്ചു ഇരിക്കുമ്പോല് "റിംഗ് ടോന്ഗ് , റിംഗ് ടോന്ഗ്, തട്ട റിട്ട തട്ട റിട്ട.". മൊബൈല്‍ റിംഗ് ചെയ്യുന്നു. സഹമുറിയന്‍ ആണ്. പാവം ഇന്നും നേരത്തെ വീട്ടില്‍ എത്തി. കഞ്ഞിയും കറിയും വയ്ക്കാനുള്ള ഭാഗ്യം മാന്യ അദ്ദേഹത്തിന് ആണ് . എന്റെ പ്രിയപ്പെട്ട പയര്‍കൂട്ടാന്‍ തന്നെ വയ്പിക്കണം എന്നൊക്കെ വിചാരിച്ചു ഫോണ്‍ ചെവിയിലേക്ക്. ഒറ്റ ചോദ്യം ,ഒറ്റ ഉത്തരം.


"നീ രാവിലെ ടാപ്പ് അടച്ചിരുന്നോ? "


"ഹ്മ്മ്മം.(ആലോചന).....അങ്ങോട്ട്‌ ഓര്മ കിട്ടുന്നില്ല. " . സ.മു ഒന്നും പറയാതെ നിര്‍ദാക്ഷിണ്യം കട്ട്‌ ചെയ്തു.

സംഭവിച്ചു കാണാവുന്നതിനെ പറ്റി ഒരു ഏകദേശ ധാരണ കിട്ടി എങ്കിലും , വച്ച് പിടിച്ചു വീട്ടിലേക്കു.....


ആദ്യം കണ്ട കാഴ്ച തന്നെ ഹൃദയ ഭേദകമായിരുന്നു. സ.മു വിന്റെ ബെഡ് നനഞ്ഞു കുളിച്ചു പുറത്തു കിടക്കുന്നു. അയ്യോ പാവം. കുറ്റബോധം സര്‍ CP ജനകീയ പ്രസ്ഥാനക്കാരോട് ചെയ്തത് പോലെ മനസ്സിനെ ചവുട്ടി നോവിച്ചു. ആ നോവൊരു ഞെട്ടല്‍ ആയി മാറാന്‍ ഉള്ളിലെക്കൊന്നു കണ്ണ് ഓടിക്കെണ്ടാതായെ വന്നുള്ളൂ. മുറിയില്‍ യാതൊരു നാണവും ഇല്ലാതെ നനഞ്ഞു കുളിച്ചു കിടക്കുന്നു എന്റെ കിടപ്പുപകരണം അഥവാ ബെഡ്. പേടിക്കാനില്ല മുട്ടൊപ്പം വെള്ളം ഉണ്ട്. വട-യക്ഷി കണ്ടാല്‍ , പണത്തോടുള്ള അത്യാര്‍ത്തി മൂലം "സ്വിമ്മിംഗ് പൂള്‍" ആക്കിയെക്കാനും സാധ്യത ഉണ്ട്.

മുട്ടൊപ്പം വെള്ളം. അതിനു മുകളില്‍ കസേരയില്‍ കൂനി കൂടി ഇരുന്നു TV കാണുകയാണ് നമ്മുടെ "ആജാനുബാഹു " എന്ന് സ്വയം വിശേഷിപിക്കുന്ന സഹവാസി . മുട്ടന്‍ കലിപ്പ് ആണ്. ഒന്നും ഉരിയാടുന്നില്ല. എങ്ങനെ ആകാതിരിക്കും. വട-യക്ഷി പറഞ്ഞത് മുഴുവന്‍ ഒരു നാണവും ഇല്ലാതെ കേട്ട് നില്‍ക്കാനുള്ള മന കട്ടി കാണിച്ചത് അധെഹമാനല്ലോ . കൂടാതെ എന്റെയും അധെഹതിന്റെയുമായി മുറിയില്‍ രണ്ടു Bachelor's ന്റെ അടുക്കും ചിട്ടയുമായി വലിച്ചു വാരി ഇട്ടിരുന്ന സകലമാന സാധനങ്ങളും ഭാരവും സ്വഭാവ ഗുണവും അനുസരിച്ച് പൊങ്ങിയും താനും കിടക്കുന്നു. അതില്‍ സ.മു വിന്റെ ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. "ഒന്ന് ടാപ്പ്‌ അടക്കാന്‍ മറന്നതിനു ഇത്ര ശിക്ഷ വേണോ കൃഷ്ണാ" എന്ന് പറഞ്ഞു കിടക്കാന്‍ ഒരിഞ്ചു സ്ഥലം നോക്കി. നോ രക്ഷ!. ആജാനുബാഹു എന്നെ ഒരു ഇരുത്തിയ നോട്ടം നോക്കിയിട്ട് മുന്‍പില്‍ കൂടി കടന്നു പോയി. ഷെല്‍ഫില്‍ ഉള്ള കുറെ പത്ര കെട്ടുകള്‍ നിരത്തി നിലത്തു ഇട്ടു. ശരശയ്യയില്‍ ഭീഷ്മ പിതാമാഹനെന്ന പോലെ ചുരുണ്ട് കൂടി ഒറ്റ കിടപ്പ്. "അമ്പട ബുദ്ധിമാനെ " എന്ന് വിചാരിച്ചു ഓടി പോയി ഞാനും നോക്കി , ഇല്ല ഒരൊറ്റ പേപ്പര്‍ കാണാനില്ല. രണ്ടു മണി വരെ ഇരുന്നു TV കണ്ടു. ഉറക്കം സഹിക്കുന്നില്ല. അപ്പോഴാണ്‌ പല തവണയായി മനസ്സില്‍ ഉള്ള ഒരു ആഗ്രഹം പുറത്തു വന്നത്. ടെറസ്സില്‍ പോയി കിടക്കാം. അതാകുമ്പോ കാറ്റും കൊണ്ടങ്ങു ഉറങ്ങാം . "ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് " എന്ന് പറഞ്ഞത് പോലെ വച്ച് പിടിച്ചു Terrace
ലേക്ക്. ഇത് കൊള്ളാം. ഉര്‍വശി ശാപം ഉപകാരമായി . ആകാശത്തില്‍ വേറെ പണി ഒന്നും ഇല്ലാതെ മിന്നി കളിക്കുന്ന നക്ഷത്രങ്ങളോട് ഞാന്‍ വിളിച്ചു പറഞ്ഞു "ഇന്ന് ഞാന്‍ ഉറങ്ങി തകര്‍ക്കും മോനേ...."ലൈഫ് ഈസ്‌ ബൌടിഫുള്‍ ".

ഒരു പതിനഞ്ചു മിനിറ്റ് കണ്ണടച്ച് കാണണം. കാലില്‍ സുഖകരമായ ഒരു തണുപ്പ്. ആരോ നക്കി തുടക്കുകയാണ്. ഈശ്വരാ വല്ല യക്ഷിയുമാണോ. ഒരു കണ്ണടച്ച് പതിയെ താഴേക്കു നോക്കി. സമാധാനം. വട-യക്ഷിയുടെ വീട്ടു കാവല്‍ക്കാരനാണ്. ഞാന്‍ വല്ലപ്പോഴും കൊടുക്കുന്ന ചിക്കന്‍ ബിരിയാണിയിലെ എല്ലിന്‍ കശ്നങ്ങള്‍ക്കുള്ള സ്നേഹം കാണിക്കാന്‍ വന്നിരിക്കുകയാണ് ഈ പാതി രാത്രിയില്‍. ഇതിനൊന്നും ഉറക്കം ഇല്ലേ...മൈന്‍ഡ് ചെയ്യണ്ട, ഉടുത്തിരുന്ന മുണ്ട് കൂടി എടുത്തു തലയിലൂടെ ഇട്ടു ഒന്ന് കൂടി ചുരുണ്ട്. പട്ടി വിടുന്ന മട്ടില്ല. നക്കി നക്കി മുകളിലേക്ക് വരുകയാണ്. മുട്ടിനു മുകളിലെത്തിയപ്പോള്‍, ഒരു പ്രകൃതി വിരുദ്ധ നിലപാട് ഉണ്ടായേക്കാനുള്ള സാധ്യത തള്ളി കളയാതെ ചാടി എണീറ്റ്‌ മുറിയിലേക്ക് ഓടി ;കലികാലം !!!??. കതകു നന്നായി പൂട്ടിയിട്ടു മൂപ്പര്‍ കിടന്നു നല്ല ഉറക്കമാണ്.

"മുട്ടുവിന്‍ തുറക്കപെടും " എന്നാ വിശ്വാസത്തില്‍ മുട്ട് തുടങ്ങി. ജീവിതത്തില്‍ ഇതേ വരെ ഇങ്ങനെ ഭംഗി ആയി ഉറങ്ങിയിട്ടില്ലെന്ന വണ്ണം അദ്ദേഹം നല്ല ഉറക്കമാണ്. ഒരു മണിക്കൂറത്തെ ശ്രമഫലമായി കൊട്ടാരവാതില്‍ പതിയെ തുറന്നു. ടാങ്കിലെ വെള്ളം മുഴുവന്‍ എന്റെ റൂമില്‍ ഉണ്ടെങ്കിലും കുളിക്കാന്‍ ഒരു തുള്ളി വെള്ളം വീട്ടിലില്ല. സമയം നാലുമണി. അങ്ങനെ എന്റെ മൂന്നു വര്‍ഷത്തെ ശീലം കാറ്റില്‍ പരത്തി കൊണ്ട്, കിട്ടിയ കളസവും, ഒരു പേസ്റ്റ് ഉം ബ്രുഷും, മറ്റു ചില അവശ്യ സാധനങ്ങളുമായി പുലര്‍ കാലേ ഓഫീസിലേക്ക് കുതിച്ചു. അഞ്ചു മണിക്ക് എണീക്കുന്ന വട-യക്ഷിയില്‍ നിന്നും രക്ഷപെടെണ്ട ഉത്തരവാദിത്വം എന്നില്‍ മാത്രം നിക്ഷിപ്തമാനല്ലോ. !!. പാവം സുഹൃത്തിനെ വീണ്ടും വീണ്ടും ആ കരാള ഹസ്തങ്ങളിലേക്ക് വലിചെരിയെണ്ടി വന്നതിന്റെ കുറ്റബോധം ഇല്ലാതില്ല. എങ്കിലും ആ പരോപകാരി ഒരു യൂദാസിനെ പോലെ എന്നെ കാണിച്ചു കൊടുത്തിട്ടുണ്ടെന്നു അദ്ധേഹത്തിന്റെ അന്നേ ദിവസം ആകെ സംസാരിച്ച മൂന്നു വാക്യത്തില്‍ നിന്നും മനസ്സിലാക്കാം.

"നീയാണ് ടാപ്പ്‌ തുറന്നതെന്ന് പറഞ്ഞിട്ടുണ്ട്" .

"തള്ള രാവിലെ നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്" .

"ഇതേ ടാങ്കില്‍ നിന്നും വെള്ളമെടുക്കുന്ന വട-യക്ഷി അടക്കമുള്ള അഞ്ചു വീട്ടുകാരോട് സമാധാനം പറഞ്ഞിട്ടുണ്ട്".

എന്റെ അപകടാവസ്ഥയെ മുന്‍ക്കൂട്ടി മനസ്സിലാക്കി മുങ്ങുന്നതാണ് എന്റെ കര്നപുടങ്ങള്‍ക്ക് നല്ലതെന്ന തീരുമാനത്തില്‍ വളരെ വേഗം എത്തുകയാനുണ്ടായത് .Gymnasiumത്തിലെ മെമ്ബെര്ഷിപ് കാര്‍ഡ്‌ ഉള്ളത് കൊണ്ട് "ഫ്രഷ്‌ " ആവുന്ന പരിപാടി ഓസില്‍ നടക്കും . അഞ്ചു മണി ആയതേ ഉള്ളു. ചില അവാര്ഡ് സിനിമകളിലെ നായകനെ പോലെ, താടിയില്‍ കയ്യും കൊടുത്തു ഒരു മണിക്കൂര്‍ കണ്ണില്‍ എന്നാ ഒഴിച്ച് കാത്തിരുന്നു. അവസാനം ദൈവ ദൂതനെ പോലെ കയ്യില്‍ കുറെ താക്കൊലുകലുമായി അയാള്‍ വന്നു.

രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ട് റൂമില്‍ കിടക്കാം എന്നാ അവസ്ഥയായി. എട്ടു മുറികളുള്ള ,ഒരു നൂറു കൊല്ലം എങ്കിലും പഴക്കം ചെന്ന , ആ പ്രസ്ഥാനത്തില്‍ ഉള്ള എല്ലാവിധ പൊട്ടലിന്റെയും ചീറ്റലിന്റെയും കാരണം, ഞങ്ങള്‍ കുടിയേറി പാര്‍ക്കുന്ന റൂമില്‍ കെട്ടി കിടന്ന വെള്ളമാനെന്നു വട-യക്ഷി ആ പരിസരത്തുള്ള എല്ലാ മനുഷ്യരോടും പറഞ്ഞു നടന്നു. എങ്ങനെ ഒക്കെ സൌഹൃദപരമായി കാര്യങ്ങള്‍ മുന്‍പോട്ടു പോകുമ്പോഴാണ് അടുത്ത പ്രതിസന്ധി. ഒരു ട്രെയിന്‍ നാട്ടില്‍ നിന്നും എന്നെ സന്ദര്‍ശിക്കാന്‍ എത്തുന്നു. അമ്പരന്നു നോക്കണ്ട. ആള്‍ എന്റെ ഒരു സുഹൃത്താണ്. "ചെയിന്‍ സ്മോകിംഗ്" പുള്ളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാരികഴിഞ്ഞിരുന്നു. സംഭവം നിസ്സാരം. സിഗരറ്റ് കുട്ടികള്‍ എല്ലാം അദ്ദേഹം വീടിന്റെ പുറത്തുള്ള ഒരു പേപ്പര്‍ കൂടില്‍ ഭദ്രമായി നിക്ഷേപിക്കുകയുണ്ടായി. പക്ഷെ, സാമ്പത്തിക ലാഭം മുന്നില്‍ കണ്ടു വട-യക്ഷി "പറക്കും തളിക " സ്റ്റൈലില്‍ , ഒരു ചെറിയ തുള അടക്കാന്‍ വേണ്ടി വച്ചതായിരുന്നു അത്. വൈകിട്ടു എന്നെ എതിരേല്‍ക്കാന്‍ സൂര്പനഖ ഗേറ്റില്‍ തന്നെ ഉണ്ട്. കാര്യങ്ങള്‍ ഒന്നും അറിയാതെ നെഞ്ച് വിരിച്ചു ചെന്ന എന്നെ അവര്‍ വീട്ടിലേക്കു ക്ഷണിച്ചു . അവരുടെ സ്വീകരണ മുറിയില്‍ നൂറോളം സിഗരറ്റ് കുട്ടികള്‍ വീണു കിടക്കുന്നു. "വിധേയന്‍ " സിനിമ കണ്ട ഒന്നാം ക്ലാസ്സുകാരനെ പോലെ ഒന്നും മനസ്സിലാകാതെ പുറത്തേക്കു നടന്നു. ആരായിരിക്കും ഈ വൃത്തികെട് കാണിച്ചത്. കുട്ടികളുള്ള വീട്ടില്‍ പുക വലിച്ചതും പോരാഞ്ഞു നാല് വയസ്സുകാരന്റെ അത്തപ്പൂക്കലം പോലെ നിലം അലങ്കരിച്ചിരിക്കുന്നു. ആരാണെങ്കിലും അവനെയൊക്കെ ചാട്ടവാറിനു അടിക്കണം. കശ്മലന്‍ .......

മുകളില്‍ എത്തിയപ്പോള്‍ കാര്യം പിടി കിട്ടി . എന്റെ നിഷ്കളങ്കനായ സുഹൃത്ത്‌ പുറത്തെ വേസ്റ്റ് കുട്ടയിലെക്കിടുന്ന ഓരോ കുട്ടിയും പതിക്കുന്നത് വട-യക്ഷിയുടെ സ്വീകരണ മുറിയിലാണ്. !!######.

ഇപ്പോള്‍ ഞാന്‍ കുറെ വീട്ടു സാധനങ്ങളുമായി ഒരു പെട്ടി ഓട്ടോയില്‍ എന്റെ പുതിയ വീട്ടിലേക്കുള്ള യാത്രയിലാണ്. ഇടക്കുള്ള സംഭവ വികാസങ്ങള്‍ വിവരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. അത് സങ്കല്പ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ ആണ്. സ.മു സ്വന്തം സഹോദരിയോടൊപ്പം മറ്റൊരു സ്ഥലത്തേക്ക് മാറി.ഞാനും പുതിയ ഒരു ഗ്രാമത്തിലേക്ക്. പട്ടണങ്ങളിലെല്ലാം "എത്ര പണം കൊടുത്തും ഞങ്ങള്‍ വാടകക്കാരാവാം " എന്നാ മലയാളികളുടെ പൊതുവേ ഉള്ള ധാര്‍ഷ്ട്യം കാരണം അമിതമായ വാടക ആണല്ലോ ? !!!

പുതിയ റൂം, നല്ല റൂം .ഒരു കാടിന്റെ പ്രതീതി ആണ് ചുറ്റിലും.പിന്നെ പ്രകൃതി സൌന്ദര്യം ഒക്കെ ആസ്വദിച്ച് താമസികാം. ഒറ്റക്കാണ്. വണ്ടുകലോടും കൊതുകുകലോടും ചീത്ത പറഞ്ഞു ദിഗംബരനായി പള്ളി കിടക്കയില്‍ കിടന്നു ഉറങ്ങുമ്പോള്‍ ആണ് ; അബ്ദുല്‍ കലാം അങ്കിള്‍ സ്വപ്നം എന്നാ ഓമനപേരില്‍ വിളിക്കുന്ന ആളുകളെ പ്രധാന മന്ത്രിയും പിച്ചക്കാരനുമാക്കാന്‍ കഴിവുള്ള സൂത്രം പടി കടന്നു വന്നത്. എല്ലാ സാധാരണക്കാരനെയും പോലെ "അത്താഴ പട്ടിനിക്കാരുണ്ടോ? " എന്ന് മനസ്സില്‍ മാത്രം പറഞ്ഞു, വാതിലിന്റെ ഇരു കുട്ടികളും ഒരു തവണ മാത്രം ഇടുകയും, അഞ്ചു തവണ ആത്മീയമായും മാനസികമായും ഉറപ്പിക്കുകയും ചെയ്തിട്ടാണ് പോന്നത്. പോരാഞ്ഞു , എന്നോടാണോ കളി എന്ന് ചോദിച്ചു ഭൂത പ്രേത പിശാചുക്കള്‍ പോയിട്ട് ഒരു കൊതുക് പോലും കയറാത്ത മട്ടില്‍ ജനലുകള്‍ കൂട്ടി അടച്ചിട്ടും ഉണ്ട്. "ഇതൊക്കെ പേടി കൊണ്ടല്ലേ ഇഷ്ടാ " എന്ന് ചോദിച്ചു ചില പ്രതിഭാസങ്ങള്‍ ഈ നൂറ്റാണ്ടിലും മനുഷ്യന്റെ ആത്മ വിശ്വാസമെന്ന കോടാലിയുടെ മൂര്‍ച്ച കളയാന്‍ ശ്രമിക്കുമെങ്കിലും യക്ഷിയാനെങ്കിലും സ്ത്രീ അല്ലെ എന്ന് ചോദിച്ചു തടി തപ്പുകയാണ്‌ അടിയന്റെ പതിവ്.മരം കോച്ചുന്ന തണുപ്പ്. "ആരും ദിഗംബരന്മാരായി ജനിക്കുന്നില്ല, സാഹചര്യങ്ങളാണ് അവരെ ദിഗംബരന്മാരക്കുന്നത് " എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് ഒറ്റ വലി. "അങ്ങനെ ഉടുമുണ്ട് കൂടി ഒരു പുതപ്പായി രൂപാന്തരം പ്രാപിച്ചു !!!.

വെറുതെ ഒന്ന് കണ്ണ് തുറന്നപ്പോള്‍ ശരിക്കും ഞെട്ടി. ജനലിനു പുറത്തു കൂടി എന്നെ ലക്ഷ്യമാക്കി എന്തോ പറന്നു വരുന്നു. സ്വപ്നം ആണോ എന്നറിയാന്‍ ലൈറ്റ് ഇട്ടു നോക്കി. ഭാഗ്യം കറന്റ്‌ ഇല്ല. സ്വപ്നം അല്ല. സ്വപ്നത്തില്‍ കറന്റ്‌ കട്ട്‌ ഇല്ലല്ലോ ?. ഹേ തോന്നലാവും എന്ന് മനസ്സിനെ വിശ്വസിപിച്ചു കൊണ്ട് വീണ്ടും തുറിച്ചു നോക്കി. ഉറപ്പിച്ചു. എന്തോ ഒരു വലിയ വെളുത്ത സംഭവം ജനലിന്റെ അടുത്ത് വന്നു കയറാന്‍ നോക്കുകയും തിരിച്ചു പോകുകയും ചെയ്യുന്നുണ്ട്. ഭീതി, മുരളീധരനെ കണ്ട രമേശ്‌ ചെന്നിത്തലയെ പോലെ അല്ല സക്കറിയയെ കണ്ട DYFI ക്കാരെ പോലെ ഇരച്ചു കയറുകയാണ്. അപ്പോഴാണ്‌ രണ്ടു മൂന്നു വവ്വാലുകളെ പോലുള്ള ചെറിയ ജീവികളും കൂടെ കൂടിയിട്ടുണ്ടെന്ന് മനസ്സിലായത്‌. സമയം ഒന്നര. നേരം വെളുത്താല്‍ ഒന്ന് പോയി നോക്കാമായിരുന്നു. ഇപ്പൊ നോക്കാന്‍ പേടി ഉണ്ടായിട്ടല്ല. തണുപ്പടിച്ചാല്‍ അസുഖം പിടിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.
തിരിഞ്ഞും മറിഞ്ഞും കിടന്നു , ഉറങ്ങാതെ(വരാഞ്ഞിട്ടാണ്!) നേരം വെളുപിച്ചു. ഒരു ആര് മണി ആയപോഴേ അടുത്ത മുറികളില്‍ നിന്നൊക്കെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. ധൈര്യ സമേതം രണ്ടും കല്‍പ്പിച്ചു ജനല്‍ തള്ളി തുറന്നു. ശരിക്കും ഞെട്ടി.!!!!!!!!!!!!!

"അപ്പുറത്തെ ടെറസ്സില്‍ അയയില്‍ ഉണങ്ങാനിട്ട ,കാറ്റിലാടി കളിക്കുന്ന ഒരു വെള്ള സാരിയും പിന്നെ കുറെ അനുബന്ധ സാധനങ്ങളും". $%&!& !!!.


-: ശുഭം :-




5 comments:

Anonymous said...

What a Fantastic boombastic explosion. Aree wah wah wah...

ചിതല്‍/chithal said...

സത്യം പറയെടാ.. ആ അനുബന്ധ സാധനങ്ങള്‍ എങ്ങിനെ അവിടെയെത്തി?
ഞാന്‍ അന്വേഷിക്കാന്‍ വരണോ? കഴിഞ്ഞ ആഴ്ച മഞ്ജുവിന്റെ വീട്ടില്‍ ഒരു അന്വേഷണം നടത്തിയതാ

Unknown said...

Maanam kalayaruthu Chithal jeee....appurathe veettile.....!!! ayirikkum.aahh...Manjunath ne kandittu avan anveshana karyam onnum paranjillallo :-)...avan mindaaa POOCHA aaneyy..

Unknown said...

hai dear... nice one...

Pradeep said...

hi jinooopettaaa..... nannaayittundu..ethile chila anubavanal ente jeevithathilum undaayathu pole thonnunnu....ente pazhaya roominte ownerum oru VadaYakshi aayirunnu... lol :D:D

keep writing...all the best !!